ഏഷ്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റം നടത്തുന്നത് ഇന്ത്യക്കാര്‍

ഏഷ്യയില്‍ നിന്ന്  യുഎസിലേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റം നടത്തുന്നത് ഇന്ത്യക്കാര്‍

 

കാലിഫോര്‍ണിയ: യുഎസില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നിയമ വിരുദ്ധ കുടിയേറ്റ സമൂഹം ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 14,000 ഇന്ത്യക്കാരാണ് ടൂറിസ്റ്റ്, ബിസിനസ് വിസകളില്‍ യുഎസിലെത്തി താമസം തുടരുന്നതെന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. നിയമ വിരുദ്ധമായി കുടിയേറ്റം നടത്തുന്ന കാര്യത്തില്‍ ഇതര ഏഷ്യന്‍ രാജ്യങ്ങളെ ഇന്ത്യ മറികടന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനപ്രകാരം 2014ല്‍ അഞ്ചുലക്ഷം ഇന്ത്യക്കാരാണ് നിയമവിരുദ്ധ കുടിയേറ്റം നടത്തിയിട്ടുള്ളത്. 2009ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനം ഉയര്‍ച്ചയാണ് കുടിയേറ്റത്തിലുണ്ടായിട്ടുള്ളത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ഏറെ വിമര്‍ശിച്ച മെക്‌സിക്കോ ഇക്കാര്യത്തില്‍ വളരയെധികം പിന്നാക്കം പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009-2014 കാലയളവില്‍ അനധികൃത കുടിയേറ്റത്തില്‍ അഞ്ചുലക്ഷത്തിന്റെ ഇടിവാണ് മെക്‌സിക്കോ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിച്ചേരുന്നത് ഇപ്പോഴും മെക്‌സിക്കോയില്‍ നിന്നാണ്. 2007ല്‍ മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം 6.9 മില്യണ്‍ ആയിരുന്നുവെങ്കില്‍ 2014 ആയപ്പോഴേക്കും ഇത് 5.8 മില്യണായി കുറഞ്ഞു.
2007ല്‍ 57 ശതമാനമായിരുന്നു മെക്‌സിക്കോയില്‍ നിന്നുള്ള മൊത്തം അനധികൃത കുടിയേറ്റം എന്നാല്‍ 2014ല്‍ ഇതു 52 ശതമാനമായി മാറി. ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍ മുതലായ രാഷ്ട്രങ്ങളും യുഎസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. പ്രകൃതിദുരന്തമടക്കമുള്ള കാരണങ്ങളാലാണ് മിക്കവരും വന്നിട്ടുള്ളതെന്നതിനാല്‍ പലര്‍ക്കും യുഎസില്‍ നിയമപരിരക്ഷ ലഭിക്കുന്നുണ്ട്. 2009-14 കാലയളവിലെ മൊത്തം അനധികൃത കുടിയേറ്റങ്ങളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് പ്യൂ റിസര്‍ച്ച് വിലയിരുത്തി. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പതിറ്റാണ്ടുകളായി ഈ നില തുടരുന്നുവെന്നും പ്യൂ റിസര്‍ച്ച് പഠനം വ്യക്തമാക്കുന്നു

നിയമപ്രകാരം യുഎസില്‍ സ്ഥിരതാമസം നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ മെക്‌സിക്കോയില്‍ നിന്നാണ് വന്നിട്ടുള്ളത്. ഇന്ത്യയ്ക്കാണ് ഇക്കാര്യത്തില്‍ മെക്‌സിക്കോയുടെ തൊട്ടുപിറകില്‍ സ്ഥാനമുള്ളത്.

Comments

comments

Categories: Slider, Top Stories