കശ്മീരില്‍ ചര്‍ച്ചയുടെ മാര്‍ഗം തുടരണം

കശ്മീരില്‍ ചര്‍ച്ചയുടെ മാര്‍ഗം തുടരണം

സന്തോഷ് മാത്യു

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്നാണ് കവി പാടിയത്- അത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്. എന്നാല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അക്ഷരാര്‍ത്ഥത്തില്‍ വറചട്ടിയിലേതെന്നപോലെയാണ് കശ്മീരിലെ ജനജീവിതം. നിരന്തരം വെടിവെയ്പ്പുകള്‍, അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം, അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ അടിയന്തരാവസ്ഥകള്‍ എന്നിവ മൂലം ജനം പൊറുതിമുട്ടുകയാണ്. അതുകൊണ്ട് തന്നെ അന്തര്‍ദേശീയ തലത്തില്‍ കശ്മീര്‍ വിഷയം പ്രതിപാദിക്കപ്പെടുന്നത് പലസ്തീന്‍ പ്രശ്‌നത്തോടൊപ്പവും കൊറിയന്‍ സംഘര്‍ഷത്തോടൊപ്പവുമൊക്കെയാണ്.

എന്നാല്‍ 2016 ജൂലൈ എട്ടു മുതല്‍ കശ്മീര്‍ പ്രശ്‌നത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ബുര്‍ഹാന്‍ വാനി എന്ന 22 കാരന്‍ കൊലചെയ്യപ്പെട്ടത് അന്നാണ്. വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ഇതുവരെ വെടിയൊച്ച നിലച്ചിട്ടില്ല. ഉറിയില്‍ 18 ഇന്ത്യന്‍ സൈനികരെ പാക്ക് അതിര്‍ത്തി കടന്നുവന്നവരെന്ന് വിശ്വസിക്കുന്ന ഭീകരര്‍ സെപ്റ്റംബര്‍ 18 ന് കൊലപ്പെടുത്തിയതോടു കൂടി സംഘര്‍ഷം അതിന്റെ മൂര്‍ധന്യതയില്‍ എത്തിയിരിക്കുകയാണ്. ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് ശനിയാഴ്ച കോഴിക്കോട് നടന്ന പൊതു സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും ഉറിയില്‍ സംഭവിച്ചതിന് പകരം ചോദിക്കും എന്നു തന്നെയായിരുന്നു. ആഭ്യന്തര രാഷ്ട്രീയം കലുഷിതമാകുമ്പോഴെല്ലാം ജനശ്രദ്ധ തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി ഇപ്പോള്‍ ഇരു രാജ്യത്തേയും മുഖ്യധാരാ രാഷ്ട്രീയക്കാര്‍ എടുത്തെറിയുന്നത് കശ്മീര്‍ കാര്‍ഡാണ്.

യുഎന്‍ പൊതു സഭയുടെ 71-ാം സമ്മേളനത്തില്‍ പങ്കെടുത്ത് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ പ്രശ്‌നത്തെ അന്തര്‍ദേശീയവല്‍ക്കരിക്കാന്‍ ആവതും ശ്രമിച്ചു. കഴിഞ്ഞ 60 ദിവസങ്ങള്‍ക്കുള്ളില്‍ കശ്മീര്‍ സംഘര്‍ഷത്തിന്റെ ഫലമായി 108 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തകാര്യം ന്യൂയോര്‍ക്കില്‍ ചൂണ്ടിക്കാണിക്കാനും നവാസിന് ഉത്സാഹമേറെയായിരുന്നു. 2015 ഡിസംബര്‍ 25 ന് മോദിയും നവാസ് ഷെരീഫും ലാഹോറില്‍ കൈകൊടുത്ത് ആശ്ലേഷിച്ചിട്ട് അധികമായില്ലെന്ന് ഓര്‍ക്കണം. ഇരു ആണവ രാഷ്ട്രങ്ങളും ആയുധങ്ങള്‍ക്ക് മൂര്‍യേറ്റി ഒരു യുദ്ധത്തിന് കോപ്പുകൂട്ടുക തന്നെയാണ് കശ്മീരിന്റെ പേരിലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂച് വിഘടനവാദികള്‍ക്ക് പരസ്യ പിന്തുണ നല്‍കുക വഴി കശ്മീരിന് ഉചിതമായ മറുപടി നല്‍കിയിരുന്നു മോദി. പാക്കിസ്ഥാനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ ബലൂച് പ്രവിശ്യയിലെ വിഘടനവാദികള്‍ക്ക് പരസ്യ പിന്തുണ നല്‍കുക വഴി ഐഎസ്‌ഐക്കും പാക്ക് സൈന്യത്തിനും ശക്തമായ ഒരു സന്ദേശം തന്നെയാണ് മോദി കൈമാറിയിരിക്കുന്നത്.

