കുംബ്ലെയുടെ കണ്ണടയും തൊപ്പിയും മോഷ്ടിക്കപ്പെട്ടു

കുംബ്ലെയുടെ കണ്ണടയും തൊപ്പിയും മോഷ്ടിക്കപ്പെട്ടു

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് മുമ്പ് ടീം ഇന്ത്യ പരിശീലകനായ അനില്‍ കുംബ്ലെയുടെ കണ്ണടയും തൊപ്പിയും മോഷണം പോയി. ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ മുന്‍ ക്യാപ്റ്റന്മാരെ ആദരിച്ച ചടങ്ങിനിടെയായിരുന്നു സംഭവം.

മെമെന്റോ ഏറ്റുവാങ്ങുന്നതിനായി കണ്ണടയും തൊപ്പിയും അഴിച്ച് വെച്ചതിന് ശേഷമാണ് കുംബ്ലെ വേദിയിലേക്ക് കയറിയത്. ഈ സമയത്തായിരുന്നു അദ്ദേഹത്തിന്റെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടത്. ഇവ ധരിച്ച് വേദിയില്‍ കയറുന്നത് അനുചിതമാകില്ല എന്ന് കരുതിയാണ് അഴിച്ച് വെച്ചതെന്ന് കുംബ്ലെ പിന്നീട് അറിയിച്ചു.

കനത്ത സുരക്ഷയൊരുക്കിയ പരിപാടിക്കിടെ ഇത്തരമൊരു മോഷണം നടന്നത് വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക്, സംസ്ഥാന കായിക മന്ത്രി, സ്‌പോര്‍ട്‌സ് സെക്രട്ടറി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ടീം ഇന്ത്യ പരിശീലകനായതിന് ശേഷം രണ്ടാം തവണയാണ് കുംബ്ലെയ്ക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നത്. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പരയ്ക്കിടെ വിമാനക്കമ്പനിയുടെ അശ്രദ്ധയാല്‍ കുംബ്ലെയുടെ ബാഗ് നഷ്ടപ്പെട്ടിരുന്നു. അന്ന് വളരെ നേരത്തിന് ശേഷമായിരുന്നു ബാഗ് നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Comments

comments

Categories: Sports