വളര്‍ച്ചാപുരോഗതി സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലം: സിഎജി റിപ്പോര്‍ട്ട്

വളര്‍ച്ചാപുരോഗതി സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനഫലം: സിഎജി റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടിയ ഏഴു ശതമാനത്തിലേറെ വരുന്ന വളര്‍ച്ചാ പുരോഗതിയില്‍ മുഖ്യ പങ്കുവഹിച്ചത് സംസ്ഥാന സര്‍ക്കാരുകളെന്ന് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളുടെ ചെലവിടല്‍ വര്‍ധിച്ചതിലൂടെയാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായതെന്ന് വ്യക്തമാക്കുന്നത് സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകളാണ്.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ റോഡ്, തുറമുഖം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നടത്തിയിട്ടുള്ള ചെലവിടലില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതേ സമയം മോദി സര്‍ക്കാരിന്റെ ചെലവിടലില്‍ ഇക്കാലയളവില്‍ 33.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞമാസം മുതല്‍ നിലവില്‍ വന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനയാണ് ചെലവിടലിലുണ്ടായ ഇടിവിനു പ്രധാനകാരണം.

തന്റെ പ്രവര്‍ത്തന മികവിലൂടെ രാജ്യത്തെല്ലായിടത്തും ഒരു പോലെ വളര്‍ച്ച ഉണ്ടാകുന്നു എന്നു തെളിയിക്കേണ്ടതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതും 2019ലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ അനിവാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞയാഴ്ച പ്യൂ സര്‍വെ പ്രസിദ്ധീകരിച്ച സര്‍വെ ഫലമനുസരിച്ച് 2014ല്‍ മോദി അധികാരമേല്‍ക്കുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ തൊഴില്ലിലായ്മയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഏറ്റവും പ്രിയങ്കരനായ നേതാവായി മോദി തുടരുന്നുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു. .

സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെറിയ പദ്ധതികള്‍ക്കായി ചെലവിടാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് റെലിഗെയര്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് മുഖ്യ സാമ്പത്തിക നിരീക്ഷകനായ ജയ് ശങ്കര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കുറഞ്ഞ കാലതാമസമേ ഉണ്ടാകൂവെന്നതും പദ്ധതികള്‍ തടസപ്പെടുന്നതിനുള്ള അവസരം കുറവായതുമാണ് ഇതിനു കാരണമെന്ന് ജയ് ശങ്കര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം നികുതിയായി പിരിഞ്ഞു കിട്ടിയതില്‍ റെക്കോഡ് ശതമാനം തുക സംസ്ഥാനങ്ങളുമായി പങ്കിടാന്‍ മോദി തീരുമാനിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ചെലവിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ചെലവിടല്‍ സംബന്ധിച്ച് നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഇളവു വരുത്തുവാനും മോദിസര്‍ക്കാര്‍ ശ്രമിച്ചു.

സംസ്ഥാന ജീവനക്കാരുടെ ശമ്പളവര്‍ധനയും മണ്‍സൂണ്‍ നിരക്ക് ഉയര്‍ന്നതും തോട്ടം മേഖലയിലെ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കുമെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ആര്‍ബിഐ പഠനം നിരീക്ഷിക്കുന്നു

Comments

comments

Categories: Slider, Top Stories