അതിര്‍ത്തിയിലുള്ള തീവ്രവാദകേന്ദ്രത്തില്‍ സൈനിക തിരിച്ചടിക്ക് ഇന്ത്യ; നടപടിക്ക് യുഎസ് പിന്തുണ

അതിര്‍ത്തിയിലുള്ള തീവ്രവാദകേന്ദ്രത്തില്‍  സൈനിക തിരിച്ചടിക്ക് ഇന്ത്യ; നടപടിക്ക് യുഎസ് പിന്തുണ

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്രതലത്തില്‍ നടത്തിയ നീക്കം വിജയം കണ്ടതോടെ, പാക് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള തീവ്രവാദത്തെ വ്യോമാക്രമണം പോലുള്ള (covert operation) നടപടിയിലൂടെ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസമ്മേളനത്തില്‍ പാകിസ്ഥാനെതിരേ ശക്തമായ ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെതിരേ നടത്തിയ പ്രചരണത്തിലൂടെ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാനും സാധിച്ചിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണു കശ്മീരില്‍ ഈ മാസം 18ന് ഉറി ആക്രമണം നടന്നത്. ഈ വര്‍ഷം ജനുവരിയില്‍ പഠാന്‍കോട്ടിലെ വ്യോമത്താവളത്തില്‍ പാക് തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടലില്‍നിന്നും ഇതുവരെ ഇന്ത്യ മോചനം നേടിയിട്ടില്ല. അതിനിടെയാണ് വീണ്ടുമൊരു ആക്രമണമുണ്ടായത്.
ഉറി ആക്രമണത്തിനു ശേഷമുള്ള കുറച്ചു ദിവസങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും വാക് യുദ്ധത്തിലേര്‍പ്പെടുകയുണ്ടായി. രൂക്ഷമായ ഭാഷയാണ് ഇരുവിഭാഗങ്ങളും ഉപയോഗിച്ചത്. കശ്മീരില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ അക്രമം അരങ്ങേറുകയാണെന്നു പാകിസ്ഥാന്‍ ആരോപിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണു പാകിസ്ഥാനെന്ന് ഇന്ത്യയും ആരോപിച്ചു. ഇതിനിടെ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇന്ത്യയ്‌ക്കെതിരേ ആണവായുധം ഉപയോഗിക്കുമെന്നു ഭീഷണി മുഴക്കിയത് സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കി.
ഇരുരാജ്യങ്ങളും നടത്തിയ ഇത്തരം ഭീഷണികളും വാക് പോരും ഒരു ഘട്ടത്തില്‍ യുദ്ധത്തിലേക്കു നയിക്കുമെന്ന പ്രതീതി വരെ ഉളവാക്കുകയുണ്ടായി. ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യത കല്‍പ്പിച്ചില്ലെങ്കിലും സംഘര്‍ഷാവസ്ഥ ദീര്‍ഘകാലത്തേയ്ക്കു നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണു നയതന്ത്രലോകം കരുതുന്നത്. മാത്രമല്ല ഇരുരാജ്യങ്ങള്‍ തമ്മില്‍ നിഴല്‍യുദ്ധം തുടരാനും സാധ്യതയേറെ കല്‍പ്പിക്കുന്നുണ്ട്.
ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെന്നതാണു യുദ്ധത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുന്ന ഘടകം. ആണവായുധം ആദ്യം പ്രയോഗിക്കുന്ന രാജ്യമായിരിക്കും തങ്ങളെന്നു പാകിസ്ഥാന്‍ വ്യക്തമാക്കുന്നില്ല. ഒരുപക്ഷേ, ഇന്ത്യയില്‍നിന്നും ഏതു തരത്തിലുള്ള ആക്രമണമുണ്ടായാലും തിരിച്ചടിക്കാന്‍ ആണവായുധം പ്രയോഗിച്ചേക്കുമെന്നു പാകിസ്ഥാന്‍ പരോക്ഷമായി ഈ നിലപാടിലൂടെ സൂചിപ്പിക്കുന്നുമുണ്ട്.
ആണവശക്തികളാകുന്നതിനു മുന്‍പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്നു യുദ്ധങ്ങളിലേര്‍പ്പെട്ട ചരിത്രമുണ്ട്. ഇൗ മൂന്ന് യുദ്ധങ്ങളും 1998നു മുന്‍പ്, ആണവായുധ രാജ്യങ്ങളെന്നു ഇരുകൂട്ടരും പ്രഖ്യാപിക്കുന്നതിനു മുന്‍പായിരുന്നു. 1999ല്‍ കശ്മീരില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ സൈനികരെ രണ്ട് മാസത്തെ നിരന്തരമായ സൈനിക നടപടിയിലൂടെ ഇന്ത്യ തുരത്തി ഓടിക്കുകയുമുണ്ടായി. പക്ഷേ, ഈ ഘട്ടത്തിലും ഇന്ത്യയ്‌ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ പാകിസ്ഥാനു പദ്ധതിയുണ്ടായിരുന്നു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ, അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഒരു ആണവ ദുരന്തമുണ്ടാകുന്നത് ഒഴിവാക്കാന്‍ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ നടത്തിയ നീക്കത്തിനൊടുവിലാണു പാകിസ്ഥാന്‍ ഈ ശ്രമത്തില്‍നിന്നും പിന്മാറിയത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ പാക് സൈന്യത്തോടു പിന്‍മാറാനും ക്ലിന്റന്‍ നിര്‍ദേശിച്ചു.
ഉറി സംഭവത്തിനു ശേഷം പാകിസ്ഥാനെതിരേ സൈനികമായി പെട്ടെന്നാരു നടപടി എടുക്കരുതെന്ന് ഇന്ത്യയുടെ സൈനിക തലവന്മാര്‍ സര്‍ക്കാരിനെ അറിയിച്ചതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ത്യ തിരിച്ചടിക്കണമെന്നു പൊതുവികാരമുയര്‍ന്നെങ്കിലും വികാരപരമായി തീരുമാനമെടുക്കരുതെന്നാണു സര്‍ക്കാരിന് വിദഗ്ധ ഉപദേശം ലഭിച്ചത്. അതേസമയം പാകിസ്ഥാനെതിരേ നയതന്ത്രതലത്തില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തീരുമാനിക്കുകയും ചെയ്തു.
പാകിസ്ഥാനെതിരേ, അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദകേന്ദ്രങ്ങളില്‍ വ്യോമാക്രമണം പോലുള്ള (covert operation) നടപടിയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യ തീരുമാനിക്കുന്നത്. ഇത്തരം നടപടി ഇന്ത്യയ്ക്ക് ഏറെ ഗുണകരവുമാണെന്നും കരുതുന്നുണ്ട്. covert operation നടത്താന്‍ ന്യൂഡല്‍ഹിക്കു വാഷിംഗ്ടണിന്റെ പരോക്ഷ പിന്തുണ ലഭിക്കുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇന്ത്യ-യുഎസ് സൈനിക സഹകരണം വര്‍ധിച്ച സാഹചര്യത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാനും യുഎസിനു സാധിക്കും. ഇത് പാകിസ്ഥാനെതിരേയുള്ള covert operationല്‍ ഇന്ത്യയ്ക്കു ഗുണകരമാവുകയും ചെയ്യുമെന്നും കരുതുന്നു.

Comments

comments

Categories: Slider, World