പാകിസ്ഥാന്‍ ഏറ്റവും അനുകൂല രാജ്യമെന്ന തീരുമാനം ഇന്ത്യ പുനപരിശോധിക്കും

പാകിസ്ഥാന്‍ ഏറ്റവും അനുകൂല രാജ്യമെന്ന തീരുമാനം ഇന്ത്യ പുനപരിശോധിക്കും

ന്യൂഡല്‍ഹി: പാകിസ്ഥാന് ഏറ്റവും അനുകൂല രാജ്യം(most favoured nation) എന്ന പദവി നല്‍കിയ തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം നാളെ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന പുനരവലോകന യോഗത്തിലെടുക്കും. വിദേശകാര്യം, വാണിജ്യകാര്യമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരേ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു തീരുമാനം.
പാകിസ്ഥാനെതിരേ സൈനിക, നയതന്ത്ര, സാമ്പത്തിക നടപടികള്‍ക്കുള്ള സാധ്യതയാണു ഇന്ത്യ ആരായുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാനുമായുള്ള സിന്ധുനദീ ജല ഉടമ്പടി കരാര്‍ റദ്ദ് ചെയ്യുന്നതിനെ കുറിച്ച് ഇന്ത്യ കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍ ഈ കരാര്‍ 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ സാധിക്കില്ലെന്നു സൂചനയുണ്ട്. 1996ലാണു പാകിസ്ഥാന് ഇന്ത്യ ഏറ്റവും അനുകൂല രാജ്യമെന്ന പദവി നല്‍കിയത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് ഈ പദവി നല്‍കിയിട്ടില്ല. മോസ്റ്റ് ഫേവേഡ് നേഷന്‍ പദവിയുള്ള രാജ്യങ്ങള്‍ക്കിടയില്‍ വാണിജ്യ നേട്ടം തുല്യമായിരിക്കും. പദവി പിന്‍വലിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പരിമിതമാവും. എന്നാല്‍ ഇതിലൂടെ ഇന്ത്യയ്ക്ക് ദോഷമുണ്ടാകില്ല. കാരണം ഇന്ത്യയുടെ വിദേശ വ്യാപാര ബന്ധത്തില്‍ പാകിസ്ഥാന് ചെറിയ പങ്ക് മാത്രമാണുള്ളത്.

Comments

comments

Categories: Slider, Top Stories