പാക്കിസ്ഥാനില്‍ എക്കാലവും മൂന്ന് എ’ കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതാണ് വെയ്പ്. അത് യഥാക്രമം ആര്‍മി, അമേരിക്ക, അള്ളാഹ് എന്നിവയത്രെ. മാറിയ സാഹചര്യത്തില്‍ അമേരിക്ക ചേരിചേരായ്മയാണ് ഇന്ത്യയോടും പാക്കിസ്ഥാനോടും കാണിച്ചുവരുന്നത്. പ്രത്യേകിച്ചും 1998 ല്‍ രണ്ടു രാജ്യങ്ങളും ആണവ പരീക്ഷണം നടത്തിയ പശ്ചാത്തലത്തില്‍. ഇടവിട്ട ദശകങ്ങളില്‍ സൈന്യം അധികാരത്തില്‍ വരുന്നതും പാക്കിസ്ഥാനിലെ കാഴ്ചയാണ്. മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലോകത്തിലാദ്യമായി രൂപീകൃതമായ രാജ്യമാണ് പാക്കിസ്ഥാന്‍. ഉറുദു ഭാഷയില്‍ അതിന്റെ അര്‍ത്ഥം പരിശുദ്ധ സ്ഥലം എന്നാണെങ്കിലും ഇന്ന് ആഗോള തലത്തില്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി ഒരുകൂട്ടം അമേരിക്കന്‍ സെനറ്റര്‍മാര്‍ തന്നെ പാക്കിസ്ഥാനെ കണ്ടുവരുന്നു.

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുക ലക്ഷ്യമിട്ട് സെനറ്റില്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിനു പുറകില്‍ ഇന്ത്യന്‍ സമ്മര്‍ദ്ദ ഗ്രൂപ്പുകളാണെന്ന നിഗമനത്തിലെത്താമെങ്കിലും വസ്തുതകള്‍ പാക്കിസ്ഥാന് എതിരു തന്നെയാണ്. ഉദാഹരണത്തിന് ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയിരുന്നത് പാക്ക് സൈനീക ആസ്ഥാനമായ അബോട്ടാബാദിന് വിളിപ്പാടകലെയാണ്. ബഹുസംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാക്കിസ്ഥാന്‍ പോലുള്ള ഒരു രാജ്യത്ത് ഇന്ത്യയെന്ന പൊതു ശത്രുവിനെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് സൈന്യവും മുഖ്യധാരാ രാഷ്ട്രീയക്കാരും.

പലവിധ വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്ന പഞ്ചാബി, സിന്ധി, പക്ഖ്തൂണ്‍, ബലൂച്, സെരായികിസ്, മുഗാജിര്‍ വിഭാഗങ്ങളെ കൂട്ടിയിണക്കുന്നതില്‍ പാക്ക് ദേശീയത പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാക്ക് അധിനിവേശ കശ്മീരിലൂടെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലൂടെയും ഭീകരരെ നുഴഞ്ഞുകയറാനും വിഘടന വാദികള്‍ക്ക് പ്രോത്സാഹനം നല്‍കാനും അത്യുത്സാഹം കാണിക്കുകയാണ് നവാസ് ഫെരീഫും കൂട്ടരും.

