ആരാധക പിന്തുണയോടെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് ബിസിസിഐ

ആരാധക പിന്തുണയോടെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് ബിസിസിഐ

മുംബൈ: അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമിനെ ആരാധക പിന്തുണയോടെ തിരഞ്ഞെടുത്ത് ബിസിസിഐ. ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ടീമിനെ കണ്ടെത്തിയത്.

നിലവിലെ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തിരഞ്ഞെടുക്കപ്പെട്ട ടീമിന്റെ ക്യാപ്റ്റന്‍. 40 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1900 റണ്‍സ് മാത്രം നേടിയ യുവരാജ് സിംഗാണ് പട്ടികയില്‍ അപ്രതീക്ഷിതമായി ഇടം കണ്ടെത്തിയ താരം. 12മനായാണ് യുവരാജ് ടീമിലംഗമായത്.

അതേസമയം 113 മത്സരങ്ങളില്‍ നിന്നും 7212 റണ്‍സ് നേടിയ സൗരവ് ഗാംഗുലിക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. നിലവിലെ ടീം ഇന്ത്യ ടെസ്റ്റ് നായകനായ വിരാട് കോഹ്‌ലിക്കും ടീമില്‍ ഇടം കണ്ടെത്താനായില്ല.

സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വി വി എസ് ലക്ഷ്മണ്‍, കപില്‍ ദേവ്, രവിചന്ദ്ര അശ്വിന്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരാണ് ആരാധകര്‍ തിരഞ്ഞെടുത്ത മറ്റ് താരങ്ങള്‍.

96% ആരാധകര്‍ ടീമില്‍ ദ്രാവിഡ് വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 73% മാത്രമാണ് സച്ചിനെ പിന്തുണച്ചത്. കുംബ്ലൈ, കപില്‍ ദേവ്, ധോണി, സെവാഗ്, സഹീര്‍, ശ്രീനാഥ്, ഗവാസ്‌കര്‍, യുവരാജ്, ലക്ഷ്മണ്‍, അശ്വിന്‍ എന്നിവര്‍ക്ക് യഥാക്രമം 92, 91, 90, 86, 83, 78, 68, 62, 58, 53 ശതമാനം വീതം ആരാധക പിന്തുണയാണ് ലഭിച്ചത്.

Comments

comments

Categories: Slider, Sports