ലോധ സമിതി റിപ്പോര്‍ട്ടിനെതിരേ കപില്‍ ദേവും സുനില്‍ ഗവാസ്‌കറും

ലോധ സമിതി റിപ്പോര്‍ട്ടിനെതിരേ  കപില്‍ ദേവും സുനില്‍ ഗവാസ്‌കറും

കാണ്‍പൂര്‍: ലോധ സമിതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും കപില്‍ ദേവും രംഗത്ത്. സമിതിയുടെ പല നിര്‍ദ്ദേശങ്ങളും അപ്രായോഗികവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമല്ലെന്നുമാണ് ഇരുവരും അഭിപ്രായപ്പെട്ടത്. കാണ്‍പൂരിലെ ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരത്തിനിടെയാണ് ഇവര്‍ ലോധ സമിതി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ലോധ സമിതിയോട് ആദരവുണ്ടെന്ന് അറിയിച്ച സുനില്‍ ഗവാസ്‌കര്‍ സംസ്ഥാനത്ത് ഒരു ടീമിന് പ്രാതിനിധ്യം നല്‍കുകയെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നത് ക്രിക്കറ്റിന് ഗുണകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ലെന്നും ഓസ്‌ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റില്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്നും വ്യക്തമാക്കിയ ഗവാസ്‌കര്‍ രഞ്ജി ട്രോഫിയില്‍ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്നു എന്നതുകൊണ്ട് ക്രിക്കറ്റിന് പ്രത്യേകമായ ഗുണമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്ത് ഒരു ടീം മാത്രമെന്നത് കളിക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ടീം സെലക്ടര്‍മാരുടെ കാലാവധി മൂന്ന് വര്‍ഷമാക്കുന്നതിനോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇന്ത്യയിലെ സാഹചര്യത്തിനനുസരിച്ച് സെലക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും കാലാവധി അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട കപില്‍ ക്രിക്കറ്റ് ഭരണാധികാരികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ സ്വാഗതം ചെയ്തു. ഇത്രയും കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ നിയിച്ച ബിസിസിഐയെ വിശ്വാസത്തിലെടുത്തായിരിക്കണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Sports