ചൈനയുമായി ഏറ്റവും അടുത്തിരിക്കുന്ന ഗച്ചാര്‍ തുറമുഖം അവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യയുടെ പരമ്പരാഗത സൈനീക പങ്കാളികളായ റഷ്യയുമായി ചേര്‍ന്ന് ഫ്രണ്ട്‌സ്ഷിപ്പ് 2016 എന്ന പേരില്‍ ഒക്‌റ്റോബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന സംയുക്ത സൈനീകാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. ഉറി ആക്രമണത്തെ തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി ആണയിടുമ്പോഴും യാഥാര്‍ത്ഥ്യം നേരെ തിരിച്ചാണെന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനായിരുന്ന ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തോടെ കലങ്ങിമറിഞ്ഞിരിക്കുന്ന കശ്മീര്‍ സമാധാനത്തിന് സംഭാഷണം മാത്രമാണ് ഏക പോംവഴി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്റെ പിന്തുണ ഇന്ത്യക്കുണ്ട്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി തന്റെ സന്ദര്‍ശന വേളയില്‍ ഡെല്‍ഹിയില്‍വച്ച് നിരവധി കരാറുകളിലെത്തിച്ചേരുകയുണ്ടായി. രാഷ്ട്രീയപരവും സാമ്പത്തികവും സൈനീകപരവുമായ കരാറുകളിലെത്തിച്ചേര്‍ന്ന ഇരുവരും പൊതുശത്രു പാക്കിസ്ഥാനാണെന്ന് പറഞ്ഞാണ് പിരിഞ്ഞത്.
പാക്കിസ്ഥാന് ഇന്ത്യ അനുവദിച്ചുകൊടുത്ത മോസ്റ്റ് ഫേവേഡ് നേഷന്‍ സ്റ്റാറ്റസ് തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. 2.6 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയത്. ഇതില്‍ 2.2 ബില്ല്യണ്‍ ഡോളറിന്റെയും ഇന്ത്യന്‍ കയറ്റുമതിയായിരുന്നു. അതുകൊണ്ടുതന്നെ പാക്കിസ്ഥാനു നല്‍കിയ വ്യാപാര ആഭിമുഖ്യ രാജ്യം എന്ന പദവി പിന്‍വലിക്കുന്നത് ഇന്ത്യക്കായിരിക്കും തിരിച്ചടിയാവുക. അതേസമയം, പാക്കിസ്ഥാനാകട്ടെ ഇന്ത്യക്ക് വ്യാപാര ആഭിമുഖ്യ രാജ്യമെന്ന പദവി ഇതുവരെ നല്‍കിയിട്ടുമില്ല.

നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിയാണ് ഏവരും ഉറ്റുനോക്കുന്ന അടുത്ത വേദി. പാക്കിസ്ഥാനെ ഒഴിവാക്കുന്നതിനായി ഒക്‌റ്റോബറില്‍ ഗോവയില്‍ വച്ച് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഡയലോഗ് പാര്‍ട്‌നേഴ്‌സില്‍ നിന്ന് സാര്‍ക്കിനെ തന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പകരം ബിംടെക് എന്ന താരതമ്യേന ശക്തികുറഞ്ഞ സംഘടനയേയാണ് ഗോവയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

വരും ദിവസങ്ങളില്‍ പാക്ക് ഹൈക്കമ്മീഷണറോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടാലോ ഇന്ത്യന്‍ പ്രതിനിധിയെ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവിളിച്ചാലോ അത്ഭുതപ്പെടാനില്ല. ഇതിനകം തന്നെ തീവ്രദേശീയ സംഘടനകള്‍ ബോളിവുഡിലെ പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്- ഇന്ത്യ വിട്ടുകൊള്ളാന്‍. ഇരു രാഷ്ട്രങ്ങളിലെയും മാധ്യമങ്ങള്‍ തമ്മിലുള്ള യുദ്ധവും ആരംഭിച്ചുകഴിഞ്ഞു. മുറിവില്‍ മരുന്നു കെട്ടുകയല്ല ഉപ്പുപുരട്ടുകയാണ് അച്ചടി- ഇലക്ട്രോണിക്‌സ്- സമൂഹ മാധ്യമങ്ങളില്‍ ഭൂരിഭാഗവും. അതിര്‍ത്തി സംരക്ഷണത്തിന് ചെലവഴിക്കുന്ന കോടികളുണ്ടെങ്കില്‍ ലക്ഷങ്ങളുടെ വയറു നിറയ്ക്കാം. സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കാനാവാത്തവിധമെന്നപോലെ കശ്മീര്‍ പ്രശ്‌നത്തെ മാറ്റിക്കളഞ്ഞിരിക്കുന്നു.

Comments

comments

Categories: FK Special
Tags: issue, Kashmir