പതഞ്ജലി ക്ഷീര മേഖലയിലേക്ക് കടക്കും: രാംദേവ്

പതഞ്ജലി ക്ഷീര മേഖലയിലേക്ക് കടക്കും: രാംദേവ്

കര്‍ണാല്‍ (ഹരിയാന): ക്ഷീര വ്യവസായ രംഗത്തേക്ക് പതഞ്ജലി ഉടന്‍ പ്രവേശിക്കുമെന്ന് കമ്പനി ഉടമ യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യയിലെ ഡയറി ബിസിനസ് 2022 ഓടെ 5 ലക്ഷം കോടി രൂപയെന്ന മൂല്യത്തിലെത്തുമെന്നും രാംദേവ് പറഞ്ഞു.

ക്ഷീര ബിസിനസിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് പതഞ്ജലി. നടപ്പു സാമ്പത്തിക വര്‍ഷം മഹാരാഷ്ട്ര, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ മൂന്നു ഫാമുകളില്‍ പാല്‍ ഉല്‍പ്പാദനം തുടങ്ങും- ഇന്ത്യന്‍ ഡയറി ആന്‍ഡ് ഫുഡ് സെക്റ്റര്‍, വേ ഫോര്‍വേഡ് ടു മീറ്റ് ഫ്യൂച്ചര്‍ ചലഞ്ച് എന്ന വിഷയത്തെ അധികരിച്ച് കര്‍ണാലിലെ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(എന്‍ഡിആര്‍ഐ)ല്‍ നടന്ന ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കവെ രാംദേവ് വ്യക്തമാക്കി.
നിലവില്‍ ക്ഷീര ബിസിനസ് മൂന്ന് ലക്ഷം കോടി രൂപ സ്വന്തമാക്കുന്നുണ്ട്. 2022 ഓടെ ഇത് 5 ലക്ഷം കോടിക്ക് മുകളിലെത്തിക്കണം. തദ്ദേശീയ കന്നുകാലികളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്‍ഡിആര്‍ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് രാംദേവ് ചൂണ്ടിക്കാട്ടി. സ്വദേശി സന്ദേശത്തെക്കുറിച്ച് സംസാരിക്കവെ ക്ഷീര മേഖലയിലെ പ്രമുഖരായ അമുല്‍ ബ്രാന്‍ഡിനെ പുകഴ്ത്താനും രാംദേവ് മറന്നില്ല.
പിന്നീട് എന്‍ഡിആര്‍ഐയെ ചുറ്റിക്കണ്ട രാംദേവ് പാലിലെ മായം കണ്ടുപിടിക്കാന്‍ സ്ഥാപനം വികസിപ്പിച്ചെടുത്ത കിറ്റുകളുടെ അവതരണവും വീക്ഷിച്ചു. പാല്‍ ഉല്‍പ്പാദനം, സംസ്‌കരണം എന്നിവയില്‍ എന്‍ഡിആര്‍ഐ കൈവരിച്ച നേട്ടങ്ങള്‍ ഡയറക്റ്റര്‍ എ കെ ശ്രീവാസ്തവ രാംദേവിന് വിവരിച്ചുകൊടുത്തു.

Comments

comments

Categories: Branding