റെയ്ല്‍ സുരക്ഷ: മുഖ്യമന്ത്രിയുടെ ആശങ്കയില്‍ കാര്യമുണ്ട്

റെയ്ല്‍ സുരക്ഷ: മുഖ്യമന്ത്രിയുടെ ആശങ്കയില്‍ കാര്യമുണ്ട്

സുരക്ഷിതമായ യാത്രാ മാര്‍ഗ്ഗമായാണ് ജനങ്ങള്‍ ട്രെയ്‌നുകളെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് അതിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ സുരക്ഷിത യാത്രാ മാര്‍ഗ്ഗമെന്ന നിലയില്‍ ട്രെയ്‌നുകളുടെ കാര്യക്ഷമതയ്ക്ക് മുകളില്‍ ചോദ്യ ചിഹ്നമാവുകയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങളുണ്ടായത് യാത്രക്കാരില്‍ കടുത്ത ആശങ്കയാണ് പടര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യം മനസിലാക്കി കേരളത്തിലെ യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചത് സമയോചിതമായ നടപടിയാണ്.

കേരളത്തിലെ ട്രെയ്ന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്. സുരക്ഷിതവും ആയാസരഹിതവുമായ യാത്ര സാധ്യമാക്കുന്നത് റെയ്ല്‍വെയാണെന്ന ധാരണ പൂര്‍ണമായും തിരുത്തുന്നതിലേക്കാണ് കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന റെയ്ല്‍ അപകടങ്ങള്‍ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് തീര്‍ത്തും വാസ്തവമാണ്. കേരളത്തില്‍ നിന്നും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത അവസ്ഥയുണ്ടെന്നുള്ള പരാതിയും ഗൗരവകരമാണ്. കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പുവരുത്താത്ത സ്വച്ഛ ഭാരതിന്റെ കാര്യശേഷി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

റെയ്ല്‍വെ യാത്രാ നിരക്കുകളില്‍ കൃത്യമായ വര്‍ധന വരുത്തുമ്പോള്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ കൂടി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. കേരളത്തിന്റെ പരാതി വളരെ ഗൗരവത്തോടെ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.

Comments

comments

Categories: Editorial