10 ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കും: ഇലോണ്‍ മസ്‌ക്

10 ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കും: ഇലോണ്‍ മസ്‌ക്

കാലിഫോര്‍ണിയ: ലോകത്തെ മുന്‍നിര ടെക് വ്യവസായിയും ബഹിരാകാശ വിക്ഷേപണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉടമയുമായ ഇലോണ്‍ മസ്‌ക് ചൊവ്വയിലേക്ക് 10 ലക്ഷം പേരേ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. മെക്‌സിക്കോയിലെ ഗ്വാഡലജാരയില്‍ നടന്ന 67-ാമത് അന്താരാഷ്ട്ര ബഹിരാകാശയാത്ര കോണ്‍ഗ്രസിലാണ് മസ്‌ക് തന്റെ സ്വപ്നം വെളിപ്പെടുത്തിയത്. 2022 ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.

ജനങ്ങളെ ചൊവ്വയിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും അവിടെ സ്വയംപര്യാപ്തമായ നഗരസംവിധാനം ഒരുക്കുന്നതിനെ കുറിച്ചും തന്റെ സ്ഥാപനം ഗൗരവപൂര്‍വം ചിന്തിക്കുന്നതായി മസ്‌ക് പറഞ്ഞു. പരിപാടിയില്‍ മസ്‌ക് ഗ്രഹാന്തര യാത്രാ സംവിധാനം വിശദമാക്കുന്ന അനിമേറ്റഡ് വീഡിയോയും അവതരിപ്പിച്ചു. വീഡിയോ കേവലം വിനോദത്തിനല്ലെന്നും ഇത്തരത്തിലുള്ള യാത്രാ സംവിധാനമൊരുക്കാനാണ് തങ്ങള്‍ തയാറെടുക്കുന്നതെന്നും മസ്‌ക് പറഞ്ഞു.

മനുഷ്യന്റെ സ്ഥിര ആവാസ കേന്ദ്രമെന്ന രീതിയില്‍ ചന്ദ്രനെ ആശ്രയിക്കുന്നതില്‍ അര്‍ഥമില്ലെന്നതിനാലാണ് ചൊവ്വയിലേക്കുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്ക് പോകുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും ചൊവ്വയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചന്ദ്രനിലെ അന്തരീക്ഷം ജീവയോഗ്യമല്ലെന്നും വിഭവശേഷി കുറവാണെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ചന്ദ്രനിലെ ഒരു ദിവസമെന്നത് 28 ഭൗമദിനങ്ങളാണെന്നതും മസ്‌കിന് ഇഷ്ടമല്ലാത്ത കാര്യമാണെന്നാണ് സൂചന. എന്നാല്‍ ചൊവ്വായാത്ര പ്രാവര്‍ത്തികമാക്കാന്‍ ആവശ്യത്തിനുള്ള പണം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും മസ്‌ക് ഓര്‍മിപ്പിച്ചു. 10 ബില്യണ്‍ ഡോളറാണ് ചൊവ്വായാത്രയ്ക്കായി ഓരോ വ്യക്തിയും ചെലവഴിക്കേണ്ടി വരിക. ചെലവു ചുരുക്കുന്നതിനായി നാലു മാര്‍ഗങ്ങളാണ് മസ്‌ക് നിര്‍ദേശിച്ചിട്ടുള്ളത്. ചൊവ്വായാത്രയ്ക്കായുള്ള വാഹനങ്ങളുടെ പുനരുപയോഗക്ഷമത, ഒറ്റത്തവണയില്‍ നിരവധി പേരെ കയറ്റി അയക്കുന്നതിനുള്ള ശേഷി, ചൊവ്വയില്‍ വെച്ചുള്ള പ്രൊപ്പല്ലെന്റ് ഉല്‍പ്പാദനം എന്നിവയാണ് ചെലവ് മറികടക്കാനുള്ള മാര്‍ഗങ്ങളായി മസ്‌ക് നിര്‍ദേശിക്കുന്നത്. ഇതിലൂടെ ഒരു വ്യക്തിക്ക് ചൊവ്വ യാത്രയ്ക്കായി 100,000 ഡോളര്‍ ചെലവഴിച്ചാല്‍ മതിയാകുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. 200,000, ഡോളറിന് ചൊവ്വയില്‍ സ്വന്തമായി പാര്‍പ്പിടം ലഭിക്കുന്നതിനും പദ്ധതി തയാറാക്കാവുന്നതാണെന്നും മസ്‌ക് അവകാശപ്പെട്ടു.

Comments

comments

Categories: Slider, Top Stories