ആര്‍ബിഐ നയരൂപീകരണ സമിതി കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തും

ആര്‍ബിഐ നയരൂപീകരണ സമിതി കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തും

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം പുതിയ ധന നയ രൂപീകറണ സമിയുടെ രൂപീകരണത്തോടെ സൗഹാര്‍ദപരമായിരിക്കുമെന്ന് വിലയിരുത്തല്‍. ആര്‍ബിഐയുടെ പുതിയ മോണിറ്ററി പോളിസി കമ്മിറ്റിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മൂന്ന് അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നു. വായ്പാനയം സംബന്ധിച്ച തീരുമാനങ്ങള്‍ സമിതിയുടെ പരിഗണന ആകുന്നതോടെ ഇത്തരം കാര്യങ്ങളില്‍ ആര്‍ബി ഐ ഗവര്‍ണര്‍ മാത്രം വിമര്‍ശിക്കപ്പെടുന്ന സാഹചര്യം ഒഴിവാകും.

ധനനയ സമിതി ആദ്യം പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ഒക്ടോബര്‍ നാലിനാണ്. പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റശേഷമുള്ള ആദ്യമായി ധനനയം പ്രഖ്യാപനം അന്നുണ്ടാകും. നയങ്ങളിലെ സുതാര്യതയും തുടര്‍ച്ചയും ഉറപ്പാക്കുന്ന തീരുമാനങ്ങളാണ് ഒക്ടോബര്‍ നാലിന് ഉണ്ടാകുകയെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധനായ സൗമ്യകാന്തി ഘോഷ് പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ ധനനയം പ്രഖ്യാപിക്കുകയെന്നും നിരക്കുകള്‍ ഇപ്പോഴത്തെ നിലയില്‍നിന്ന് താഴോട്ടുപോകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ നയിക്കുന്ന ധനനയ സമിതിയില്‍ ചേതന്‍ ഗാട്ടെ, പാമി ദുവ, രവീന്ദ്ര ധോലാക്കിയ എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതു കൂടാതെ ആര്‍ബിഐ യുടെ ഡെപ്യൂട്ടി ഗവര്‍ണറും മറ്റൊരു ഉയര്‍ന്ന എക്‌സിക്യൂട്ടിവും സമിതിയില്‍ ഉണ്ടാകും. ആറംഗ സമിതിയില്‍ ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ട്. ഭൂരിപക്ഷ തീരുമാനത്ത ഗവര്‍ണര്‍ക്ക് വീറ്റോ ചെയ്യാന്‍ കഴിയുകയുമില്ല. ഏതെങ്കിലും തീരുമാനത്തില്‍ അംഗങ്ങള്‍ക്കിടയില്‍ തുല്യത വന്നാല്‍ മാത്രമാണ് ഗവര്‍ണറുടെ അഭിപ്രായത്തിന് സവിശേഷത ലഭിക്കുക.

ഊര്‍ജ്ജിത് പട്ടേലിനെ ഗവര്‍ണറാക്കാനുള്ള തീരുമാനം, ധനനയ സമിതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് എന്നിവയില്‍നിന്നെല്ലാം കാര്യങ്ങള്‍ ഗ്രഹിക്കാമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ ഡെല്‍ഹി ഘടകമായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിലെ സാമ്പത്തിക വിദഗ്ധന്‍ സുശീല്‍ കുമാര്‍ സിന്‍ഹ പറയുന്നു. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍മാരും പ്രധാനമന്ത്രിമാരും തമ്മില്‍ ഉരസലുകള്‍ നടന്നിട്ടുണ്ട്. ആര്‍ബിഐയുടെ 24 ഗവര്‍ണര്‍മാരില്‍ കുറഞ്ഞത് രണ്ട് പേര്‍ സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിവെച്ചത്. ധനനയ സമിതിയിലെ പുതിയ അംഗങ്ങളുടെ നിലപാടുകള്‍ എന്തായിരിക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Comments

comments

Categories: Slider, Top Stories