ഗോള്‍ഫിലെ രാജാവ് മടങ്ങുമ്പോള്‍

ഗോള്‍ഫിലെ രാജാവ് മടങ്ങുമ്പോള്‍

ഗോള്‍ഫ് ലോകത്തെ രാജാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ഇതിഹാസ താരം അര്‍ണോള്‍ഡ് പാമര്‍ ഈ ലോകത്തോടു വിടപറഞ്ഞത് ഞായറാഴ്ചയാണ്. അര്‍ണോള്‍ഡ് ഡാനിയല്‍ പാമര്‍ ഗോള്‍ഫ് മേഖലയിലേക്കു കടന്നുവരുമ്പോള്‍ ഗോള്‍ഫ് ഒരു ജനപ്രിയ കായിക ഇനമായിരുന്നില്ല. പിന്നീട് പാമറിലൂടെ ഗോള്‍ഫ് വളര്‍ന്നുവെന്നു പറയേണ്ടിയിരിക്കുന്നു. അത്രത്തോളമായിരുന്നു ഈ മനുഷ്യന്‍ ഗോള്‍ഫ് എന്ന കായിക ഇനത്തിനു നല്‍കിയ സംഭാവന. ആഢ്യത്വത്തിന്റെ വിനോദമായ ഗോള്‍ഫ് പാമര്‍ വരുന്നതിനു മുന്‍പ് സാധാരണക്കാരെ സംബന്ധിച്ച് ഒരു വിഷയം പോലുമല്ലായിരുന്നു. സാധാരണക്കാരില്‍ നിന്ന് ഏറെ അകലം പാലിച്ച ഒരു കായിക ഇനം കൂടിയായിരുന്നു അന്നുവരെ ഗോള്‍ഫ്. അമേരിക്കയിലും യൂറോപ്പിലും ടെലിവിഷന്‍ സംപ്രേക്ഷണം വ്യാപകമായ കാലത്തു തന്നെയാണ് അര്‍ണോള്‍ഡ് പാമറും ഗോള്‍ഫ് മൈതാനത്തേക്കിറങ്ങിയത്. പാമറുടെ ശൈലിയും ശരീരഭാഷയും കളിക്കളത്തിലെ ചലനങ്ങളും ടെലിവിഷന്‍ സ്‌ക്രീനിന് ഏറെ യോജിച്ചതായിരുന്നു. ഇതു പാമറെ ഗോള്‍ഫ് ലോകത്തെ രാജാവെന്ന വിളിപ്പേരിനുടമയാക്കി. സ്‌പോര്‍ട്‌സിന്റെ വാണിജ്യ സാധ്യത തിരിച്ചറിഞ്ഞ് സ്‌പോര്‍ട്‌സ് സംബന്ധിയായ സംരംഭം തുടങ്ങി വിജയങ്ങള്‍ നേടിയ ആളെന്ന നിലയിലും പാമര്‍ ശ്രദ്ധേയനാണ്. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഗോള്‍ഫ് കളിയിലെ പങ്കാളിയായ ഇദ്ദേഹം ഗോള്‍ഫ് ലോകത്തെ ഏഴു പ്രധാന അമച്വര്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് തൊണ്ണൂറോളം കിരീടങ്ങളും പ്രൊഫഷണല്‍ ടൂര്‍ണമെന്റില്‍ നിന്ന് പതിനാലു കിരീടങ്ങളും സ്വന്തമാക്കി. അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കിയാണ് പാമറെ മാതൃരാജ്യം ആദരിച്ചത്. 2006-ല്‍ അര്‍ണോള്‍ഡ് പാമര്‍ ഗോള്‍ഫ് കളിയില്‍ നിന്നു വിരമിച്ചെങ്കിലും അദ്ദേഹം സൃഷ്ടിച്ചെടുത്ത പ്രശസ്തിക്ക് ഒരുഘട്ടത്തിലും ഇടിവുതട്ടിയില്ല. ഗോള്‍ഫില്‍ നിന്നു വിരമിച്ചശേഷവും സ്‌പോര്‍ട്‌സ് ബിസിനസ് രംഗത്ത് ഊര്‍ജസ്വലമായി നിലയുറപ്പിച്ച പാമര്‍ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആവേശമായിരുന്നു. പാമറുടെ ഊര്‍ജസ്വലത ഉയര്‍ത്തിവിട്ട ആവേശം അദ്ദേഹത്തിന്റെ വേര്‍പാടിനു ശേഷവും ആരാധകരില്‍ നിന്നു ചോര്‍ന്നു പോകില്ലെന്നു നിസംശയം പറയാനാവും.

