ആമസോണ്‍ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കും

ആമസോണ്‍ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കും

 

ഹൈദരാബാദ്: ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കാനൊരുങ്ങുന്നു. ഇതോടെ രാജ്യത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളുടെ എണ്ണം 27 ആകുമെന്നും കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

ഉത്സവ സീസണോടനുബന്ധിച്ച് വര്‍ധിച്ചു വരുന്ന ഇ-കൊമേഴ്‌സ് ഓര്‍ഡറുകള്‍ കൃത്യതയോടെയും മികച്ച രീതിയിലും കൈകാര്യം ചെയ്യുന്നതിനായാണ് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ സേവനം ഉപയോഗിക്കുന്ന റീട്ടെയ്‌ലര്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഫുള്‍മില്‍മെന്റ് സെന്ററുകള്‍ നല്‍കുന്നത്.

പത്തു സംസ്ഥാനങ്ങളിലായി 24 ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് കമ്പനിക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 7.5 ദശലക്ഷം സംഭരണ ശേഷിയുള്ള മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി സ്ഥാപിച്ച് 27 എണ്ണമാക്കുമെന്നും, ഇന്ത്യയില്‍ ആമസോണിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പ്രൊജക്ട് എന്നും ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ നൂര്‍ പട്ടേല്‍ പറഞ്ഞു. അതേസമയം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതെവിടെയാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ പട്ടേല്‍ തയാറായില്ല.

ഡെലിവെറിക്കാവശ്യമായ കമ്പനിയുടെ തന്നെ നിയന്ത്രണത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് ആമസോണ്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും, റിലയന്‍സ് ജിയോ തരംഗം പരോക്ഷമായി പ്രതിപാദിച്ചുകൊണ്ട് ആമസോണ്‍ നേതൃത്വം ചൂണ്ടിക്കാട്ടി.

ഉത്സവസീസണോടനുബന്ധിച്ച് ആമസോണില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ച് വരെ നീളുന്ന വില്‍പ്പന മാമാങ്കം (ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍) ആരംഭിക്കും. ഇത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഇവെന്റ് ആയിരിക്കുമെന്നും കമ്പനി പറഞ്ഞു. 2015ല്‍ ദീപാവലിയോടനുബന്ധിച്ച് മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടി വില്‍പ്പന നടന്നതായും ആമസോണ്‍ അവകാശപ്പെടുന്നു.

Comments

comments

Categories: Branding