തീരദേശസംരക്ഷണം: മുംബൈയിലെ സിആര്‍ഇസഡ് നിയമം കടലാസുപുലി

തീരദേശസംരക്ഷണം:  മുംബൈയിലെ സിആര്‍ഇസഡ് നിയമം കടലാസുപുലി

 

മുംബൈ: മഹാരാഷ്ട്രയിലെ പരിസ്ഥിതി, വനം മന്ത്രാലയം രൂപം നല്‍കിയ തീരദേശ പരിപാലനനിയമം(CRZ) കടലാസുപുലിയാണെന്ന് വിലയിരുത്തല്‍. ഇക്ക്‌ണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി പ്രസിദ്ധീകരിച്ച പഠനപ്രകാരമാണ് സിആര്‍ഇസഡ് നിയമം തീരദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തല്ലെന്ന നിരീക്ഷണമുള്ളത്.

തീരദേശ പരിസ്ഥിതിയും മുംബൈയിലെ മത്സ്യബന്ധന സമൂഹവും എന്ന തലക്കെട്ടിലുള്ള ഗവേഷണത്തില്‍ സിആര്‍ഇസഡ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ തീരദേശമേഖല വളരെയധികം നഗരവത്കരണ നടപടികള്‍ക്കു വിധേയമായതായി പഠനം വ്യക്തമാക്കുന്നു. ഇതു തീരദേശ മേഖലയിലെ പരിസ്ഥിതിയെ വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുംബൈ തീരദേശ മേഖലയിലെ തദ്ദേശീയ മത്സ്യബന്ധന സമൂഹമായ കോലി സമുദായമാണ് ഏറ്റവു കൂടുതല്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിച്ചിട്ടുള്ളത്. തീരദേശ സമൂഹങ്ങളുടെ അതിജീവനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇല്ലാതെയാണ് നിയമം പ്രാവര്‍ത്തികമാക്കിയിട്ടുള്ളതെന്നും ഇത് വാണിജ്യചൂഷണത്തിനും ഭൂമി കൈയേറ്റങ്ങള്‍ക്കും കളമൊരുക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ചുവടുപറ്റിയാണ് 1991 സിആര്‍ഇസെഡ് നിയമം പ്രാബല്യത്തില്‍ വരുന്നത്. 2011ല്‍ ഇതില്‍ ഭേദഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇത് പ്രായോഗിക തലത്തില്‍ ഇനിയും നടപ്പായിട്ടില്ല. 1998ല്‍ ഗ്രേറ്റര്‍ മുംബൈ കേന്ദ്രീകരിച്ച് നടത്തിയ സര്‍വെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് തീരദേശമേഖലയെ മൂന്നു വിഭാഗങ്ങളായി തിരിച്ചു. അതീവ പ്രാധാന്യമുള്ള സിആര്‍ഇസെഡ് 1 ല്‍ 146 ചതുരശ്ര കിലോമീറ്ററും സിആര്‍ഇസഡ് 2വില്‍ 42.7 ചതുരശ്ര കിലോമീറ്ററും പാരിസ്ഥിതിക ആഘാതത്തിനു വിധേയമായതായി സര്‍വെ കണ്ടെത്തി. സിആര്‍ഇസഡ് 3ല്‍ 13.82 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് ഇത്തരത്തില്‍ കോട്ടം സംഭവിച്ചിട്ടുള്ളത്. ഇതിന്റെ വെളിച്ചത്തിലാണ് തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്കൊടുവില്‍ 2011ല്‍ 25 ഇന ഭേദഗതികളോടെ സിആര്‍ഇസഡ് നിയമം പുനരവതരിപ്പിച്ചത്. എന്നാല്‍ പുതിയ നിയമത്തില്‍ സിആര്‍ഇസ് 2 മേഖലയിലെ ചേരികളും പഴയകെട്ടിടങ്ങളും നവീകരിക്കുന്നതിനുള്ള അനുമതിയുണ്ടായിരുന്നു. മലിനീകരണം സൃഷ്ടിക്കാത്ത ഐടി അടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും സിആര്‍ഇസഡ് മേഖലയില്‍ അനുമതി ഉണ്ടായിരുന്നു. പ്രത്യേക സാമ്പത്തികമേഖലയുടെ ഭാഗമായി ബീച്ച് റിസോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനും നിയമത്തില്‍ പഴുതുണ്ട്. ഇത്തരം പദ്ധതികള്‍ക്കായി വന്‍തോതില്‍ തദ്ദേശീയ ജനത കുടിയൊഴിക്കപ്പെട്ടു.

സിആര്‍ഇസഡ് നിയമത്തിന്റെ ഘടനയില്‍ പ്രശ്‌നമുണ്ടെന്നും സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത രീതിയിലാണ് തയാറാക്കിയിട്ടുള്ളതെന്നും 2012ലെ പാണിഗ്രാഹി – മൊഹന്തി റിപ്പോര്‍ട്ടില്‍ സിആര്‍ഇസഡ് 2011നെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിആര്‍ഇസഡ് അനുബന്ധ ഏജന്‍സികള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയും തീരദേശമേഖലയിലെ പ്രശ്‌നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്താല്‍ മാത്രമെ പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാകൂവെന്ന് പഠനം നിര്‍ദേശിക്കുന്നു.മ ുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസിലെ സാമൂഹ്യശാസ്ത്ര വിഭാഗം ഗവേഷകരായ ഹേമന്ത് കുമാര്‍ ചൗഹാന്‍, ഡി പാര്‍ത്ഥസാരഥി, ശര്‍മിഷ്ഠ പട്‌നായിക് എന്നിവരാണ് പഠനം നടത്തിയിട്ടുള്ളത്.

Comments

comments

Categories: Business & Economy