‘ലക്ഷ്യം 2020-ഓടെ 500 കോടിയുടെ വിറ്റുവരവ്’; ജിഎസ് ടിബില്‍ ഗുണപരമായ മാറ്റംകൊണ്ടുവരും

‘ലക്ഷ്യം 2020-ഓടെ 500 കോടിയുടെ വിറ്റുവരവ്’; ജിഎസ് ടിബില്‍ ഗുണപരമായ മാറ്റംകൊണ്ടുവരും

ഇന്ത്യയിലും വിദേശത്തും ഇന്നര്‍വെയര്‍ രംഗത്ത് ശക്തമായ വിപണി സാന്നിധ്യം സ്വന്തമാക്കിയ വി സ്റ്റാര്‍ എന്ന ബ്രാന്‍ഡിന് പിന്നില്‍ ഷീലാ കൊച്ചൗസേപ്പ് എന്ന വനിതയുടെ നിശ്ചയദാര്‍ഢ്യവും അക്ഷീണ പരിശ്രമവുമാണ്. കഴിഞ്ഞ 21 വര്‍ഷമായി വിജയകരമായി തന്റെ സംരംഭത്തെ ഷീല കൊച്ചൗസേപ്പ് മുന്നോട്ട് നയിക്കുന്നു. വിഗാര്‍ഡ് – വണ്ടര്‍ലാ കുടുംബത്തിന്റെ മൂന്നാമത്തെ തൂണായി വി സ്റ്റാര്‍ മാറിയത് ഈ വനിതയുടെ കൈകളിലൂടെയായിരുന്നു. ഇന്ന് രാജ്യത്തും പുറത്തും ഇന്നര്‍ വിയര്‍ മേഖലയില്‍ ജനപ്രിയ ബ്രാന്‍ഡായി വി സ്റ്റാര്‍ മാറിയിരിക്കുന്നു. 2020-ഓടെ വിസ്റ്റാര്‍ 500 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും നോക്കുകൂലി പോലുള്ള സമ്പ്രദായങ്ങള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഷീല കൊച്ചൗസേപ്പ് കെ. നീതുവിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തുറന്നു പറയുന്നു.
വി സ്റ്റാറിനെക്കുറിച്ച്?

1995-ലാണ് ഞാന്‍ വി സ്റ്റാര്‍ എന്ന സംരംഭം തുടങ്ങുന്നത്. ചെറുപ്പം മുതല്‍ സ്റ്റിച്ചിംഗിലും ഡിസൈനിംഗിലുമുണ്ടായിരുന്ന താല്‍പര്യമാണ് ഇത്തരമൊരു സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്‌കൂള്‍ പഠനകാലംമുതല്‍ തന്നെ തയ്ക്കുമായിരുന്നു. ഇതേ താല്‍പര്യം മൂലമായിരുന്നു ഡിഗ്രിക്ക് വന്നപ്പോള്‍ ഹോം സയന്‍സ് എന്ന വിഷയം തെരഞ്ഞെടുത്തത്. അവിടെവച്ച് വസ്ത്രങ്ങളുടെ പാറ്റേണും മേക്കിംഗും ഒക്കെ പഠിച്ചു. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ വലുതായ ശേഷം ധാരാളം സമയം ബാക്കിവന്നു. ഈ സമയത്താണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിത്തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഇതിന്റെ ആവശ്യമെന്താണെന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഞാന്‍ അക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല. സംരംഭം തുടങ്ങിയ ശേഷം കാര്യമായ തിരിച്ചടിയൊന്നും നേരിടേണ്ടി വന്നില്ല.

ഭര്‍ത്താവും സംരംഭകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയുടെ ഭാഗത്തുനിന്നുള്ള പിന്തുണ എത്രത്തോളമായിരുന്നു?

വലിയൊരു സംരംഭക കുടുംബത്തില്‍നിന്നാണ് തുടക്കമെങ്കിലും പിന്നിട്ട വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല. പ്രതിസന്ധികളില്‍ ഭര്‍ത്താവും കുടുംബവും ഒപ്പമുണ്ടായിരുന്നുവെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ പരസ്പരം സംരംഭകരായാണ് സമീപിച്ചത്. സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍ അദ്ദേഹം പലിശ സഹിതം തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് പണം നല്‍കിയത്. അതുകൊണ്ടുണ്ട തന്നെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധയോടും മത്സരബുദ്ധിയോടെയും മുന്നോട്ടു കൊണ്ടണ്ടുപോകാന്‍ കഴിഞ്ഞു. സംരംഭം അവസാനിപ്പിക്കേണ്ടിവരുമെന്ന തരത്തിലുള്ള പല ഘട്ടങ്ങളോടും പൊരുതിത്തന്നെയാണ് ഞാന്‍ മുന്നേറിയത്.

