കാര്‍(ബണ്‍) വിമുക്ത ദിനത്തിന് സാക്ഷ്യം വഹിച്ച് പനമ്പിള്ളി നഗര്‍; കൊച്ചിക്ക് ഇത് പുതിയ തുടക്കം

കാര്‍(ബണ്‍) വിമുക്ത ദിനത്തിന് സാക്ഷ്യം വഹിച്ച് പനമ്പിള്ളി നഗര്‍; കൊച്ചിക്ക് ഇത് പുതിയ തുടക്കം

കൊച്ചി ഇന്നലെ കാര്‍ രഹിത നഗരമായിരുന്നു. രണ്ടായിരത്തിലേറെ ലോകനഗരങ്ങളില്‍ ആചരിക്കപ്പെടുന്ന കാര്‍വിമുക്തദിനം പനമ്പള്ളി നഗര്‍ റോഡില്‍ ഒമ്പതാം ക്രോസ് റോഡ് മുതല്‍ പതിമൂന്നാം ക്രോസ് റോഡു വരെയുള്ള ഭാഗത്താണ് ആചരിച്ചത്. ഇതാദ്യമായാണ് കൊച്ചിയില്‍ കാര്‍ വിമുക്ത ദിനം ആചരിക്കുന്നത്. നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വയോജനങ്ങളും അംഗപരിമിതരും വിവിധങ്ങളായ കളികളും നൃത്തങ്ങളും മത്സരങ്ങളുമായി കൊച്ചിയിലെ ആദ്യകാര്‍ വിമുക്തദിനം ആഘോഷിച്ചപ്പോള്‍ അത് പൊതുനിരത്തുകള്‍ കാല്‍നടക്കാര്‍ക്കും സൈക്കിളോടിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനമായി.

കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍, ഇസാഫ്, രാജഗിരി കോളെജ് ഓഫ് സോഷ്യല്‍ സയന്‍സസ്, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കൊച്ചി സിറ്റി പോലീസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങിയവരാണ് കാര്‍ വിമുക്ത ദിനാചരണത്തിന് ചുക്കാന്‍ പിടിച്ചത്. പരിപാടികളുടെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. കൊച്ചി മെട്രോ ഡയറക്ടര്‍ സിസ്റ്റംസ് പ്രവീണ്‍ ഗോയല്‍, കൊച്ചി കോര്‍പ്പറേഷന്‍ വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. ബി. സാബു, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹന്‍സ ജോണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇസാഫ് പ്രോഗ്രാം ഡയറക്ടര്‍ ജേക്കബ് സാമുവല്‍ അധ്യക്ഷത വഹിച്ചു.

സാധാരണ സമയങ്ങളില്‍ വാഹനങ്ങള്‍ കൊണ്ട് നിറയുന്ന നിരത്തില്‍ 2 മണി മുതല്‍ 6 മണി വരെ യുവസിനിമാതാരം നീരജ് മാധവ് പങ്കെടുത്ത ഫ്‌ളാഷ് മോബ്, ലൈവ് കാരിക്കേച്ചര്‍, ചിത്രരചന, ബോധവല്‍ക്കരണ പരിപാടി, കാരംസ്, ഷട്ട്ല്‍ ബാഡ്മിന്റണ്‍, സൈക്കിള്‍ റാലി, വിവിധ നാടന്‍ കളികള്‍, എയ്‌റോബിക്‌സ്, തെരുവ് നാടകം, പട്ടം പറത്തല്‍, എയ്‌റോബിക്‌സ്, കാരംസ് തുടങ്ങിയ വിനോദ പരിപാടികള്‍ സംഘടിപ്പിച്ചാണ് പനമ്പിള്ളി നഗര്‍ വാസികളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരും കാര്‍വിമുക്തദിനം ആഘോഷമാക്കിയത്. രാജഗിരി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ വൈദ്യപരിശോധനയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കൊച്ചിക്കു പിന്നാലെ മലപ്പുറത്തും ആദ്യമായി കാര്‍വിമുക്തദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃശൂരില്‍ കാര്‍വിമുക്ത ദിനം നടത്തുന്ന ഇസാഫിന് ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും പരിപാടിയുണ്ട്. ബെംഗളൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബൃഹത് ബംഗലൂരു മഹാനഗര പാലികയും സിറ്റി പോലീസുമായും ചേര്‍ന്ന് മാസം തോറും നടത്തി വന്നിരുന്ന സൈക്കിള്‍ദിനാചരണം ഇപ്പോള്‍ നാലു കമ്യൂണിറ്റികളില്‍ വീതം പ്രതിവാര പരിപാടിയായി മാറിയിട്ടുണ്ടെന്നും ഇസാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് തോമസ് പറഞ്ഞു.

Comments

comments

Categories: Life