ദൃഢവിശ്വാസത്തോടെ ഹിലരി; പ്രതിരോധിച്ച് ട്രംപ്

ദൃഢവിശ്വാസത്തോടെ ഹിലരി; പ്രതിരോധിച്ച് ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി 41 ദിനങ്ങള്‍ ശേഷിക്കവേ, തിങ്കളാഴ്ച രാത്രി നടന്ന ഹിലരി ക്ലിന്റന്‍- ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ (പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ മുഖാമുഖം പങ്കെടുക്കുന്ന സംവാദം) ഹിലരിക്കു മുന്‍തൂക്കം.

ആകെ മൂന്നു സംവാദങ്ങളാണു നടക്കുന്നത്. ഇവയില്‍ ആദ്യത്തേതാണു തിങ്കളാഴ്ച ന്യൂയോര്‍ക്കിനു സമീപം ഹെംപ്സ്റ്റഡിലുള്ള ഹോഫ്‌സ്ട്ര സര്‍വകലാശാലയില്‍ നടന്നത്.
നാടകീയമായിട്ടാണെങ്കിലും രാജ്യത്തെ നയിക്കുന്നതില്‍ വ്യത്യസ്ത കാഴ്ചപ്പാട് വോട്ടര്‍മാര്‍ക്കു വാഗ്ദാനം ചെയ്യാന്‍ ഇരുവരും മറന്നില്ല. മാത്രമല്ല, ഇരുവരും എതിര്‍സ്ഥാനാര്‍ഥിയുടെ ബലഹീനതകളെ ആക്രമിച്ചു മുന്നേറുന്ന കാഴ്ചയും പ്രകടമായി.
അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ഏറ്റവുമധികം അറിയപ്പെടുകയും എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രം ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളെന്ന വിശേഷണവുമായിട്ടാണു ഹിലരിയും ട്രംപും തിങ്കളാഴ്ച രാത്രി ഹെംപ്സ്റ്റഡിലുള്ള ഹോഫ്‌സ്ട്ര സര്‍വകലാശാലയില്‍ സംവാദത്തിനു പങ്കെടുക്കാനെത്തിയത്.
സംവാദത്തിനു നല്ല പോലെ തയാറെടുപ്പ് നടത്തിയാണു ഹിലരിയെത്തിയതെന്നു സംവാദത്തെ വീക്ഷിച്ചവര്‍ക്കെല്ലാം ബോദ്ധ്യപ്പെട്ടു. സംവാദത്തിനിടെ പല ഘട്ടത്തിലും ട്രംപിനെ പ്രതിരോധത്തിലാക്കാന്‍ ഹിലരിക്കു സാധിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചവരില്‍ പലര്‍ക്കും ഓരോ ഘട്ടത്തിലും അവര്‍ വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇത്തരം അവസ്ഥയുണ്ടാകാതിരിക്കാന്‍ തിങ്കളാഴ്ച രാത്രി നടന്ന സംവാദത്തില്‍ ഹിലരി പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും ഇ-മെയില്‍ വിവാദം, വ്യാപാരനയം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു ഹിലരിയെ ആശയക്കുഴപ്പത്തിലാക്കാന്‍ ട്രംപ് ശ്രമിക്കുകയുണ്ടായി. അതേസമയം ഹിലരി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കാലയളവില്‍ ക്ലിന്റണ്‍ ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയവര്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നെന്ന ആരോപണം ട്രംപ് ഉന്നയിച്ചതുമില്ല.

സംവാദത്തിന്റെ ആരംഭം മുതല്‍ ഹിലരി എതിര്‍സ്ഥാനാര്‍ഥിയായ ട്രംപിനെ പലതരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. അടിസ്ഥാനസൗകര്യ വികസനം, പാരമ്പര്യേതര ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ ഹിലരി അമേരിക്കന്‍ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ നടപ്പിലാക്കാനുള്ള നേതൃത്വഗുണവും കഴിവും തനിക്കുണ്ടെന്ന് അവകാശപ്പെട്ടു. ഹിലരിക്കു നേതൃത്വ അനുഭവമുണ്ട്, അത് പക്ഷേ മോശപ്പെട്ട അനുഭവമാണെന്നു പറഞ്ഞു കൊണ്ട് ട്രംപ് തിരിച്ചടിക്കുകയുമുണ്ടായി. മോശമായ നിരവധി കരാറുകളില്‍ അമേരിക്കയ്ക്ക് ഏര്‍പ്പെടേണ്ടി വന്നത് ഹിലരി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന കാലത്തായിരുന്നെന്ന് ട്രംപ് ആരോപിച്ചു.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അമേരിക്ക മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. തൊഴില്‍ മേഖലയില്‍ അമേരിക്ക സൃഷ്ടിച്ച അവസരങ്ങള്‍ മറ്റുള്ളവര്‍ കവര്‍ന്നെടുക്കുന്നതു തടയേണ്ടതുണ്ടെന്ന് ട്രംപ് മെ്കസിക്കോയെയും ചൈനയെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടു പറഞ്ഞു.

പ്രൈമറി ചര്‍ച്ചകളില്‍ സംഭവിച്ചതു പോലെ, ട്രംപ് വഴക്കാളിയായി മാറുന്ന അവസ്ഥയുണ്ടാകുമോ എന്നായിരുന്നു സംവാദം പുരോഗമിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ഒരു സംശയം. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളിലേക്കു ചര്‍ച്ച പുരോഗമിച്ചപ്പോള്‍. എന്നാല്‍ ട്രംപ് ആക്രമണോത്സുകത പ്രകടിപ്പിച്ച അവസരങ്ങളിലെല്ലാം ഹിലരി ശക്തമായി തിരിച്ചടിച്ചു. ട്രംപിന്റെ ബിസിനസ് ചരിത്രവും, നികുതി അടച്ചതു സംബന്ധിച്ച വിവരങ്ങളും പുറത്തുവിടാന്‍ ഹിലരി ആവശ്യപ്പെട്ടതോടെ ട്രംപ് പ്രതിരോധ അവസ്ഥയിലുമായി.

അമേരിക്ക നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ രാജ്യം മുന്നേറുന്നുണ്ടെന്നതും വസ്തുതയാണ്. അടിസ്ഥാനസൗകര്യ രംഗത്ത് നിക്ഷേപം കണ്ടെത്താനും സ്ത്രീകള്‍ക്കു തുല്യവേതനം ഉറപ്പാക്കാനുമുള്ള രൂപരേഖ തന്റെ കൈവശമുണ്ടെന്നും ഹിലരി പറഞ്ഞു.
വംശീയ പരാമര്‍ശം സംവാദത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. പ്രസിഡന്റ് ബരാക് ഒബാമ യുഎസിനു പുറത്തു ജനിച്ച വ്യക്തിയാണെന്നു തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ പ്രചരണം നയിച്ചതിന് ട്രംപിനെ ഹിലരി കുറ്റപ്പെടുത്തി. എന്നാല്‍ 2008ല്‍ ഹിലരി ക്ലിന്റന്റെ പ്രചരണവിഭാഗമാണ് ആദ്യം ഈ വിഷയം ഉന്നയിച്ചതെന്ന് ട്രംപ് ആരോപിച്ചു. ആരോപണം ഉയര്‍ന്നിട്ടും ഒബാമ ഇതുവരെ ജനന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ഇലക്ഷന്‍ പ്രചരണത്തിന്റെ ചലനാത്മകത മാറ്റിമറിക്കും വിധമാണ് സംവാദം പര്യവസാനിച്ചത്. സംവാദത്തിനു ശേഷം റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് പുറത്തുവിട്ട ഫലത്തില്‍ ട്രംപിന് 41.1 %ും ഹിലരിക്ക് 42.6%ും പോയിന്റ് ലഭിച്ചു. ഹിലരി 1.5% പോയിന്റ് ലീഡ് ചെയ്യുകയാണ്.
ആകെ നാല് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇവരില്‍ ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ഥി ഗാരി ജോണ്‍സന് 7.2%ും, ഗ്രീന്‍ പാര്‍ട്ടിയുടെ ജില്‍ സ്റ്റീന് 2.3% പിന്തുണയുണ്ട്.
സംവാദത്തില്‍ പ്രകടമായ ഒരു കാര്യം ഹിലരിയുടെയും ട്രംപിന്റെയും ശൈലിയിലുള്ള അന്തരമാണ്. വസ്തുതകള്‍ വളച്ചൊടിക്കുകയും ഭ്രാന്തമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന വ്യക്തിയാണ് ട്രംപെന്ന് ഹിലരി അഭിപ്രായപ്പെട്ടപ്പോള്‍ സാധാരണ രാഷ്ട്രീയ വ്യക്തിത്വമാണ് ഹിലരിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
ഹിലരി നന്നായി സംസാരിക്കും, പക്ഷേ പ്രവര്‍ത്തിക്കില്ല. ഹിലരിയുടെ നികുതി നയങ്ങള്‍ ആകര്‍ഷണീയമെന്ന് കാണപ്പെടുമെങ്കിലും പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ആക്ഷേപിച്ചു.
ട്രംപ് തയാറെടുപ്പുകള്‍ നടത്താതെയാണ് സംവാദത്തില്‍ പങ്കെടുത്തതെന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ചില കാര്യങ്ങള്‍ പ്രസക്തമാണെന്ന് രാഷ്ട്രീയ ലോകത്തിന് അഭിപ്രായമുണ്ട്.
അടിസ്ഥാനസൗകര്യരംഗത്ത് അമേരിക്ക പിന്നോക്കം പോവുകയാണെന്നും, തൊഴിലവസരങ്ങള്‍ വിദേശരാജ്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും, 2010ല്‍ ഇറാഖില്‍നിന്നും ഒബാമ ഭരണകൂടം യുഎസ് സേനയെ തിരിച്ചുവിളിച്ചത് ഐഎസ് എന്ന ഭീകരസംഘടനയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നുമുള്ള ട്രംപിന്റെ വിമര്‍ശനം വസ്തുതാപരമാണെന്ന് ഭൂരിഭാഗം വോട്ടര്‍മാരും അഭിപ്രായപ്പെട്ടു.
അടുത്ത മാസം ഒന്‍പതിന് സെന്റ് ലൂയിസില്‍ വച്ചാണ് രണ്ടാമത്തെ സംവാദം. തുടര്‍ന്ന് 19ന് ലാസ് വേഗാസില്‍ മൂന്നാമത്തേതും അവസാനത്തേതുമായ സംവാദം നടക്കും.

Comments

comments

Categories: Slider, World