1929-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് അര്‍ണോള്‍ഡ് പാമര്‍ ജനിച്ചത്. ഗോള്‍ഫ് ഗ്രൗണ്ട് സൂക്ഷിപ്പുകാരനായ മില്‍ഫ്രഡ് ജെറോമാണ് പിതാവ്. തന്റെ പിതാവില്‍നിന്നാണ് പാമര്‍ ഗോള്‍ഫിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. മൂന്നു വയസുള്ളപ്പോള്‍ മൈതാനത്തിലെ ജോലിക്കിടെ പിതാവ് ഗോള്‍ഫിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയതിനെക്കുറിച്ച് പാമര്‍ തന്റെ ആത്മകഥയായ എ ഗോള്‍ഫേഴ്‌സ് ലൈഫില്‍ പറയുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ സ്‌കൂള്‍തല ഗോള്‍ഫ് ടൂര്‍ണമെന്റുകളില്‍ പാമര്‍ പങ്കെടുക്കുമായിരുന്നു. ചെറു പ്രായത്തില്‍ ഗോള്‍ഫ് അഭ്യസിച്ച പാമര്‍ ഗോള്‍ഫ് സ്‌കോളര്‍ഷിപ്പോടെ നോര്‍ത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ് കോളേജില്‍ പ്രവേശനം നേടി. തന്റെ പ്രിയ മിത്രം ബുഡ് വോര്‍ഷം എന്നയാളുടെ മരണത്തോടെ വേക്ക് ഫോറസ്റ്റ് കോളേജിലെ പഠനം ഉപേക്ഷിച്ച പാമര്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജോലിക്കു ചേര്‍ന്നു. മൂന്നു വര്‍ഷത്തോളം കോസ്റ്റ് ഗാര്‍ഡില്‍ ജോലി ചെയ്ത ശേഷം ഗോള്‍ഫിനോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം വീണ്ടും കോളേജില്‍ തിരിച്ചെത്തി. ഇതിനുശേഷം ഗോള്‍ഫ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി.
1946-ല്‍ പാമര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ നടന്ന പെന്‍സില്‍വാനിയ ഇന്റര്‍സ്‌കൂളാസ്റ്റിക് അത്‌ലറ്റിക് അസോസിയേഷന്‍ നടത്തിയ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ വിജയമാണ് അമച്വര്‍ ഗോള്‍ഫില്‍ പാമര്‍ നേടുന്ന ആദ്യ വിജയം. 1955-ലെ കനേഡിയന്‍ ഓപ്പണായിരുന്നു അമേരിക്കയ്ക്കു പുറത്ത് പാമര്‍ പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇദ്ദേഹം നേടിയ സമ്മാനത്തുക 2400 യു എസ് ഡോളറായിരുന്നു. പിന്നീടു നടന്ന എല്ലാ സീസണുകളിലെയും കനേഡിയന്‍ ടൂര്‍ണമെന്റുകളില്‍ പാമര്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തി. പാമറുടെ വശ്യമായ സൗന്ദര്യവും ചലനങ്ങളും ടെലിവിഷന്‍ സ്‌ക്രീനില്‍ അദ്ദേഹത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കി. ആയിരത്തി