ഗൗതം ഗംഭീര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത

ഗൗതം ഗംഭീര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ടീം ഇന്ത്യ മുന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത. ടീം ഇന്ത്യയിലെ യുവതാരവും ഓപ്പണറുമായ ലോകേഷ് രാഹുലിന് പരിക്കേറ്റതാണ് ഗംഭീറിന്റെ മടങ്ങി വരവിന് സാധ്യത വര്‍ധിപ്പിക്കുന്നത്.

രാഹുലിന്റെ പരിക്ക് ഭേദമാകുന്നില്ലെങ്കില്‍ ഗംഭീറിനെ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനാണ് പരിശീലകനായ അനില്‍ കുംബ്ലെയുടെ തീരുമാനമെന്നാണ് അറിയുന്നത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലാണ് രാഹുലിന് പരിക്കേറ്റത്. പരിക്കേറ്റതിനാല്‍ രാഹുലിന് പകരം ശിഖര്‍ ധവാനായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡ് ചെയ്തത്.

രാഹുലിന്റെ പരിക്കിന് പുറമെ ധവാന്റെ ഫോമില്ലായ്മയും ഗംഭീറിന്റെ തിരിച്ചുവരവിന് സാധ്യത കൂട്ടുന്നു. ഗൗതം ഗംഭീറിനോട് ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മാസം 30ന് കൊല്‍ക്കത്തയില്‍ വെച്ചാണ് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ്. ഇന്ത്യയില്‍ നടത്തപ്പെടുന്ന 250-ാം ടെസ്റ്റ് മത്സരം കൂടിയാണിത്.

2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീര്‍ അവസാനമായി ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച ഫോം തുടരുന്ന ഗംഭീറിന്റെ ബാറ്റിംഗ് മികവില്‍ അദ്ദേഹത്തിന്റെ ടീമായ ഇന്ത്യ ബ്ലൂ അടുത്തിടെ ദുലീപ് ട്രോഫി സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് ഇന്നിംഗ്‌സില്‍ നാല് അര്‍ധ സെഞ്ച്വറിയോടെ 320 റണ്‍സ് ഗംഭീര്‍ നേടി.

എങ്കിലും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഗംഭീറിന് പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് സെലക്ടര്‍മാര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ബ്രിങ് ബാക്ക് ഗൗതം എന്നെഴുതിയ ബാനറുകളുമായി ആരാധകര്‍ അണിനിരന്നതും തന്നെ തഴഞ്ഞതിനെതിരെ ഗൗതം ഗംഭീര്‍ പോസ്റ്റ് ചെയ്ത ട്വീറ്റും പിന്നീട് വിവാദമായിരുന്നു.

ടീം ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് ഫൈനലിലുള്‍പ്പെടെ നിര്‍ണായകമായ ഇന്നിംഗ്‌സുകള്‍ കളിച്ച ഗംഭീര്‍ 56 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 42.58 ശരാശരിയില്‍ 4046 റണ്‍സ് നേടിയിട്ടുണ്ട്. മുരളി വിജയും ശിഖര്‍ ധവാനും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായി മാറിയതോടെയാണ് ഗംഭീറിന് ടീമിലെ സ്ഥാനം നഷ്ടമായത്. 2013ലാണ് ടീം ഇന്ത്യ ജഴ്‌സിയില്‍ ഗംഭീര്‍ ഏകദിന മത്സരത്തിനിറങ്ങിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന താരമാണ് ഗംഭീര്‍. ഐപിഎല്‍ കഴിഞ്ഞ സീസണിലെ 15 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ച്വറികളോടെ 501 റണ്‍സ് ഗംഭീര്‍ നേടിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിലെ നാലാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു അത്. പുറത്താകാതെ നേടിയ 90 റണ്‍സായിരുന്നു കഴിഞ്ഞ ഐപിഎല്ലിലെ ഗംഭീറിന്റെ ഉയര്‍ന്ന സ്‌കോര്‍.

.

Comments

comments

Categories: Sports