ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചൈനീസ് നിക്ഷേപകരെ ആകര്‍ഷിക്കുന്നു

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചൈനീസ് നിക്ഷേപകരെ ആകര്‍ഷിക്കുന്നു

 

ബെംഗളൂരു: ലോകത്ത് തുടങ്ങിയിരിക്കുന്ന സ്റ്റാര്ട്ടപ്പ് കമ്പനികളില്‍ ചൈനയിലെ നിക്ഷേപകരെ കൂടുതലായും ആകര്‍ഷിക്കുന്നത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ചൈനീസ് നിക്ഷേപകരുടെ എണ്ണം കൂടി വരികയാണെന്ന് ചൈനീസ് കമ്പനിയായ മൊബീല്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോം യാമൊബീയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ സൈബര്‍ കരിയര്‍് പാട്ണറായ ജെസീക്ക വോംഗ് അഭിപ്രായപ്പടുന്നു. കഴിഞ്ഞ വാരാന്ത്യം സംഘടിപ്പിച്ച ടെക്‌നോളജി ഇഷ്യു ഉച്ചകോടിയില്‍ പങ്കെടുത്ത 17ഓളം ചൈനീസ് നിക്ഷേപകര്‍ക്ക് ബെംഗളൂരുവിലെത്തി ഇന്ത്യന്‍ സംരംഭകരുമായി സംവദിക്കാന്‍ അവസരമൊരുക്കിയതായും ജെസീക്ക വോംഗ് പറഞ്ഞു.

സൈബര്‍ കരിയര്‍ പ്രധാനമായും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. ഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ കരിയറിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനായി ഏകദേശം 30 മില്ല്യണ്‍ ഡോളറിന്റെ ഫണ്ടുണ്ട്. ഇതുവരെ 10 ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള അവര്‍ 10 പുതിയ സ്റ്റാര്‍ട്ടപ്പുകളെ കൂടി പിന്തുണയ്ക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഫണ്ട് തുടങ്ങിയത്.

സൈബര്‍ കരിയര്‍, ഒനിയോന്‍ഫാന്‍സ്, ടെക്‌നോളജി ഇഷ്യു മാഗസീന്‍, എക്‌സ്പ്രസന്‍ ലാബ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടെക്‌നോളജി ഇഷ്യു സമ്മിറ്റിന്റെ രണ്ടാമത്തെ എഡിഷനില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് ചൈനീസ് നിക്ഷേപകര്‍ക്കു മുന്‍പില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനെത്തിയത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആദ്യ എഡിഷന്‍ സമ്മേളനം നടന്നത്. ഈ പരിപാടിയുടെ ഭാഗമായ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ചൈനീസ് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും നിക്ഷേപം സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വായ്പാസഹായം ലഭ്യമാക്കികൊണ്ട് ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള രണ്ട് സംരംഭകര്‍ ചേര്‍ന്ന് ആരംഭിച്ച ക്രേസിബീ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ ആദ്യ പതിപ്പില്‍ ചൈനീസ് നിക്ഷേപകരില്‍ നിന്നും 2 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. ഇതേസമയം നിക്ഷേപം സമാഹരിച്ച രണ്ടിലധികം സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ട് ക്ലോസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് നിക്ഷേപകരെന്നും സൈബര്‍ കരിയര്‍ അറിയിച്ചു.

ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വിപണിയാണെന്ന് വിശ്വസിക്കുന്ന ചൈന ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ ആകാംഷഭരിതരാണെന്നും വോംഗ് പറഞ്ഞു. ഇന്ത്യയിലെ ഫിന്‍ടെക്, സാസ് (സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്) രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് പദ്ധതിയെന്നും ഇതിനോടൊപ്പം എജുക്കേഷന്‍, ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരിഗണന നല്‍കുമെന്നും സൈബര്‍ കരിയര്‍ പ്രതിനിധികള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy