ഉറി ആക്രമണം: ഇന്ത്യയുടെ തെളിവ് പാകിസ്ഥാന്‍ നിരാകരിച്ചു

ഉറി ആക്രമണം: ഇന്ത്യയുടെ തെളിവ് പാകിസ്ഥാന്‍ നിരാകരിച്ചു

ന്യൂഡല്‍ഹി: ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ പാകിസ്ഥാന്‍ നിരാകരിച്ചു. ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറാണു പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന് തെളിവ് കൈമാറിയത്. എന്നാല്‍ തെളിവ് നിരാകരിച്ച ബാസിത് അന്താരാഷ്ട്ര ഏജന്‍സിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഉറി ആക്രമണം നടത്തിയ തീവ്രവാദികളിലൊരാള്‍ മുസഫറാബാദ് സ്വദേശി ഹഫീസ് അഹ്മദാണെന്നു ഇന്ത്യ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരവും ഇന്ത്യ കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നാല് തീവ്രവാദികളാണ് ഉറി ആക്രമിക്കാന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയത്. ഇവരെ സഹായിച്ച രണ്ട് പേരെ ഗ്രാമവാസികള്‍ പിടികൂടിയിരുന്നു. രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. മുസഫറാബാദ് സ്വദേശികളായ ഫൈസല്‍ ഹുസൈനും, യാസിന്‍ ഖുര്‍ഷിദുമാണു പിടിയിലുള്ളത്. നാല് പേരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് തങ്ങളാണെന്ന് ഇവര്‍ രണ്ട് പേരും സമ്മതിച്ചിട്ടുണ്ടെന്ന് പാക് ഹൈക്കമ്മീഷണറോട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനകളെ നിരാകരിക്കുന്ന നാല് വാദങ്ങളാണ് പാക് ഹൈക്കമ്മീഷണര്‍ നിരത്തിയിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരേ ഇന്ത്യ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഉറി ആക്രമണം. യഥാര്‍ഥത്തില്‍ ഉറി ആക്രമണം ആസൂത്രണം ചെയ്തത് ഇന്ത്യയാണെന്നും ഇതിലൂടെ പാകിസ്ഥാനെ മോശപ്പെടുത്തി നേട്ടം കൊയ്തത് ഇന്ത്യയാണെന്നും പാക് നയതന്ത്ര പ്രതിനിധി ആരോപിച്ചു. പാക് പങ്ക് തെളിയിക്കുന്നെന്ന് കാണിച്ച് ഇന്ത്യ സമര്‍പ്പിച്ച തെളിവ് യഥാര്‍ഥത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതല്ലെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു.

Comments

comments

Categories: Slider, World