ഇന്നര്‍വെയര്‍ മേഖലയിലേക്കുള്ള കടന്നുവരവ്?

സ്ത്രീകളുടെ ഇന്നര്‍ വെയര്‍ ഉല്‍പ്പാദകര്‍ അധികം വിപണിയിലില്ലെന്ന് ഡീലേര്‍സ് കോണ്‍ഫറന്‍സില്‍ നിന്ന് വിവരം ലഭിച്ചതോടെയാണ് ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത്. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ടേണിംഗ് പോയിന്റ് തന്നെയായിരുന്നു. വനേസ എന്ന ബ്രാന്‍ഡില്‍ പു
റത്തിറക്കിയ സ്ത്രീകളുടെ അണ്ടര്‍ ഗാര്‍മെന്റ്‌സ് വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി. ഇതിനുശേഷമാണ് മെന്‍സ് വെയര്‍ തുടങ്ങുന്നത്. പുരുഷന്‍മാര്‍ക്കായി വലേറോ എന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്നര്‍വെയറുകളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സെലക്ടീവാകുകയും ഉല്‍പ്പന്നത്തിന്റെ ഡിസൈനിനും കംഫര്‍ട്ടിനും പുറമേ അതിന്റെ വ്യാപാരനാമത്തിന്റെ രൂപകല്‍പ്പനയിലും നിലവാരത്തിലും ശ്രദ്ധിക്കുകയും ചെയ്യുന്ന കാലമാണിത്. ഒരു വ്യക്തിയുടെ ആന്തരിക സൗന്ദര്യം പോലെ തന്നെയാണ് ഇന്നര്‍വെയറുകളും. പുറമേ എന്തൊക്കെ ധരിച്ചാലും അഴകളവിനെയും ആത്മവിശ്വാസത്തെയും ഉള്ളില്‍ നിന്ന് രൂപപ്പെടുത്തുന്നതും കൃത്യമായി പ്രതിഫലിപ്പിക്കുന്നതും ഒരുപരിധി വരെ ഇന്നര്‍വെയറുകളാണ്. ശരിയായ ഫിറ്റിങ്ങും സുഖകരമായ തുണിത്തരവും നല്‍കുന്ന ആത്മവിശ്വാസം ഒരാളുടെ ശരീരഭംഗിയില്‍ മാത്രമല്ല, പെരുമാറ്റത്തിലും പ്രകടമാവും. തങ്ങളുടെ മാന്യമായ വ്യക്തിത്വത്തിന് ചേരുന്ന നിലവാരവും മികവും ഇന്നര്‍വെയറുകളുടെ കാര്യത്തിലും വേണമെന്നു ചിന്തിക്കുന്നവര്‍ക്ക് വി സ്റ്റാര്‍ ഉല്‍പ്പന്നങ്ങള്‍ നല്ല ചോയ്‌സാണ്. എന്നെ സംബന്ധിച്ചും പുതിയ മേഖല കൂടുതല്‍ എളുപ്പമുള്ളതായിരുന്നു. ചുരിദാര്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും സ്‌ട്രെയിന്‍ ഇതിലുണ്ടായിരുന്നില്ല. മാത്രമല്ല നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച് ലാഭവും വര്‍ധിച്ചു.

വനിതയെന്ന നിലയില്‍ അണ്ടണ്ടര്‍ഗാര്‍മെന്റുകള്‍ വിപണിയിലെത്തിച്ചപ്പോള്‍ വെല്ലുവിളികളും വിമര്‍ശനങ്ങളും ഉണ്ടായോ ?

ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. അതിനു പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. ഉല്‍പ്പന്നങ്ങളുടെ നിലവാരം മുതല്‍ പരസ്യങ്ങളുടെ നിലവാരം വരെ ശ്രദ്ധിക്കണം. വി സ്റ്റാര്‍ വരുന്നതിനു മുന്‍പ് ഇവിടെയുള്ള ഇന്നര്‍വെയറുകളുടെ പരസ്യങ്ങളെല്ലാം വളരെ സബ്സ്റ്റാന്‍ഡേര്‍ഡ് ആയവയായിരുന്നു. വള്‍ഗാരിറ്റിയില്ലാതെ മികച്ച രീതിയില്‍ അണ്ടര്‍ഗാര്‍മെന്റ്‌സിന്റെ പരസ്യങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റിനു പരിചയപ്പെടുത്തിയത് വി സ്റ്റാറാണ്. ആദ്യകാലത്ത് ഇത് സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പലരും നെറ്റി ചുളിച്ചിട്ടുമുണ്ട്. പക്ഷേ എനിക്ക് അത് ചെയ്യാതെ കഴിയില്ലായിരുന്നു. കാരണം എന്റെ പ്രൊഡക്ട് ഇതാണ്. അതെനിക്ക് വിപണിക്ക് പരിചയപ്പെടുത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഞാന്‍ അത് ചെയ്തു. ഈ പരസ്യങ്ങള്‍ കണ്ട് ആളുകള്‍ ചീത്തയാകുമെന്ന കാഴ്ചപ്പാട് എനിക്കില്ല.

വനേസയും വലേറോയും ഒഴിവാക്കി വി സ്റ്റാര്‍ എന്ന ഒറ്റ പേരില്‍ റീബ്രാന്‍ഡ് ചെയ്തത് ചര്‍ച്ചയായിരുന്നല്ലോ. റീബ്രാന്‍ഡിംഗ് വളര്‍ച്ചയില്‍ എങ്ങനെ പ്രതിഫലിച്ചു ?

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം പ്രത്യേകമുള്ള ഉല്‍പ്പന്നങ്ങളായാണ് വനേസയും വലേറോയും വിപണിയിലെത്തിച്ചത്. എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലറ്റ് തുടങ്ങാന്‍ മുതിര്‍ന്നപ്പോള്‍ ഇതിന് എന്തു പേര് നല്‍കുമെന്ന ചോദ്യമുണ്ടായി. അങ്ങനെയാണ് വി സ്റ്റാര്‍ എന്ന പേരില്‍ എല്ലാത്തിനെയും ഏകോപിപ്പിച്ച് റീ ബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുന്നത്. തുടക്കത്തില്‍ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഒരു കടയില്‍ മൂന്ന് പേരിലുള്ള ഉല്‍പ്പന്നങ്ങളെന്നത് മാറ്റാന്‍ ഞാന്‍ ഉറച്ച തീരുമാനമെടുത്തു. ഇത് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാവുകയും ചെയ്തു. അതിനു ശേഷമാണ് സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഒരു എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലറ്റ് തുടങ്ങുന്നത്. ഇത് മുന്‍പുതന്നെ തുടങ്ങാന്‍ തീരുമാനമുണ്ടായെങ്കിലും എല്ലാ ഭാഗത്തു നിന്നും നഷ്ടമുണ്ടാകുമെന്നു പറഞ്ഞ് എതിര്‍പ്പുകളുണ്ടായി. എന്നാല്‍ ഇത്തവണ ഞാന്‍ അതൊന്നും പരിഗണിച്ചില്ല. നഷ്ടം ഉണ്ടാവുന്നെങ്കില്‍ അതുണ്ടാകട്ടെയെന്നും അത് അനുഭവിച്ചറിയാനും തീരുമാനിച്ചു. എന്നാല്‍ ഈ തുടക്കം വലിയ ഹിറ്റായി. പിന്നീട് ആളുകള്‍ ഇങ്ങോട്ട് തേടിയെത്താന്‍ തുടങ്ങി. തുടര്‍ന്ന് എറണാകുളത്ത് മറ്റൊരു ഔട്ട്‌ലെറ്റ് കൂടി തുടങ്ങി. കണ്ണൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, കൊല്ലം ഇരിങ്ങാലക്കുട, കോയമ്പത്തൂര്‍, തൃശൂര്‍ ശോഭ സിറ്റി മാള്‍ എന്നിവിടങ്ങളിലെല്ലാം ഔട്ട്‌ലെറ്റ് തുറന്നു. രണ്ട് കണ്‍സപ്റ്റാണുള്ളത്. ഒന്ന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് എന്നതും, രണ്ടാമത്തേത്ത് കണ്‍സപ്റ്റ് സ്റ്റോറുകളും. ഇന്ന് ആറ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ വി സ്റ്റാറിനുണ്ട്. കേരളത്തിലെ എല്ലാ കടകളിലും വി സ്റ്റാര്‍ ബ്രാന്‍ഡ് ലഭ്യമാണ്. കേരളത്തിനു പുറത്ത് കര്‍ണാടക, ആന്ധ്ര , തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഞങ്ങള്‍ക്കു സാന്നിധ്യമുണ്ട്.

