ആഗോള ശ്രദ്ധ നേടി മലയാളി സ്റ്റാര്‍ട്ടപ്പ്

ആഗോള ശ്രദ്ധ നേടി മലയാളി സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: ഗ്ലോബല്‍ സോഷ്യല്‍ ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ടുമാറോ എന്ന ഇന്ത്യന്‍ ഗ്ലോബല്‍ സമ്മിറ്റില്‍ കേരളത്തിലെ അവന്റ് ഗ്രേഡ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് അഭിനന്ദനം. മലയാളികളായ അരുണ്‍ ജോര്‍ജും സഹോദരന്‍ അനൂപ് ജോര്‍ജുമാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍. ഇന്ത്യന്‍ ഗ്ലോബല്‍ സമ്മിറ്റിന്റെ ഉദ്ഘാടനവേളയില്‍ അരുണ്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജ വിതരണ മേഖലയില്‍ മിതമായ നിരക്കില്‍ ഗാര്‍ഹിക വാണിജ്യ വിപണിയില്‍ ഊര്‍ജം ലഭ്യമാക്കിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലാണ് അവന്റ് ശ്രദ്ധനേടിയത്. ഇവര്‍ വികസിപ്പിച്ച 50,000 രൂപ വിലവരുന്ന വിന്റ് ടര്‍ബൈന്‍ ഉപയോഗിച്ച് ദിവസേന മൂന്നു കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. തങ്ങളുടെ വിന്റ് പവര്‍ ജനറേറ്റര്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവിലുള്ള എല്ലാ വീടുകളും വൈദ്യുതീകരിക്കുകയെന്നതാണ് അവന്റിന്റെ ലക്ഷ്യം.

ഇന്ത്യയുടെ ബിസിനസ് പ്രവണതകള്‍, വിജ്ഞാനസമ്പത്ത്, സംസ്‌കാരം എന്നിവ ലോകത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരുന്നു സമ്മിറ്റ് പ്രദാനം ചെയ്തത്. ഇന്ത്യയിലെയും കൊറിയയിലെയും സംരംഭകര്‍, ബിസിനസ് നേതാക്കള്‍, സാംസ്‌കാരിക നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 150 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമ്മിറ്റിന്റെ ഭാഗമായി. ഈ മാസം 26 ന് ആരംഭിച്ച സമ്മിറ്റ് 28ന് സമാപിച്ചു. അരുണ്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഷിബ്പൂരില്‍ ടെഡ്എക്‌സ് ചര്‍ച്ചയില്‍ പങ്കെടുക്കുകയും സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം എന്ന വിഷയത്തില്‍ ഇന്റെറാക്ടീവ് ലെക്ച്ചര്‍ അവതരിപ്പിക്കുകയും ചെയ്യും.
തിരുവനന്തപുരം വെട്ടുകാട് പള്ളിക്ക് സമീപമായി സ്ഥാപിച്ചിരിക്കുന്ന കാറ്റാടി യന്ത്രത്തില്‍ നിന്നും വൈദ്യുതോര്‍ജം ഉല്‍പ്പാദിപ്പിച്ച് എല്ലാ വീടുകളിലും പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗം പ്രോല്‍സാഹിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അരുണിന്റെ സ്റ്റാര്‍ട്ടപ്പ്. നവംബര്‍ 1 കേരള പിറവി ദിനത്തിലാണ് വിന്‍ഡ് എനര്‍ജി ടര്‍ബന്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.

Comments

comments

Categories: Branding, Slider