മഹാരാഷ്ട്രയിലെ 93 റോഡുകള്‍ ദേശീയപാതകളായി വികസിപ്പിക്കും

മഹാരാഷ്ട്രയിലെ  93 റോഡുകള്‍ ദേശീയപാതകളായി വികസിപ്പിക്കും

മുംബൈ: മഹാരാഷ്ട്രയിലെ 93 സംസ്ഥാന പാതകളെയും ഹൈവേകളേയും പുതിയ ദേശീയ പാതകളായി വികസിപ്പിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി. ഏകദേശം 10,348 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളാണ് ദേശീയപാതയായി വികസിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.
ഇതില്‍ 6385 കിലോമീറ്റര്‍ റോഡും സംസ്ഥാനത്തെ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയിലാണ് വികസിപ്പിക്കുക. 3963 കിലോമീറ്റര്‍ റോഡ് വികസനത്തിന്റെ ചുമതല മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയറാക്കുന്നതിനായുള്ള കണ്‍സള്‍ട്ടന്റുമാരുടെ നിയമനത്തിനും കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഈ റോഡുകളിലെ ഗതാഗതത്തിന്റെ സ്വഭാവമനുസരിച്ച് നാലു വരിപ്പാതകളായോ രണ്ടു വരിപ്പാതകളായോ വികസിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ഡിസംബറിനുള്ളില്‍ പദ്ധതിയുടെ കരാര്‍ ക്ഷണിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രിസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിര്‍ദിഷ്ട റോഡുകളില്‍ ചിലത് മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ വരെ നീളുന്നവയാണ്. മഹാരാഷ്ട്രയില്‍ നിലവില്‍ 4,844 കിലോമീറ്ററോളം ദേശീയപാതയുടെ കീഴിലാണുള്ളത്. പുതിയ ദേശീയപാതാ വികസനപദ്ധതി കൂടി പ്രാവര്‍ത്തികമാകുന്നത് മഹാരാഷ്ട്രയുടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Politics