ദക്ഷിണേന്ത്യന്‍ ടൂറിസം ഒരു കുടക്കീഴിലാക്കണം

ദക്ഷിണേന്ത്യന്‍ ടൂറിസം ഒരു കുടക്കീഴിലാക്കണം

ആഗോള ടൂറിസം ഭൂപടത്തില്‍ ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ സംസ്ഥാനമാണ് കേരളം. വൈവിധ്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാടിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവര്‍ നിരവധി. കേരളത്തിന്റെ ടൂറിസം രംഗത്തെ കൂടുതല്‍ പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ജനകീയവും ശ്രദ്ധേയവും ആക്കി മാറ്റാനും ലക്ഷ്യമിട്ടാണ് കേരളാ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതിനിധികള്‍ കേരളാ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ പരിപാടി വിജയകരമായി നടത്താനായതിന്റെ ആത്മവിശ്വാസവുമായാണ് ഇത്തവണയും കെടിഎം കേരളാ ട്രാവല്‍മാര്‍ട്ട് സംഘടിപ്പിച്ചിരിക്കുന്നത്.

”കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ഭാവിയുള്ള ടൂറിസം ഒരിക്കലും പിന്നിലല്ല. എങ്കിലും കുറച്ചുകാലമായി കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ടൂറിസം മേഖലയില്‍ കേരളം മുന്‍പന്തിയില്‍ തന്നെയാണ്. ലോക ഭൂപടത്തില്‍ ഒരു ചെറിയ സംസ്ഥാനം മാത്രമായ കേരളം ആഗോള പ്രശസ്തി നേടിയത് ചെറിയകാര്യമല്ല. കേരളത്തിലെ ടൂറിസം മേഖലയെ ലോകം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. കേരളത്തിലെ മദ്യനയം ലോകം സംശയത്തോടെ വീക്ഷിക്കുന്നതും ഇതിനു തെളിവാണ്. മദ്യനയത്തെ തുടര്‍ന്ന് ഈ മേഖലയില്‍ നമുക്ക് കുറച്ചെങ്കിലും ഇടിവുണ്ടായിട്ടുണ്ട്. ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും നാം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം ചെറിയ ഭേദഗതികള്‍ വരുത്തിയാല്‍ പരിഹരിക്കാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്,” കേരളത്തിലെ പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാളായ സ്‌പൈസ് ലാന്‍ഡ് ഹോളിഡേ മാനേജിംഗ് ഡയറക്ടര്‍ റിയാസ് സി യു പറയുന്നു.
കേരള ടൂറിസത്തിനുണ്ടായ മങ്ങല്‍ നേട്ടമായത് ശ്രീലങ്കന്‍ ടൂറിസത്തിനാണെന്നാണ് പൊതുവിലയിരുത്തല്‍. ആയുര്‍വേദത്തില്‍ കേരളത്തിനൊപ്പം തന്നെയാണ് ശ്രീലങ്കയും. ഒരു പക്ഷേ കേരളത്തിനേക്കാള്‍ നന്നായി ആയുര്‍വേദത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ശ്രീലങ്കയ്ക്കു സാധ്യമാകുന്നുവെന്നതും ശ്രദ്ധേയമാണ്. വാണിജ്യവത്കരണത്തിലേക്കാണ് കേരളത്തിലെ ആയുര്‍വേദം നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതാണ് ശ്രീലങ്കയിലെ ആയുര്‍വേദം. അന്യംനിന്നു പോയെന്നു നാം കരുതുന്ന പല പച്ച മരുന്നുകളും ഇന്നും ശ്രീലങ്കയില്‍ ലഭ്യമാണെന്നാണു വിവരം.

ഒരു രാജ്യവും സംസ്ഥാനവും തമ്മില്‍ എങ്ങനെയാണ് മത്സരമുണ്ടാകുന്നതെന്ന ചോദ്യമാണ് റിയാസ് ഉന്നയിക്കുന്നത്. സമാന രംഗത്തുള്ളവരുമായാണ് മത്സരം ഉണ്ടാകേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങളുമായും രാജ്യങ്ങള്‍ രാജ്യങ്ങളുമായുമാണ് മത്സരിക്കേണ്ടത്. പക്ഷേ ഇത്തരം മത്സരങ്ങള്‍ ആര്‍ക്കും നേട്ടമുണ്ടാക്കാനാവാത്ത തരത്തില്‍ പ്രതികൂലമായി ബാധിച്ചേക്കാം. ഇവിടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് കേരളം, തമിഴ്‌നാട് , കര്‍ണാടക എന്നിവര്‍ സംയുക്ത സഹകരണത്തോടെ ടൂറിസം മേഖലയെ കണക്കാക്കി ദക്ഷിണേന്ത്യന്‍ ടൂറിസം എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മൂന്നു സംസ്ഥാനങ്ങളിലെയും ഡെസ്റ്റിനേഷനുകളെ ക്രോഡീകരിച്ച് ടൂറിസത്തിലെ വിവിധ മേഖലകളെ ഏകീകരിക്കാനാകും.

Comments

comments

Categories: FK Special