എണ്ണവില ഉയരില്ല: ഒപെക്-ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ചേക്കും

എണ്ണവില ഉയരില്ല: ഒപെക്-ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ചേക്കും

ദുബായ്: ഉല്‍പ്പാദനം കുറയ്ക്കാതെ അസംസ്‌കൃത എണ്ണ വില ബാരലിന് അമ്പത് ഡോളറിന് മുകളില്‍ ഉയരില്ലെന്ന് ദുബായ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം ജിഐക്യു ഇന്‍ഡസ്ട്രിയുടെ സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) എണ്ണ ഉല്‍പ്പാദനം കുറയ്ക്കണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

അടുത്തയാഴ്ച്ച അല്‍ജിയേഴ്‌സില്‍ നടക്കുന്ന ലോകത്തെ പ്രമുഖ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഉല്‍പ്പാദനം കുറയ്ക്കുന്നതിനുള്ള തീരുമാനമെടുത്തേക്കാമെന്നും ജിഐക്യു പ്രതീക്ഷിക്കുന്നു. ജിഐക്യു ഈ മാസം 22ന് നടത്തിയ സര്‍വേയില്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 250 ഇന്റര്‍നാഷണല്‍ എനര്‍ജി എക്‌സിക്യൂട്ടീവുമാരാണ് പങ്കെടുത്തത്. ഇവരില്‍ മൂന്നില്‍ രണ്ടുപേരും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസമാണ് സര്‍വേ ഫലം പുറത്തുവിട്ടത്.

ലോകത്തെ എണ്ണ ആവശ്യകതയുടെ മൂന്നിലൊന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒപെക് രാഷ്ട്രങ്ങളും ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളും ഈ മാസം 28നാണ് അല്‍ജീരിയന്‍ തലസ്ഥാനത്ത് യോഗം ചേരുന്നത്. എണ്ണ ഉല്‍പ്പാദനം പരിമിതപ്പെടുത്തി വില വര്‍ധിപ്പിക്കാനുള്ള തീരുമാനം യോഗം കൈക്കൊള്ളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തീരുമാനമെടുക്കുന്നതിനുള്ള ഉചിതമായ സമയം ഇതാണെന്നാണ് സര്‍വേ ഫലത്തോട് ഇറാനിലെ ഒപെക് ഗവര്‍ണര്‍ ഫലാ ആലമ്രി പ്രതികരിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞപ്പോള്‍ ഇതിനുമുമ്പ് 2008 ലാണ് ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ചത്. ‘എണ്ണവിലയുടെ കാര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. എണ്ണവില കുറഞ്ഞത് വികസിത രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്’ ആലമ്രി പറഞ്ഞു.

ആഗോള എണ്ണ വിപണിയെ രക്ഷിക്കുന്നതിന് പ്രമുഖ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ ധാരണയിലെത്തുമെന്ന് അല്‍ജീരിയ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എണ്ണ വിപണിയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ മറികടക്കുന്നതിനും വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഒപെക് രാജ്യങ്ങള്‍ അഭിപ്രായ സമന്വയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അല്‍ജീരിയന്‍ ഊര്‍p മന്ത്രി നൂറുദ്ദീന്‍ ബോട്ടെര്‍ഫ പറഞ്ഞത്.

രണ്ട് പ്രമുഖ ഒപെക് രാജ്യങ്ങളായ സൗദി അറേബ്യയും ഇറാനും തല്‍ക്കാലം എണ്ണ ഉല്‍പ്പാദനം പരിമിതപ്പെടുത്തുമെന്ന സൂചനകളാണ് തരുന്നത്. ഉല്‍പ്പാദനം കുറയ്ക്കുന്നത് റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെയും ബോധ്യപ്പെടുത്തിവരികയാണെന്നും നൂറുദ്ദീന്‍ ബോട്ടെര്‍ഫ അറിയിച്ചു.

Comments

comments

Categories: Business & Economy