ഗോള്‍ഫ് ഇതിഹാസം അര്‍ണോള്‍ഡ് പാമര്‍ അന്തരിച്ചു

ഗോള്‍ഫ് ഇതിഹാസം അര്‍ണോള്‍ഡ് പാമര്‍ അന്തരിച്ചു

പെന്‍സില്‍വാനിയ: ഗോള്‍ഫ് ചരിത്രത്തിലെ അമേരിക്കന്‍ ഇതിഹാസ താരം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ വെച്ച് ഞായറാഴ്ചയായിരുന്നു 87 വയസുകാരനായ പാമറുടെ അന്ത്യം. വാര്‍ധക്യ സഹജമായ അവശതകളെത്തുടര്‍ന്ന് കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

ഗോള്‍ഫിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന പാമര്‍ മുമ്പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഗോള്‍ഫ് പങ്കാളിയുമായിരുന്നു. ടെലിവിഷനിലൂടെ ഗോള്‍ഫ് ജനകീയമാക്കി മാറ്റാന്‍ സഹായിച്ചതിലൂടെ പാമര്‍ മിനിസ്‌ക്രീനിലെ സൂപ്പര്‍ സ്റ്റാറുമായി.

ഏഴ് പ്രധാന ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ തൊണ്ണൂറോളം കിരീടങ്ങള്‍ അര്‍നോള്‍ഡ് പാമര്‍ കരസ്ഥമാക്കിയിരുന്നു. 1958, 1960, 1962, 1964 വര്‍ഷങ്ങളില്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് ജേതാവായ അദ്ദേഹം 1961, 1962 സീസണുകളില്‍ ബ്രിട്ടീഷ് ഓപ്പണും 1960ല്‍ യു എസ് ഓപ്പണും സ്വന്തമാക്കി.

അര്‍നോള്‍ഡ് പാമറിനെ ഗോള്‍ഫ് ഇതിഹാസങ്ങളിലൊരാളും സഹ കളിക്കാരനുമായിരുന്ന ജാക്ക് നിക്കലോസ് അനുസ്മരിച്ചു. ഗോള്‍ഫിനെ മാറ്റിയെടുത്തതും മുന്നോട്ടു നയിച്ചതും ഇതിഹാസ താരമായ പാമറാണ്. തന്റെ അടുത്ത സുഹൃത്തായ അദ്ദേഹം തന്നോട് മത്സരിക്കാന്‍ എപ്പോഴും താത്പര്യം കാണിക്കുമായിരുന്നു. ഗോള്‍ഫിലെ രാജാവ് അന്നും ഇന്നും പാമര്‍ തന്നെയാണ്. അത് അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും-ജാക്ക് നിക്ക്‌ലോസ് പറഞ്ഞു. അര്‍ണോള്‍ഡ് പാമര്‍, ജാക്ക് നിക്ക്‌ലോസ്, ഗാരി പ്ലെയര്‍ എന്നിവര്‍ ഗോള്‍ഫിലെ ബിഗ് ത്രീ എന്നാണ് അറിയപ്പെട്ടിരുന്നത്.

അര്‍നോള്‍ഡ് പാമറിന്റെ നിര്യാണത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് തുടങ്ങിയ വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും അനുശോചിച്ചു.

Comments

comments

Categories: Sports