കുതിക്കുന്ന സംസ്ഥാനങ്ങള്‍

കുതിക്കുന്ന സംസ്ഥാനങ്ങള്‍

മുന്‍ സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനത്തിലേറെ, 7.4, വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സൗഹൃദ നയങ്ങളുടെ ഫലമാണ് ഇതെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ സംസ്ഥാനങ്ങളും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിപ്പുണ്ടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളാണ് വലിയ പങ്കുവഹിച്ചതെന്നാണ് സിഎജി വിലയിരുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ചെലവിടല്‍ വര്‍ധിച്ചതിലൂടെയാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായതെന്ന് സിഎജി വ്യക്തമാക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ റോഡ്, തുറമുഖം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നടത്തിയിട്ടുള്ള ചെലവിടലില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടലില്‍ ആകട്ടെ ഇക്കാലയളവില്‍ 33.7 ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞമാസം മുതല്‍ നിലവില്‍ വന്ന കേന്ദ്ര ജീവനക്കാരുടെ ശമ്പള വര്‍ധനയാണ് ചെലവിടലിലുണ്ടായ ഇടിവിനു പ്രധാനകാരണം.
സംസ്ഥാനങ്ങളുടെ വളര്‍ച്ചയെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒപ്പം കേന്ദ്രം നേരിട്ട് നടത്തുന്ന നടപടികളുടെ വേഗത വര്‍ധിപ്പിക്കുകയും വികസന പദ്ധതികള്‍ക്കായുള്ള ചെലവിടല്‍ കൂട്ടുകയും വേണം.

Comments

comments

Categories: Editorial