ടൂറിസം സാധ്യതകളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല: ജയ്റ്റ്‌ലി

ടൂറിസം സാധ്യതകളെ വേണ്ട രീതിയില്‍  പ്രയോജനപ്പെടുത്തുന്നില്ല: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ കാരണം ഇപ്പോഴത്തതിനെക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യത്തിനാകുമെന്നും എന്നാല്‍ ടൂറിസം മേഖല ഈ മേന്മകളെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

സാംസ്‌കാരിക വൈവിധ്യവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഇന്ത്യന്‍ ടൂറിസത്തിന് സ്വാഭാവിക സാധ്യതകള്‍ ഒരുക്കുന്നു. എന്നാല്‍ അതു വേണ്ടരീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല- ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ് 2016ന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ ജയ്റ്റ്‌ലി പറഞ്ഞു.
കുറച്ചുനാള്‍ മുന്‍പ് വരെ ഇന്ത്യയിലെ ഗതാഗത മാര്‍ഗങ്ങളായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ ഗതാഗത ശൃംഖലകള്‍ ഇപ്പോള്‍ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുമായി ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നുണ്ട്. 70 വിമാനത്താവളങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. കൂടാതെ 30-35 പ്രാദേശിക വിമാനത്താവളങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്- ജെയ്റ്റ്‌ലി വ്യക്തമാക്കി.
റെയ്ല്‍വെ സേവനങ്ങളുടെ നിലവാരം മികച്ചതാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കിവരുന്നു. ദേശീയ പാതാ വികസനവും നന്നായി പുരോഗമിക്കുന്നുണ്ട്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലേക്കായി ചരിത്ര സ്മാരകങ്ങള്‍ പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും വേണമെന്നും ജയ്റ്റ്‌ലി നിര്‍ദേശിച്ചു.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ടൂറിസം ഉച്ചകോടിയില്‍ ലോകത്തുടനീളമുള്ള നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപകരും പങ്കെടുക്കും.

Comments

comments

Categories: Business & Economy