സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ടാക്‌സി ബില്‍ കുറയ്ക്കാനൊരുങ്ങുന്നു

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ടാക്‌സി ബില്‍ കുറയ്ക്കാനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും, പൊതു മേഖലാ സ്ഥാപനങ്ങളും ഗതാഗത ആവശ്യങ്ങള്‍ക്കായി യുബര്‍, ഒല പോലുള്ള പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസ് ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. ടാക്‌സി ബില്‍ ഭാരം കുറയ്ക്കുന്നതിനുവേണ്ടിയാണിത്. സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് കമ്പനികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക.

പ്രത്യേക നിരക്ക് അടിസ്ഥാനമാക്കിയുള്ള സേവനമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് യുബറും, ഓലയും ഓഫര്‍ ചെയ്തിട്ടുള്ളത്. സര്‍വീസ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്‌സ് (ജിഇഎം) രജിസ്‌ട്രേഷനോടുകൂടിയാണ് സേവനം നടത്തുന്നതെന്നും ടാക്‌സി കമ്പനികള്‍ അറിയിച്ചു. ഈ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി ഒല നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്.

കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സുതാര്യത ഉറപ്പുവരുത്തികൊണ്ട് സാധന, സേവനങ്ങള്‍ വാങ്ങുന്നതിന് കഴിഞ്ഞ മാസമാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്‌സ് ആരംഭിച്ചത്. ഒരു വര്‍ഷം 10,000 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. ടാക്‌സി കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ ടാക്‌സി സര്‍വീസ് ചാര്‍ജ് കുറച്ച് ഇത് സേവിംഗ്‌സ് ഇനത്തിലേക്ക് ക്രമീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിലവില്‍ ഒരു ടാക്‌സിക്ക് മാസം 40,000 രൂപയാണ് ചെലവ് വരുന്നത്.

മാസത്തില്‍ ടാക്‌സി കമ്പനികള്‍ സര്‍ക്കാരിന് ബില്‍ നല്‍കുമെന്നും എന്നാല്‍ നിരക്ക് വര്‍ധനവ് ഉണ്ടാകില്ലെന്നും യുബര്‍ ഒലയും സമ്മതിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും ടാക്‌സി ആവശ്യമായി വരുമെന്നും യുബറോ, ഒലയോ ഗാതഗത ആവശ്യം നിറവേറ്റുന്നതിനായി ഉപയോഗപ്പെടുത്തുമ്പോള്‍ ചെലവ് കുറയുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories