ഗൂഗിള്‍ പുതിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിച്ചു

ഗൂഗിള്‍ പുതിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ലോകത്തെ മുന്‍നിര ടെക് കമ്പനിയായ ഗൂഗിള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് മിക്ക ഉല്‍പ്പന്നങ്ങളും. ഗൂഗിള്‍ സ്റ്റേഷന്‍ എന്ന വൈഫൈ പ്ലാറ്റ്‌ഫോം, യൂട്യൂബ് ഗോ എന്ന വീഡിയോ ആപ്ലിക്കേഷന്‍, ക്രോമിന്റെ ഓഫ്‌ലൈന്‍ ശ്രേണി, 2ജി നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പ്ലേ മുതലായ ഉല്‍പ്പന്നങ്ങളാണ് കമ്പനി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയെ സാങ്കേതിക വിദ്യയുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും ലോകനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബീല്‍ ഡെവലപ്പര്‍മാരെ വാര്‍ത്തെടുക്കുന്നതിനുമാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഗൂഗിളിന്റെ ഇന്ത്യയിലേയും ദക്ഷിണ പൂര്‍വേഷ്യയിലേയും ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ പറഞ്ഞു.

കമ്പനിയുടെ നിക്ഷേപക ഘടകമായ ഗൂഗിള്‍ കാപ്പിറ്റല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കടന്നിട്ടുണ്ട്. ലോഞ്ച് പാഡ് എന്ന ആദ്യ പദ്ധതിയിലൂടെ സ്റ്റാര്‍്ട്ടപ്പുകള്‍ക്ക് കുറച്ച് ആഴ്ചകളോളം പരിശീലനം നല്‍കുന്നതാണ്. ലോഞ്ച് പാഡ് ആക്‌സിലേറ്റര്‍ എന്ന രണ്ടാമത്തെ പദ്ധതിയിലൂടെ മൂന്നു മാസം വരെ നീണ്ടു നില്‍ക്കുന്ന പരിശീലനവും ഗൂഗിള്‍ ഒരുക്കും. ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമുള്ളത് ഇന്ത്യയിലാണെന്നും ഗൂഗിള്‍ കാപ്പിറ്റലിലൂടെ ഈ മേഖലയില്‍ നിക്ഷേപം നടത്തുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും രാജന്‍ ആനന്ദന്‍ വിശദീകരിച്ചു.

റെയ്ല്‍ ടെല്ലും ഇന്ത്യന്‍ റെയ്ല്‍വേയുമായി യോജിച്ച് സ്‌റ്റേഷനുകളില്‍ വൈഫൈ അവതരിപ്പിച്ചതിനു പുറകെയാണ് ഗൂഗിള്‍ സ്റ്റേഷന്‍ എത്തുന്നത്. വൈഫൈ കണക്ഷനു വേഗം കുറഞ്ഞ സ്ഥലങ്ങളില്‍ ഇതു വര്‍ധിപ്പിക്കുന്നതിനുള്ള സൗകര്യം ഗൂഗിള്‍ സ്റ്റേഷനിലൂടെ ലഭിക്കും. ഇന്ത്യക്കാരെ ഓണ്‍ലൈന്‍ രംഗത്തേക്ക് കൂടുതല്‍ അടുപ്പിക്കുക എന്നതിനൊപ്പം . ഇന്ത്യന്‍ ഉപയോക്തള്‍ക്കു മെച്ചപ്പെട്ട ഓണ്‍ലൈന്‍ അനുഭവങ്ങള്‍ ലഭ്യമാക്കാനും ഗൂഗിള്‍ ലക്ഷ്യം വെക്കുന്നതായി ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.

ഓണ്‍ലൈനില്‍ പ്രാദേശിക ഭാഷാ സേവനങ്ങള്‍ക്കായി എത്തുന്ന ഉപയോക്താക്കളിലും ഗൂഗിള്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഗൂഗിളിന്റെ പുതിയ മെസേജിംഗ് ആപായ അലോയില്‍ വൈകാതെ ഹിന്ദിയും ലഭ്യമാക്കും.

Comments

comments

Categories: Branding, Slider