റെയ്ല്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണം: മുഖ്യമന്ത്രി റെയ്ല്‍ മന്ത്രിക്ക് കത്തയച്ചു

റെയ്ല്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണം: മുഖ്യമന്ത്രി റെയ്ല്‍ മന്ത്രിക്ക് കത്തയച്ചു

കൊച്ചി: കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. മുഖ്യമന്ത്രി തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ തുടര്‍ച്ചയായി സംഭവിച്ച റെയ്ല്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

സുരക്ഷിതവും ആയാസരഹിതവുമായ യാത്ര സാധ്യമാകുന്നത് റെയ്ല്‍വേ ആണെന്ന ധാരണ പൂര്‍ണമായും തിരുത്തുന്നതിലേക്കാണ് കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന റെയ്ല്‍ അപകടങ്ങള്‍ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങള്‍ ഉണ്ടായത് ആശങ്കാജനകമാണ്.
കേരളത്തില്‍ നിന്നും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത അവസ്ഥയുണ്ട്. കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പുവരുത്തുന്നില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള കോച്ചുകള്‍ കാലഹരണപ്പെട്ടതാണ്, പലതും തുരുമ്പെടുത്തവയാണ്. കൊച്ചുവേളി സ്റ്റേഷനടുത്ത് വച്ച് ഷണ്ടിങ്ങിനിടെ ബോഗികള്‍ കൂട്ടിയുരഞ്ഞപ്പോള്‍ അവയില്‍ ചിലത് തുരുമ്പെടുത്ത തകര ടിന്നുപോലെ ചിതറിയത് കോച്ചുകളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ തീവണ്ടി യാത്രക്കാര്‍ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ ശോചനീയാവസ്ഥയും മറ്റ് വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര റെയ്ല്‍വെ മന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 13ന് മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസിന്റെ എന്‍ജിന്‍ കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂരിന് അടുത്ത് തീപിടിച്ചിരുന്നു. ഓഗസ്റ്റ് 28ന് തൃശൂരിലെ കറുകുറ്റി റയില്‍വേ സ്റ്റേഷനടുത്ത് തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതായിരുന്നു രണ്ടാമത്തെ അപകടം. സെപ്്റ്റംബര്‍ 20 നായിരുന്നു അടുത്ത അപകടം. കൊല്ലം ജില്ലയില്‍ കരുനാഗപള്ളിക്കടുത്ത് ഗുഡ്‌സ് തീവണ്ടി പാളം തെറ്റി. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം – ചെന്നെ എക്‌സ്പ്രസിന് സിഗ്‌നല്‍ തകരാറുമുണ്ടായി.

Comments

comments

Categories: Slider, Top Stories