ഇന്ത്യ-പാക് വ്യാപാരബന്ധം: ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച ഏതു തീരുമാനത്തിനും പിന്തുണ-അസോചം

ഇന്ത്യ-പാക് വ്യാപാരബന്ധം:  ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച ഏതു തീരുമാനത്തിനും പിന്തുണ-അസോചം

 

ന്യൂഡെല്‍ഹി: ഉറി ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ വ്യാപാര ബന്ധം ഉള്‍പ്പടെയുള്ള നയതന്ത്ര കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം) അറിയിച്ചു. നിലവില്‍ അങ്ങേയറ്റം താണ അവസ്ഥയില്‍ തന്നെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം തുടരുന്നതെന്നും അസോചം നിരീക്ഷിക്കുന്നു.
ഇന്ത്യയുടെ മൊത്തം ആഗോള വ്യാപാരബന്ധത്തിന്റെ അരശതമാനം മാത്രാണ് പാക്കിസ്ഥാനുമായിട്ടുള്ളത്. 2015-16 കാലയളവിലെ കയറ്റുമതിയും ഇറക്കുമതിയും ഉള്‍പ്പടെ ഇന്ത്യ 641 ബില്യണ്‍ ഡോളറിന്റെ ആഗോള വ്യാപാരം നടത്തിയപ്പോള്‍ അതില്‍ 2.67 ബില്യണ്‍ ഡോളര്‍ മാത്രമാണ് പാക്കിസ്ഥാനുമായിട്ടുള്ളതെന്ന് അസോചം വ്യക്തമാക്കി.

ലോകവ്യാപകമായി ഇന്ത്യ നടത്തുന്ന ചരക്കുവാണിജ്യത്തിന്റെ 0.41 ശതമാനം മാത്രമാണ് പാക്കിസ്ഥാനുമായിട്ടുള്ളതെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പറഞ്ഞു. അതു കൊണ്ടു തന്നെ വ്യാപാര ബന്ധങ്ങളില്‍ കൂടുതല്‍ പരിഗണനയുള്ള രാഷ്ട്രം എന്ന നിലയ്‌ക്കോ കുറഞ്ഞ പരിഗണയുള്ള രാഷ്ട്രം എന്ന നിലയ്‌ക്കോ പാക്കിസ്ഥാനെ അടയാളപ്പെടുത്തുന്നത് ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഇന്ത്യ പാക്കിസ്ഥാന് കൂടുതല്‍ പരിഗണനയുള്ള രാഷ്ട്രം(most favourd nation-MFN) എന്ന അംഗീകാരം നല്‍കിയിരുന്നു എങ്കിലും പാക്കിസ്ഥാനിലെ ബിസിനസ് സമൂഹത്തില്‍ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ചു കോടി ഡോളറിനു താഴെ കയറ്റുമതി മാത്രമേ നടക്കുന്നുള്ളു.

രാഷ്ട്രീയമായ കാരണങ്ങളാല്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഉയരുന്നില്ലെന്ന് റാവത്ത് സൂചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ സമീപഭാവിയില്‍ ഇക്കാര്യത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. നവംബറില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള (ഐഐടിഎഫ്)യില്‍ പ്രതീകാത്മകമായി പോലും പാക്കിസ്ഥാന്റെ സാന്നിധ്യം ഇത്തവണ പ്രതീക്ഷിക്കുന്നില്ല. ഔപചാരികമായ വ്യാപാരബന്ധം പേരിനു നിലനിന്നാലും നിര്‍ത്തലാക്കിയാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യവസായ സമൂപം രാജ്യതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും അസോചം വ്യക്തമാക്കി. നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നിരിക്കെ രാജ്യത്തിന്റെ പൂര്‍ണ പിന്തുണ മോദിക്കുണ്ടെന്നും അസോചം വിശദമാക്കി.

Comments

comments

Categories: Slider, Top Stories