കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കം; വന്‍ പ്രതീക്ഷയോടെ ടൂറിസം മേഖല 

കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കം;  വന്‍ പ്രതീക്ഷയോടെ ടൂറിസം മേഖല 

 

കൊച്ചി: കേരള ടൂറിസം രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. ലോക ടൂറിസം ദിനമായ ഇന്ന് തുടങ്ങുന്ന കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) 2016 കേരള ടൂറിസത്തിന് പുത്തന്‍ ദിശാബോധം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ ഓപ്പറേറ്റര്‍സ്, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങി ടൂറിസം രംഗവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മേളയ്ക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്.

കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒമ്പതാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ ഉദ്ാടനം ചെയ്യും. തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ 28 മുതല്‍ 30 വരെയാണ് ടൂറിസം മേള നടക്കുന്നത്. അവസാന ദിനമായ 30ന് മാത്രമേ പൊതു ജനങ്ങള്‍ക്ക് ട്രാവല്‍മാര്‍ട്ട് കാണാന്‍ പ്രവേശനമുണ്ടാകൂ.
ടൂറിസം മേഖലയില്‍ നിന്നു മാത്രമായി 5000 കോടി രൂപയുടെ അധിക വരുമാനം ഈ വര്‍ഷം സംസ്ഥാനത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ട് 2016ന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ് അദ്ദേഹം. കേരള ട്രാവല്‍ മാര്‍ട്ടില്‍ 57 വിദേശരാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തമുണ്ടാകും. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് മേളയില്‍ പങ്കെടുക്കുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആന്‍ഡ് സ്‌പൈസ് റൂട്ട് ടൂറിസം വികസനം എന്നിവയാണ് 2016 കേരളാ ട്രാവല്‍ മാര്‍ട്ടിന്റെ പ്രമേയങ്ങള്‍.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ വിമുക്തമാക്കുന്നതിന് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കുമെന്നും മികച്ച രീതിയിലുള്ള ഒരു മാറ്റമാണ് സംസ്ഥാന ടൂറിസം രംഗത്ത് ഉണ്ടാവാനിരിക്കുന്നതെന്നും മന്ത്രി. ശുചിത്വ മിഷന്‍, പ്രാദേശിക ഭരണകൂടങ്ങള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിലായിരിക്കും ഗ്രീന്‍ കാര്‍പ്പറ്റ് നടപ്പാക്കുക. ടോയ്‌ലറ്റ് സൗകര്യം ഉള്‍പ്പടെ വൃത്തിയും ശുചിത്വവും സുരക്ഷിതത്വവുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. കേരളത്തെ അലട്ടുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്കും ഇതോടെ ഒരു പരിഹാരമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഈ വര്‍ഷത്തെ ലോക ടൂറിസം ദിനത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുക എന്നതും കെടിഎമ്മിന്റെ ലക്ഷ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമനുസരിച്ച് ടൂറിസം രംഗത്ത് നാല് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എ സി മൊയ്തീന്‍ വ്യക്തമാക്കി. ബജറ്റില്‍ ടൂറിസത്തിന് വേണ്ടി നല്ലൊരു ശതമാനം തുക നീക്കിയിരുത്തിയിട്ടുണ്ട്. മാന്ദ്യ വിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 700 കോടി രൂപയ്ക്കു പുറമേ 324 കോടി രൂപ വേറെയും ടൂറിസത്തിനായി വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ പരിസ്ഥിതിക്ക് ഹാനികരമാകാത്തതും സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ളതുമായ സ്വകാര്യ സംരംഭങ്ങളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ പ്രാദേശിക മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മലബാറിലെ ടൂറിസം മേഖലയില്‍ നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്നത്. മലബാര്‍ മേഖലയിലെ ജലഗതാഗത സൗകര്യങ്ങള്‍ വികസിപ്പിച്ച് കൊണ്ട് ഹൗസ് ബോട്ട് ടൂറിസം മലബാറിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്, മലബാറിലെ പൈതൃക പദ്ധതികള്‍, കരകൗശല ഗ്രാമങ്ങള്‍ എന്നിവ കേന്ദ്രമാക്കിയുള്ള ടൂറിസത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. വയനാട്, ബേക്കല്‍, ഇടുക്കി എന്നിവിടങ്ങളില്‍ പുതിയ എയര്‍സ്ട്രിപ്പുകള്‍ തുടങ്ങുന്നത് പോലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ മലബാര്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് കരുത്തു പകരും. ഈ സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ മലബാറിലെ ടൂറിസം രംഗത്ത് വന്‍ വികസനങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ടൂറിസം മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി

ഭിന്നശേഷി സൗഹാര്‍ദ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

നാല് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍

ടൂറിസത്തിന് വേണ്ടി 700 കോടി രൂപ

മലബാര്‍ സ്‌പെഷല്‍ പാക്കേജ്

പുതിയ എയര്‍ സ്ട്രിപ്പുകള്‍

പരിസ്ഥിതി സൗഹാര്‍ദ ടൂറിസം

അഡ്വഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍

സീസണ്‍ സമയത്തെ വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം

ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കല്‍

Comments

comments

Categories: Slider, Top Stories