തൊള്ളായിരത്തി അന്‍പതിനും അറുപതിനുമിടയ്ക്ക് ടെലിവിഷന്‍ സംപ്രേക്ഷണം വ്യാപകമായി ആരംഭിക്കുന്ന കാലത്താണ് പാമറുടെ ഗോള്‍ഫിലേക്കുള്ള കടന്നുവരവ്. ഗോള്‍ഫ് മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേക്ഷണം പാമറെ ഗ്ലാമര്‍ താരമായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ഘടകമായിരുന്നു. ഗോള്‍ഫ് മത്സരങ്ങളുടെ സംപ്രേക്ഷണം പാമര്‍ക്ക് അമേരിക്കയില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുക്കുന്നതിലേക്കു നയിച്ചു. ജോര്‍ജിയയിലെ അഗസ്തയില്‍ 1958-ല്‍ നടന്ന മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ പ്രകടനം പാമറെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. 1960-നും 1963-നും ഇടയ്ക്കു നടന്ന പി ജി എ ടൂറുകളില്‍ പാമര്‍ തുടര്‍ച്ചയായി 29 വിജയങ്ങള്‍ നേടിയത് ഇദ്ദേഹത്തിന്റെ കരിയര്‍ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി.
ഗോള്‍ഫിലെ തന്റെ പ്രശസ്തിയുടെ വിപണന മൂല്യം തിരിച്ചറിഞ്ഞ പാമര്‍ കൈവച്ച ബിസിനസുകളെല്ലാം വന്‍ വിജയമായിരുന്നു. 1961-ല്‍ ഗോള്‍ഫ് താരമായി പ്രശസ്തിയാര്‍ജിച്ചു തുടങ്ങിയ കാലത്ത് പാമര്‍ ആരംഭിച്ച അര്‍ണോള്‍ഡ് പാമര്‍ എന്റര്‍പ്രൈസസ് മികച്ച ബ്രാന്‍ഡായി ചുരുങ്ങിയ കലത്തിനുള്ളില്‍ തന്നെ വളര്‍ന്നു. ഗോള്‍ഫ് കുടകളുമായാണ് പാമര്‍ എന്റര്‍പ്രൈസസ് വിപണിയിലേക്കിറങ്ങിയത്. പാമറുടെ പിന്നീടുള്ള ബിസിനസ് വളര്‍ച്ചയ്ക്ക് ഗോള്‍ഫ് കുടയുടെ പ്രശസ്തി തണലാവുകയും ചെയ്തു. പാര്‍ട്ണര്‍ഷിപ്പ് ബിസിനസിലും പാമര്‍ ശ്രദ്ധചെലുത്തി. തന്റെ സ്‌കൂള്‍ പഠനകാലത്ത് ഗോള്‍ഫില്‍ എതിരാളിയായി വന്ന മാര്‍ക്ക് മക്രോമാക്ക് പാമറുടെ ബിസിനസ് പങ്കാളിയായിരുന്നു. അത്‌ലറ്റ് മാനേജ്‌മെന്റ് ബിസിനസിലായിരുന്നു പിന്നീട് പാമര്‍ മാര്‍ക്ക് മാക്രോമാക്കുമായി പങ്കാളിത്ത ബിസിനസ് നടത്തിയത്. 2004-ല്‍ മക്രോമാക്ക് അന്തരിക്കുന്നതു വരെ ഇതു തുടര്‍ന്നു. സ്‌പോര്‍ട്‌സ് അധിഷ്ടിത ബിസിനസുകളിലാണ് പാമര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും മറ്റു ബിസിനസുകളിലും ഇദ്ദേഹം പങ്കാളിയായിരുന്നു. ഐസ്ഡ് ടീ, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ എന്നിവയുടെ ബിസിനസിലും പാമര്‍ ഏര്‍പ്പെട്ടിരുന്നു.
