ബയോമാസില്‍ നിന്ന് പഞ്ചാബിന് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും: അനിരുദ്ധ് തിവാരി

ബയോമാസില്‍ നിന്ന് പഞ്ചാബിന് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും: അനിരുദ്ധ് തിവാരി

ന്യൂഡെല്‍ഹി: ബയോമാസ് (ജൈവ ഇന്ധനം) ഉപയോഗിച്ച് പഞ്ചാബിന് 2,000 മെഗാവാട്ട് (2 ജിഗാവാട്ട്) വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് സംസ്ഥാന ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ്, റിനീവബിള്‍ എനര്‍ജി പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിരുദ്ധ് തിവാരി. ബയോമാസ് വഴിയുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്തിലാണ് പഞ്ചാബ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വ്യവസായ സമ്മേളനത്തില്‍ സംസാരിക്കവെ തിവാരി വ്യക്തമാക്കി.

പഞ്ചാബ് അടുത്തിടെ 150 മെഗാവാട്ടിന്റെ പദ്ധതികള്‍ ബയോമാസില്‍ വികസിപ്പിച്ചു. എന്നാല്‍ ഏകദേശം 2000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാവശ്യമായ ബയോമാസ് സംസ്ഥാനത്ത് ലഭ്യമാണ്.
നിലവില്‍ മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ് എന്നിവയാണ് ബയോമാസ് ഉപയോഗിച്ച് ഊര്‍ജ്ജ, അനുബന്ധ പദ്ധതികള്‍ സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ബയോമാസ് അടിസ്ഥാനമാക്കി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ താല്‍പര്യമുള്ളവരുമായി സംവദിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം പഞ്ചാബ് സര്‍ക്കാര്‍ വാങ്ങും- തിവാരി ഉറപ്പുകൊടുത്തു.
ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ചെറിയ ജലവൈദ്യുത പദ്ധതികളില്‍ ശ്രദ്ധിക്കുന്നതു പോലെ ബയോമാസില്‍ പഞ്ചാബും ഹരിയാനയും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംയുക്ത പദ്ധതികളാണ് വേണ്ടതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy