സംരംഭകരുടെ മനശാസ്ത്രം

സംരംഭകരുടെ  മനശാസ്ത്രം

ഏതു സാഹചര്യത്തിലും സ്വന്തമായ ഇടം കണ്ടെത്തി വിജയം കൈവരിക്കുന്നവരായാണ് സംരംഭകരെ വിലയിരുത്തുന്നത്. വിജയം കൈവരിച്ച പല സംരംഭകരുടെയും പൂര്‍വകാലം പരിശോധിച്ചാല്‍ അവരില്‍ പലരും തുടക്കകാലത്ത് കയ്‌പേറിയ യാഥാര്‍ഥ്യങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളതെന്നു മനസിലാക്കാനവും. അവസരങ്ങള്‍ എപ്പോഴും ലഭിക്കുന്നതല്ല മറിച്ച് ലഭിക്കുന്ന അവസരങ്ങള്‍ യുക്തിഭദ്രമായി വിനിയോഗിക്കുന്നവരെയാണ് വിജയങ്ങള്‍ തേടിയെത്തുകയെന്നതാണ് സംരംഭകത്വത്തെക്കുറിച്ചു പറയാറുള്ളത്. ഇതോടൊപ്പം സംരംഭകന്‍ ആവുകയെന്നത് ഏതെങ്കിലും പ്രത്യേക കഴിവിന്റെയോ യോഗ്യതയുടെയോ അടിസ്ഥാനത്തിലല്ല. മറിച്ച് നിരവധി സവിശേഷ സാഹചര്യങ്ങളുടെയും സ്വഭാവങ്ങളുടെയും പ്രേരണയാലാണ് ഒരു സംരംഭകന്‍ രൂപമെടുക്കുക. സംരംഭകരാകാന്‍ സാധ്യതയുള്ള പരസ്പരബന്ധിതമായ ഏതാനും സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

1. ഭരിക്കപ്പെടാന്‍ ഇഷ്ടമല്ലാത്തവര്‍
വലിയ വിഭാഗം ആളുകള്‍ സംരംഭകത്വത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് തന്നെ നിയന്ത്രിക്കാന്‍ ആരും ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്നാണ്. മേലുദ്യോഗസ്ഥനോ മുതളാളിയോ തന്നെ നിയന്ത്രിക്കുന്നത് അത്രത്തോളം അസഹ്യവും തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതുമായ കാര്യമാണെന്ന ചിന്താഗതിയുള്ളവര്‍ സംരംഭകത്വത്തിന്റെ വഴിയിലെത്തിപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് പലപ്പോഴും തന്റേതായ രീതികളില്‍ ജോലി ചെയ്യുന്നതിലായിരിക്കും കൂടുതല്‍ താല്‍പര്യം. മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജോലി മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്കു കഴിയില്ല. അതുകൊണ്ടുതന്നെ ഇവര്‍ സംരഭകത്വത്തിന്റെ പാത തെരഞ്ഞെടുക്കും.

2. ആവര്‍ത്തനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍
ഒരു സ്ഥാപനത്തിലോ സംരംഭത്തിലോ ജീവനക്കാരനായിരിക്കുമ്പോള്‍ പലപ്പോഴും ഒരാള്‍ക്ക് ചെയ്യേണ്ടി വരുന്നത് ആവര്‍ത്തിച്ചു വരുന്ന കാര്യങ്ങളായിരിക്കും. അത് ഒരുപക്ഷേ ദിവസേനയുള്ള ആവര്‍ത്തനമാവാം അല്ലെങ്കില്‍ ആഴ്ചകളും മാസങ്ങളും ഇടവിട്ടുള്ള ആവര്‍ത്തനങ്ങളാകാം. ഇത്തരത്തില്‍ ഒരേതരം ജോലികള്‍ നിരന്തരമായി ചെയ്യാന്‍ ഇഷ്ടമല്ലാത്തവരില്‍ ഒരു വലിയ വിഭാഗം എത്തിച്ചേരുക സംരംഭകത്വത്തിന്റെ പാതയിലാണ്. ഒരു സംരംഭകനെന്ന നിലയില്‍ ഓരോ ദിവസവും നേരിടേണ്ടിവരുന്ന വ്യത്യസ്ത സാഹചര്യങ്ങള്‍ വെല്ലുവിളികളോടെ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് ഉത്സാഹമായിരിക്കും. ഈ ഉത്സാഹം ഇവരുടെ സംരംഭത്തെ വിജയത്തിലേക്കു നയിക്കുകയും ചെയ്യും.

3. സര്‍ഗാത്മകത കൈമുതലായവര്‍
സര്‍ഗാത്മകതയേറിയവരുടെ ചിന്തകള്‍ ഒരിക്കലും അടങ്ങിയിരിക്കില്ല. പു
തിയ പുതിയ ആശയങ്ങളുടെ വഴികളിലൂടെ അവ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആരും ചെന്നെത്താത്തതും കണ്ടെത്താത്തതുമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാനായിരിക്കും ഇവര്‍ ലക്ഷ്യമിടുന്നത്. ഇത്തരക്കാര്‍ സംരംഭകത്വത്തിന്‍െ വഴിയിലെത്തിപ്പെടാന്‍ സാധ്യത ഏറെയാണ്. സര്‍ഗസമ്പന്നനായ ഒരു സംരംഭകന്‍ തന്റെ സംരഭത്തിന്റെ എല്ലാ മേഖലകളിലും പുതുമയും ആകര്‍ഷണീയതയും കൊണ്ടുവരാന്‍ പരിശ്രമിക്കും. ഇത് സംരംഭത്തെ വിജയം നേടാന്‍ സഹായിക്കും.

4. ചഞ്ചലത ഇഷ്ടപ്പെടുന്നവര്‍
ഓരോ കാലത്തും പലപല കാര്യങ്ങളില്‍ കൗതുകം കണ്ടെത്തുന്ന തരം ചിന്താഗതിയുള്ളവര്‍ സംരംഭകത്വത്തിന്റെ പാതയില്‍ എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. നടപ്പു ശീലങ്ങളിലും ചെയ്തികളിലും മടുപ്പുതോന്നുന്ന ഇത്തരക്കാര്‍ വ്യത്യസ്തതയുടെ സാധ്യത എവിടെയും അന്വേഷിക്കും. ഇങ്ങനെ വ്യത്യസ്തതയുടെ പി
ന്നാലെ പോകുന്ന ഇവര്‍ ചെന്നെത്തുക പുതുസംരംഭത്തിനു തുടക്കമിടുന്നതിലേക്കാവും.

5.ജയില്‍ശിക്ഷ കഴിഞ്ഞവര്‍
സാഹചര്യങ്ങള്‍ മൂലം പലതരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയ്ക്കു വിധേയരായവര്‍ക്ക് തങ്ങള്‍ മുന്‍പു ചെയ്തിരുന്ന ജോലികളില്‍ തുടരാന്‍ സാമൂഹിക സാഹചര്യങ്ങള്‍ അനുവദിക്കാതെവരും. ഇത്തരക്കാര്‍ അതിജീവനത്തിനായി സംരഭകത്വത്തിന്റെ പാതിയിലെത്തിച്ചേരുന്നത് സ്വാഭാവികം. ഇത്തരം സംരംഭങ്ങളിലൂടെ മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് തങ്ങളെ സ്വയം പുനര്‍നിര്‍മിക്കാനും നഷ്ടപ്പെട്ട സാമൂഹിക അംഗീകാരം തിരിച്ചുപിടിക്കാനും ജീവിതവിജയം നേടാനും അവസരം ലഭിക്കുന്നു.

6.വിദ്യാഭ്യാസം കുറഞ്ഞവര്‍
സാമൂഹികവും വ്യക്തിപരവുമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം നേടാനാവാതെ പോയവര്‍ ജീവിത വിജയം നേടാന്‍ തെരഞ്ഞെടുക്കുന്ന മേഖലയാണ് സംരംഭകത്വത്തിന്റേത്. സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ പലപ്പോഴും കഴിവുണ്ടങ്കിലും ഇത്തരക്കാര്‍ പല ഉദ്യോഗാവസരങ്ങളില്‍ നിന്നും പിന്തള്ളപ്പെടുകയാണു പതിവ്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം സംരഭകത്വമെന്നത് വലിയൊരു അനുഗ്രഹമാണ്. വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ സംരംഭകരുടെ പട്ടിക പരിശോധിച്ചാല്‍ ഇത് മനസിലാവും.

7. വിദ്യാഭ്യാസം കൂടിയവര്‍
വിദ്യാഭ്യാസ യോഗ്യതകളുടെ അഭാവത്തില്‍ സംരംഭകത്വത്തിന്റെ പാതയിലെത്തുന്നതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് കൂടുതല്‍ വിദ്യാഭ്യാസമുള്ളവരുടെ സംരംഭക ലോകത്തെ സാന്നിധ്യം. വിവരസാങ്കേതിക രംഗത്തു വിപ്ലവം സൃഷ്ടിച്ച അനന്തമായ സാധ്യതകള്‍ മൂലം സാമ്പ്രദായിക വിദ്യാഭ്യാസത്തിനു ശേഷവും തങ്ങളുടെ ഇഷ്ടമേഖലകളില്‍ പഠനം തുടരുന്ന നിരവധിപ്പേരെ കാണാനാവും. എന്നാല്‍ ഈ അധിക യോഗ്യതകള്‍ക്കനുസൃതമായി നമ്മുടെ തൊഴില്‍ വിപണി ഇന്നും പാകപ്പെട്ടിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ അതിവിദ്യാസമ്പന്നര്‍ തങ്ങളുടെ അക്കാദമിക് ശേഷിയും സര്‍ഗശേഷിയും കൈമുതലാക്കി സംരംഭകത്വത്തിന്റെ പാതയില്‍ ചുവടുറപ്പിച്ചു വിജയം സ്വന്തമാക്കുന്നത് ഇന്നിന്റെ യാഥാര്‍ഥ്യമാണ്.

8.നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍
പലവിധ സാഹചര്യങ്ങള്‍മൂലം ജീവിതം അത്രമേല്‍ ദുസഹമായവര്‍ തങ്ങള്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ അവസാന ആശ്രയമായി സംരംഭക ലോകത്ത് എത്തിപ്പെടാറുണ്ട്. ജോലി നഷ്ടമായവരും ബിസിനസ് പരാജിതരും ജയില്‍ശിക്ഷയനുഭവിച്ചവരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗം സംരംഭകത്വത്തിന്റെ പാതയിലൂടെ വിജയപഥങ്ങളിലേക്ക് നടന്നുകയറാറുണ്ട്.

9.നൈപുണ്യം ഏറിയവര്‍
പ്രശ്‌നപരിഹാരത്തിലും ലക്ഷ്യപ്രാപ്തിയിലും നൈപുണ്യമേറിയവര്‍ സംരംഭക മേഖലയിലെത്താന്‍ സാധ്യതയേറെയാണ്. ഇത്തരക്കാര്‍ വ്യത്യസ്തമായ സംരംഭക ആശയം കണ്ടെത്താനും
അത് സ്ഥിരോത്സാഹത്തോടെ വിജയത്തിലെത്തിക്കാനും മികച്ച ശേഷിയുളവരായിരിക്കും. ജന്മനാ തന്നെ ലഭിച്ചിട്ടുള്ള നിരവധി സര്‍ഗ വൈഭവങ്ങള്‍ ഇവരെ സംരഭകത്വത്തിന്റെ പാ
തയിലേക്കു നയിക്കുന്നു.

10. തൊഴില്‍ നഷ്ടപ്പെടുന്നവര്‍
മാറുന്ന സാഹചര്യങ്ങളില്‍ അപ്രസക്തമായ തൊഴില്‍ മേഖലകളില്‍ നിന്ന് പുറന്തള്ളപ്പെട്ടു ജോലി നഷ്ടമാകുന്നവര്‍ സംരംഭക രംഗത്തേക്കു കടന്നു വരുന്നത് സ്വാഭാവികം. സാങ്കേതികവിദ്യകള്‍ കാലഹരണപ്പെടുകയും പുതിയ സാങ്കേതികവിദ്യകള്‍ പ്രാബല്യത്തിലാവുകയും ചെയ്യുമ്പോള്‍ സാധാരണയായി നിരവധിപ്പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടാറുണ്ട്. മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനം നേടിയെടുക്കാന്‍ സംരംഭകത്വം തുറന്നു നല്‍കുന്നതു വിശാലമായ വഴികളാണ്. തങ്ങളുടെ സര്‍ഗ വൈഭവം ഉപയോഗപ്പെടുത്തി സംരംഭം വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്കു കഴിയും.

11.വിപണന തന്ത്രം കൈമുതലായുള്ളവര്‍
സംരംഭകത്വ മേഖലയില്‍ എത്തിച്ചേരുന്നവരില്‍ ഒരു വിഭാഗം ആളുകളുടെ സവിശേഷത അവരുടെ കൈവശമുള്ള വിപണന തന്ത്രം തന്നെ. ആരെക്കൊണ്ടും തങ്ങളുടെ പക്കലുള്ള ഉല്‍പ്പന്നം എന്തുതന്നെ ആയാലും അതു വാങ്ങിപ്പിക്കാന്‍ ചിലര്‍ക്കുള്ള ജന്മസിദ്ധമായ കഴിവ് പലരെയും സംരംഭകലോകത്തേക്ക് എത്തിക്കുന്നു. ഏതു തരത്തിലുള്ള ഉപഭോക്താവിന്റെയും താല്‍പര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ള ഇവര്‍ക്ക് വിപണിയുടെ മനസറിഞ്ഞ് സാധനങ്ങളോ സേവനങ്ങളോ ഉപഭോക്താക്കള്‍ക്ക് നല്‍കി സംരംഭം വിജയത്തിലെത്തിക്കാന്‍ എളുപ്പത്തില്‍ കഴിയും.

12. കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍
മറ്റുള്ളവരാല്‍ ഭരിക്കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയാത്തവരും തങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കസൃതമായി ജീവിക്കാനും ഇഷ്ടപ്പെടുന്ന ചിന്താഗതിക്കാര്‍ സംരംഭകത്വത്തില്‍ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഒരു വലിയ വിഭാഗം ഇത്തരത്തില്‍ സംരംഭകര്‍ ആയവരാണ്. മറ്റു തൊഴിലിടങ്ങളില്‍ ജീവനക്കാരായിരുന്നപ്പോള്‍ മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും സമ്മര്‍ദ്ദങ്ങളും മൂലം തൊഴില്‍ ഉപേഷിച്ച് സംരംഭകത്വത്തിന്റെ പാത തെരഞ്ഞെടുത്തവരും ധാരാളമുണ്ട്.

13. തീവ്രമായ അഭിലാഷമുള്ളവര്‍
സമ്പത്തോ പ്രശസ്തിയോ പോലുള്ള കാര്യങ്ങളില്‍ മറ്റുള്ളവരേക്കാള്‍ ഉന്നതങ്ങളില്‍ എത്തണമെന്ന തീവ്രമായ അഭിലാഷമുള്ളവര്‍ തെരഞ്ഞെടുക്കുന്ന പ്രാധാന മേഖലകളിലൊന്നാണ് സംരംഭകത്വം. തന്റെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഒത്തിണങ്ങിയ നിരവധി സാധ്യതകള്‍ സംരംഭക ലോകത്തുള്ളതിനാല്‍ ഇത്തരക്കാര്‍ ഈ മേഖലയിലെത്തി വിജയം വരിക്കുന്നത് സര്‍വസാധാരണമാണ്.

14. സാഹസികത ഇഷ്ടപ്പെടുന്നവര്‍
അകമെയും പുറമെയുമുള്ള അസംഖ്യം ഘടകങ്ങളുടെ സംയോജനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു സംരംഭത്തിന്റെ വിജയം പലപ്പോഴും അപകടസാധ്യത നിറഞ്ഞതാണ്. എല്ലാ സംരംഭങ്ങള്‍ക്കും വിജയത്തേക്കാള്‍ കൂടുതല്‍ പരാജയ സാധ്യതയാണ് ഒരുപടി മുന്നിലുള്ളത്. ഇത്തരത്തില്‍ അതീവ ദുര്‍ഘടമായ സംരംഭക ലോകത്തേക്കു ചാടിയിറങ്ങാന്‍ സാഹസിക ഇഷ്ടപ്പെടുന്നവര്‍ ധാരാളമെത്താറുണ്ട്. നഷ്ടസാധ്യത ധൈര്യപൂര്‍വം നേരിടാനും ഇത്തരക്കാര്‍ തയാറാകും.

15.കഠിന സാഹചര്യങ്ങളിലൂടെ കടന്നുവന്നവര്‍
പ്രതികൂലമായ സാഹചര്യങ്ങളിലൂടെ വളര്‍ന്നവരും മെച്ചപ്പെട്ട വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ നേടിയിട്ടില്ലാത്തവരുമായ ചിലര്‍ തങ്ങളുടെ ഇച്ഛാശക്തികൊണ്ട് സംരംഭക ലോകത്ത് എത്തിപ്പെടാറുണ്ട്. വന്‍ വിജയങ്ങളായ ഒട്ടനേകം സംരംഭങ്ങളുടെ പിന്നിലുള്ളത് ഇത്തരം കഠിനമായ ജീവിതാനുഭവങ്ങളാണ്.

16. മറ്റൊന്നും തെരഞ്ഞെടുക്കാത്തവര്‍
ചിലര്‍ സംരംഭകരായിത്തീരുന്നത് അവരുടെ ജന്മസിദ്ധമായ വാസനകളുടെ അടിസ്ഥാനത്തിലാണ്. ഇവര്‍ക്ക് മുന്നില്‍ മറ്റെന്തൊക്കെ സാധ്യതകളുണ്ടെങ്കിലും ഇവര്‍ അതൊന്നും പരിഗണിക്കാതെ സംരംഭകത്വം തന്നെ തെരഞ്ഞെടുക്കാറാണു പതിവ്.

Comments

comments

Categories: FK Special