റെയോവാക് ബാറ്ററീസ്, റോളക്‌സ് വാച്ചസ്, സ്റ്റാര്‍ കീ ഹിയറിംഗ് എയ്ഡ്‌സ്, പെന്‍സോയില്‍ എഞ്ചിന്‍ ഫ്‌ളൂയിഡ്‌സ്, കെറ്റോള്‍ ഒണ്‍ വോഡ്ക, കാഡിലാക് ലക്ഷ്വറി കാര്‍, കോള്‍വേ ഗോള്‍ഫിംഗ് പ്രോഡക്ട്‌സ് എന്നിങ്ങനെ നീളുന്നു പാമര്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പട്ടിക. ഗോള്‍ഫ് കോഴ്‌സുകള്‍ നടത്താനായി പാമര്‍ അനേകം ഗോള്‍ഫ് ക്ലബ്ബുകള്‍ നടത്തിയിരുന്നു. ലോകമെമ്പാടും മുന്നൂറിലധികം കോഴ്‌സുകളാണ് പാമര്‍ നടത്തിവന്നത്. ലോകമെമ്പാടുമുള്ള ഗോള്‍ഫ് ക്ലബ്ബുകളില്‍ നിന്ന് പാമര്‍ക്കു സ്വന്തമാക്കാനായത് കോടിക്കണക്കിന് ഡോളറിന്റെ വരുമാനമാണ്.
ഗോള്‍ഫ് താരങ്ങളുടെ ഇടയില്‍നിന്ന് ഇത്തരത്തില്‍ ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനു തുടക്കമിട്ടത് പാമറാണ്. അമേരിക്കയിലെ ഒര്‍ലാന്‍ഡോയിലുള്ള ബേ ഹില്‍ ക്ലബ്ബ്, ലോഡ്ജ് ക്ലബ്ബ് എന്നിവിടങ്ങളില്‍ വച്ചാണ് അര്‍ണോള്‍ഡ് പാമര്‍ ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഈ രണ്ടു ക്ലബ്ബുകളും പാമറുടെ ഉടമസ്ഥതയിലുള്ളവയാണ്. ഒരു പി ജി എ ടൂര്‍ണമെന്റില്‍ നിന്ന് ഒരുലക്ഷം ഡോളര്‍ കരസ്ഥമാക്കുന്ന ആദ്യ ഗോള്‍ഫ് താരമെന്ന ബഹുമതി നേടിയിട്ടുള്ള പാമര്‍ കായിക രംഗത്തെ അതിസമ്പന്നരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഗോള്‍ഫില്‍ നിന്നു കിട്ടിയ സമ്മാന തുകകള്‍ക്കു പുറമേ തന്റെ തന്നെ സംരംഭങ്ങളില്‍ നിന്ന് ശതകോടിക്കണക്കിന് ഡോളറാണ് അദ്ദേഹം സമ്പാദിച്ചത്. 1994-ല്‍ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ പാമര്‍ ഒന്നാമതെത്തിയിരുന്നു. 175 മില്യണ്‍ ഡോളറായിരുന്നു അന്ന് പാമറുടെ ആസ്തി. ഏഷ്യന്‍ വിപണിയില്‍നിന്നു മാത്രം 100 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് പാമര്‍ നേടിയത്.
അര്‍ണോള്‍ഡ് പാമറെന്ന ഊര്‍ജസ്വലനായ കായിക താരത്തിന്റെയും തന്ത്രശാലിയായ സംരംഭകന്റെയും മരണത്തോടെ കായിക- വാണിജ്യ രംഗത്തെ ഒരു യുഗത്തിന് അന്ത്യമാവുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ ഊര്‍ജസ്വലത ഗോള്‍ഫിലും ബിസിനസിലും സൃഷ്ടിച്ചെടുത്ത സാമ്രാജ്യങ്ങളില്‍ ഇനിയുമൊരുപാട് കാലം അര്‍ണോള്‍ഡ് പാമറുകളുടെ സാന്നിധ്യം ഉണ്ടാകുമെന്നുറപ്പാണ്.

Comments

comments

Categories: FK Special