സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കണം : എസ്ഇഎഐ

സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കണം : എസ്ഇഎഐ

വിശാഖപട്ടണം: സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ചരക്കു സേവനനികുതി(ജിഎസ്ടി) പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎഐ)യുടെ നിയമോപദേശക സ്ഥാപനമായ ലക്ഷ്മികുമരന്‍ ആന്‍ഡ് ശ്രീധരനില്‍ പങ്കാളിയായ രാഘവന്‍ രാമഭദ്രനാണ് ഇക്കാര്യം ഉന്നയിച്ചത്. വിശാഖപട്ടണത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ഭക്ഷ്യോല്‍പ്പന്ന പ്രദര്‍ശന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഘവന്‍ രാമഭദ്രന്‍.

സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ കാര്‍ഷികോല്‍പ്പന്നങ്ങളായി വേണം പരിഗണിക്കേണ്ടതെന്ന് രാമഭദ്രന്‍ നിര്‍ദേശിച്ചു. മറൈന്‍ പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി(എംപിഇഡിഎ) നിര്‍ദിഷ്ട ജിഎസ്ടി ബില്‍ നിയമമാകുന്നതിനു മുന്‍പായി ചരക്കുസേവന നികുതിയുടെ പരിധിയില്‍ നിന്ന് സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്നവയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സമുദ്രോല്‍പ്പന്നങ്ങളുള്ളത്. സംസ്‌കരിച്ച ശേഷം വിദേശ ബ്രാന്‍ഡുകളുടെ പേരിലാണ് മിക്ക ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നത്. ഇത് ഇന്ത്യ ഉപഭോക്തൃ രാജ്യമായി തുടരാനിടയാക്കുകയാണ്. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കേടു വരാതെയിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അസംസ്‌കൃത ഉല്‍പ്പന്നങ്ങളായാണ് പുറം രാജ്യങ്ങളിലെത്തുന്നതെന്നും രാമഭദ്രന്‍ സൂചിപ്പിച്ചു.

ലോകത്തെ ഏഴാമത്തെ വലിയ സമുദ്ര ഭക്ഷ്യോല്‍പ്പാദക രാഷ്ട്രമായ ഇന്ത്യ മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനം വര്‍ധിപ്പിക്കണം. മേക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഇതു പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സമുദ്ര ഭക്ഷ്യോല്‍പ്പന്ന മേഖലയെ മുന്നോട്ടു നയിക്കാനും സാധിക്കുമെന്ന് രാമഭദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നുള്ള സമുദ്ര ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി 2020 ആകുമ്പോഴേക്കും 1000 കോടി ഡോളറാക്കുമെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy
Tags: Exempt, GST, seafood, SEAI