ഗ്രീന്‍ കാര്‍പ്പെറ്റുമായി സംസ്ഥാന ടൂറിസം വകുപ്പ്

ഗ്രീന്‍ കാര്‍പ്പെറ്റുമായി സംസ്ഥാന ടൂറിസം വകുപ്പ്

കൊച്ചി: ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ടൂറിസം കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്കായി ഒരുക്കുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഈ സംരംഭം ഒരു മാസത്തിനുള്ളില്‍ സുസജ്ജമാവും. ഗ്രീന്‍ കാര്‍പ്പെറ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി, എറണാകുളം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്കും വലിയ ഉണര്‍വ് നല്‍കും.

ജില്ലയില്‍ പത്ത് ടൂറിസം കേന്ദ്രങ്ങളാണ് ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഇടംപിടിച്ചത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ചെറായി, മുനമ്പം, കുഴിപ്പിള്ളി ബീച്ച്, മറൈന്‍ ഡ്രൈവ്, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, ഏഴാറ്റുമുഖം, മുസിരിസ്, മലയാറ്റൂര്‍ മണപ്പാട്ടുചിറ എന്നീ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഉടന്‍ രൂപരേഖയാകും. അതാതു പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റു വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി സമഗ്രജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് ഗ്രീന്‍ കാര്‍പ്പെറ്റ് സംഘടിപ്പിക്കുന്നത്. അതത് ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയുടെ ജില്ലാതലയോഗം എ.ഡി.എം സി.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നിരുന്നു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തോമസ് കോര, ഡിടിപിസി ജനറല്‍ മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടിയന്തിര പ്രാധാന്യത്തോടെ ഒക്‌ടോബര്‍ 31നകം ഗ്രീന്‍ കാര്‍പ്പെറ്റ് നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി കൂടിയായ എഡിഎം സി കെ പ്രകാശ് അറിയിച്ചു.

Comments

comments

Categories: Branding