കേരളത്തില്‍ വനിതാ സംരംഭകര്‍ കുറവാണല്ലോ. ഈ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു?

വനിതാ സംരംഭകര്‍ എന്നല്ല. കേരളത്തില്‍ സംരംഭകര്‍ തന്നെ വളരെക്കുറവാണ്. എന്റെ സാഹചര്യത്തിലുള്ള മറ്റൊരു സ്ത്രീയും ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കണമെന്നില്ല. ഭര്‍ത്താവ് വരുമാനമുണ്ടാക്കുന്നു. ഭാര്യ വീട്ടിലിരിക്കുന്നു എന്നതാണ് ഇവിടെ പൊതുവേയുള്ള കണ്‍സ
പ്റ്റ്. പക്ഷേ എനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമായിരുന്നു. അതിനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറായിരുന്നു.

വനിതയെന്ന നിലയില്‍ ബിസിനസ് രംഗത്തേക്ക് വന്നപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍?

ബിസിനസ് മേഖല എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. മത്സരങ്ങളും പ്രതിസന്ധികളും ഇവിടെ സ്വാഭാവികം മാത്രം. ഇതിനെയെല്ലാം എങ്ങനെ നേരിടുന്നുവെന്നതിനെ അപേക്ഷിച്ചാണ് ബിസിനസിന്റെ വിജയം. ഈ മേഖലയില്‍ നല്ല കിടമത്സരങ്ങളുണ്ട്. ആരോഗ്യകരമായ കോമ്പറ്റീഷന്‍ എപ്പോഴും നല്ലതാണ്. ആരെങ്കിലും മത്സരിക്കാനുണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടാകൂ.

കമ്പനിയുടെ ടേണോവര്‍ എത്രയാണ് ? വരും വര്‍ഷങ്ങളില്‍ എത്രത്തോളം ലാഭം പ്രതീക്ഷിക്കുന്നു?

2020 ആകുമ്പോള്‍ വിസ്റ്റാര്‍ അഞ്ഞൂറു കോടിയുടെ ടേണോവര്‍ നേടുമെന്നാണ് പ്രതീക്ഷ. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഞങ്ങള്‍. കഴിഞ്ഞ വര്‍ഷം 84 കോടിയായിരുന്നു ടേണോവര്‍. ഈ വര്‍ഷം അത് 100 കോടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 230 ജീവനക്കാര്‍ നേരിട്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. പരോക്ഷമായി 1200 ജീവനക്കാരും വി സ്റ്റാറിനെ ആശ്രയിക്കുന്നു. മികച്ച ഉല്‍പ്പന്നങ്ങളും മിതമായ വിലയും ശരിയായ മാര്‍ക്കറ്റിംഗും വഴിയാണ് ഏറെ മത്സരമുള്ള ഈ മേഖലയില്‍ വി സ്റ്റാര്‍ സ്വന്തമായൊരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്തത്.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിക്കഴിഞ്ഞു. സംരംഭക സൗഹൃദ അന്തരീക്ഷമാണ് സര്‍ക്കാരിനുള്ളതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍?

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് നോക്കുകൂലി പോലുള്ള സമ്പ്രദായങ്ങള്‍ എടുത്തുകളയുകയെന്നതാണ്. ഇതിനെ ശുദ്ധ തെമ്മാടിത്തരമെന്നും ഗുണ്ടായിസമെന്നും മാത്രമേ വിശേഷിപ്പിക്കാനാകൂ. ഒരു വനിത ബിസിനസ് ചെയ്യുന്നിടത്തുവന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പൊതുവേ സംരംഭകത്വത്തെ നിരുത്സാഹപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. അടിസ്ഥാന സൗകര്യ വികസനത്തിലും മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിലും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഇത്രത്തോളം മാലിന്യവും തെരുവ് നായ്ക്കളും നിറഞ്ഞ ഒരിടത്തേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകളെ വിളിച്ചുകൊണ്ടുവരാന്‍ പോലും നമുക്ക് മടി തോന്നും. മനുഷ്യന് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ ബിസിനസ് സംരംഭങ്ങള്‍ക്ക് വളരാനാവും. ഏത് സര്‍ക്കാരായാലും ഇത്തരം കാര്യങ്ങളിലാണ് മുന്തിയ പരിഗണന നല്‍കേണ്ടത്.

തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സജീവ സാന്നിധ്യമാണല്ലോ?

