മത്സരക്ഷമമാകുന്ന ഇന്ത്യ

മത്സരക്ഷമമാകുന്ന ഇന്ത്യ

ആഗോള മത്സരക്ഷമത സൂചിക, അഥവാ ഗ്ലോബല്‍ കോംപെറ്റെറ്റിവ് ഇന്‍ഡെക്‌സ്-ലോക രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായി വിലയിരുത്തപ്പെടുന്ന ഒന്നാണിത്. വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിക്കുന്ന ഈ പട്ടികയിലെ ഓരോ രാജ്യത്തിന്റെയും സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസം സൂചിക പുറത്തുവന്നപ്പോള്‍ ഇന്ത്യക്ക് സന്തോഷിക്കാന്‍ ഏറെ വകയുണ്ടായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടികയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഇപ്പോള്‍ ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ 16 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മെച്ചപ്പെടുത്തി 39ാമത് എത്തിയിരിക്കുകയാണ് ഇന്ത്യ. ആകെ ജിസിഐ സൂചികയിലുള്ളത് 138 രാജ്യങ്ങളാണ്.

അടിസ്ഥാന സൗകര്യം, ബിസിനസ് ആധുനികവല്‍ക്കരണം, ഇന്നൊവേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം വിലയിരുത്തുന്നത്. ധനകാര്യ, സാമ്പത്തിക നയങ്ങള്‍ മെച്ചപ്പെടുത്തിയതും കുറഞ്ഞ എണ്ണവിലയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയാര്‍ന്ന പ്രകടനവുമെല്ലാമാണ് കോംപെറ്റെറ്റീവ്‌നെസ് ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. എന്തെല്ലാം പ്രശ്‌നങ്ങള്‍ സമ്പദ് വ്യവസ്ഥയിലുണ്ടെങ്കിലും രാജ്യം സഞ്ചരിക്കുന്ന ദിശ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വിലയിരുത്തല്‍.
അതേസമയം, ഇന്ത്യ പൊതുമേഖലയിലാണ് കൂടുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും സാമ്പത്തിക ഫോറം വിലയിരുത്തുന്നു. വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലും അന്താരാഷ്ട്ര വ്യാപാരത്തിലും സാമ്പത്തിക ചട്ടക്കൂടില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിലും ഇനിയും നിരവധി പുരോഗമനപരമായ നടപടികള്‍ രാജ്യം കൈക്കൊള്ളേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ഗൗരവത്തിലെടുത്ത് നയങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകണം.

Comments

comments

Categories: Editorial