മനുഷ്യ ജീവന് പോലും ആപത്തുണ്ടാക്കുന്ന വിഷയം എത്രത്തോളം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് അമ്പരപ്പിക്കുന്നത്. നായ്ക്കളോടുള്ള സ്‌നേഹം കൊണ്ടല്ല പലപ്പോഴും മൃഗ സ്‌നേഹികളെന്നു സ്വയം അവരോധിക്കുന്നവര്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേ രംഗത്തു വരുന്നത്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം നായ്ക്കള്‍ റോഡില്‍ ഉണ്ടാവുകയും അവ ആളുകളെ കടിക്കുകയും വേണം. ഇങ്ങനെ ചിന്തിക്കുന്നതിനു പിന്നിലുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. ഇന്ത്യയില്‍ 20000 പേരാണ് ഒരു വര്‍ഷം റാബിസ് ബാധിച്ച് മരിക്കുന്നത്. റാബിസ് ബാധിച്ചുള്ള മരണമെന്നത് ക്രൂരമായതാണ്. ഞങ്ങളാരും നായ്ക്കളെ ഇഷ്ടമല്ലാത്തവരോ, ജീവികളോട് സ്‌നേഹമില്ലാത്തവരോ അല്ല. മനുഷ്യ ജീവന് പോലും ആപത്തുണ്ടാക്കുന്ന തരത്തിലാവുമ്പോള്‍ അവയെ നിയന്ത്രിച്ചേ മതിയാവൂ. ഒന്നുകില്‍ കെട്ടിയിടണം. അല്ലെങ്കില്‍ കൊല്ലണം. അല്ലാതെ യാതൊരു വിട്ടുവീഴ്ചയുമില്ല. ഈ വിഷയത്തില്‍ ഞങ്ങള്‍ യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇ-കൊമേഴ്‌സ് മേഖലയ്ക്ക് പ്രാധാന്യമുള്ള കാലത്ത് ഈ രംഗത്തേക്ക് വി സ്റ്റാര്‍ ചുവടുവച്ചിട്ടുണ്ടോ?

ചെറിയതോതില്‍ ഈ രംഗത്തും ഞങ്ങള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇ- ബേ, ആമസോണ്‍, പേടിഎം തുടങ്ങിയവയിലെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

വാണിജ്യ രംഗത്തെ ചൂടേറിയ ചര്‍ച്ചയായ ജിഎസ്ടിയുടെ വരവിനെ സംരംഭകയെന്ന നിലയില്‍ എങ്ങനെ കാണുന്നു ?

തീര്‍ച്ചയായും ഞങ്ങള്‍ ജിഎസ്ടിയെ സ്വാഗതം ചെയ്യുന്നു. ചരക്ക് സേവന മേഖലയില്‍ രാജ്യത്താകമാനം ഏകീകൃത നിയമം കൊണ്ടുവരുന്നത് രാജ്യമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് ഗുണം ചെയ്യും. സംസ്ഥാന സര്‍കകാരുകള്‍ക്കും ഇത് പ്രയോജനകരമായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ബിസിനസ് രംഗത്തടക്കം ബില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടു വരും.

ഭാവി പദ്ധതികള്‍? വി സ്റ്റാറിന്റെ വിപുലീകണത്തെക്കുറിച്ച്?

2020 ആവുമ്പോഴേക്കും 500 കോടി വരുമാനത്തിലേക്ക് എത്തുകയെന്നതു തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. വിപണിയിലെ വി സ്റ്റാര്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച ഇതേ രീതിയിലാണെങ്കില്‍ ഉറപ്പായും ലക്ഷ്യം നേടാനാവും. തമിഴ്‌നാട്, ആന്ധ്ര , കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ വി സ്റ്റാര്‍ ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. വന്‍ വിപണി സാധ്യതയും മികച്ച രീതിയിലുള്ള സ്വീകാര്യതയും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ളതിനാല്‍ ഇതു സാധ്യമാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഞങ്ങള്‍ക്ക് ഇല്ലാത്ത  2 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഗാര്‍മെന്റ്‌സ് കൂടി തുടങ്ങാനും ആലോചിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യുഎ ഇ, ബഹറിന്‍, മസ്‌കറ്റ് എന്നിവിടങ്ങളില്‍ വി സ്റ്റാര്‍ ഉത്പന്നങ്ങള്‍ക്ക് ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. 20 ശതമാനം കയറ്റുമതിയാണ് വി സ്റ്റാറിനുള്ളത്.

Comments

comments

Categories: FK Special, Slider