ചോക്ലേറ്റ് വിപണി പിടിക്കാന്‍ നെസ്‌ലെ: മൊണ്ടേലസിനെയും ഫെരേരോയെയും വെല്ലുവിളിക്കും

ചോക്ലേറ്റ് വിപണി  പിടിക്കാന്‍ നെസ്‌ലെ: മൊണ്ടേലസിനെയും  ഫെരേരോയെയും  വെല്ലുവിളിക്കും

 

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ചോക്ലേറ്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ പാകത്തില്‍ നെസ്‌ലെ പുതു പദ്ധതികളൊരുക്കുന്നു. യൂറോപ്യന്‍ വിപണിയിലെ മുന്തിയ ഇനം ചോക്ലേറ്റുകളെ ഇന്ത്യയിലെത്തിച്ച് മൊണ്ടേലസിനും ഫെരേരോയ്ക്കും വെല്ലുവിളി തീര്‍ക്കാനാണ് കമ്പനിയുടെ നീക്കം. മാഗ്ഗി നിരോധനമുണ്ടാക്കിയ ക്ഷീണമകറ്റാനും നെസ്‌ലെ ഇതിലൂടെ ഉന്നമിടുന്നു.
ആഗോള ഉല്‍പ്പന്ന നിരയിലെ മുന്തിയ ചോക്ലേറ്റ് ബ്രാന്‍ഡുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് നെസ്‌ലെ ആലോചിക്കുന്നത്. ക്വാണ്ടിറ്റിയോട് നീതി പുലര്‍ത്തുന്ന വില നിലവാരവും അവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍വയ്ക്കും. അല്‍പിനോ ബ്രാന്‍ഡിനു കീഴിലാവും യൂറോപ്യന്‍ ചോക്ലേറ്റുകള്‍ ഇന്ത്യയിലെത്തിക്കുക.
പരമ്പരാഗതമായവയ്‌ക്കൊപ്പം യൂറോപ്യന്‍ നിലവാരത്തിലെ ചോക്ലേറ്റുകളും ഇന്ത്യയില്‍ അവതരിപ്പിക്കും. അല്‍പിനോ ബ്രാന്‍ഡിനു കീഴിലാവും അത്തരത്തിലെ ചോക്ലേറ്റുകളുടെ ഇന്ത്യാ പ്രവേശം- നെസ്‌ലെ ഇന്ത്യയുടെ ചോക്ലേറ്റ്‌സ് ആന്‍ഡ് കണ്‍ഫെക്ഷനറി ജനറല്‍ മാനേജര്‍ നിഖില്‍ ചന്ദ് പറഞ്ഞു. യൂറോപ്യന്‍ വിപണിയില്‍ 130 വര്‍ഷത്തെ പാരമ്പര്യമുള്ളവയാണ് ഈ ചോക്ലേറ്റുകള്‍; മില്‍ക്ക് ചോക്ലേറ്റ്, അതി മധുര ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ വകഭേദങ്ങളും.
മാഗിയോടുള്ള അമിത അശ്രിതത്വം കുറയ്ക്കുന്നതിനുവേണ്ടി കമ്പനിയുടെ ഉല്‍പ്പന്ന നിര വിപുലപ്പെടുത്തുന്ന നയത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പദ്ധതി. പത്തു രൂപ വിലവരുന്ന കിറ്റ് കാറ്റ് ഡ്യൂ ബ്രാന്‍ഡ് പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചന്ദ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചോക്ലേറ്റ് വിപണിയുടെ മൂന്നില്‍ രണ്ടു ഭാഗവും മൊണ്ടേലസിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ബിസ്‌കറ്റില്‍ പൊതിഞ്ഞ ചോക്ലേറ്റുകളുടെയും വൈറ്റ് ചോക്ലേറ്റുകളുടെയും വിപണി വിഹിതത്തിന്റെ 64 ശതമാനവും തങ്ങള്‍ക്കാണെന്ന് നെസ്‌ലെ അവകാശപ്പെടുന്നു. 2015ല്‍ 1,110 കോടി രൂപയായിരുന്നു നെസ്‌ലെയുടെ വരുമാനം. എന്നാല്‍ മൊണ്ടേലസ് 6500 കോടിയുടെ വരുമാനവുമായി ഏറെ മുന്നിലെത്തുകയുണ്ടായി. മാത്രമല്ല അവര്‍ 190 മില്ല്യണ്‍ ഡോളര്‍ മുടക്കി ആന്ധ്ര പ്രദേശില്‍ ഫാക്റ്ററിയും സ്ഥാപിച്ചിരുന്നു. ഫേരേരോയും ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തുകയും മൂലധന വര്‍ധന വരുത്തുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നെസ്‌ലെ ചോക്ലേറ്റ് ഉല്‍പ്പന്ന നിരയുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. നെസ്‌ലെ ഇന്ത്യയുടെ ഉല്‍പ്പന്ന ശൃംഖലയുടെ 12 ശതമാനവും കൈയാളുന്നത് ചോക്ലേറ്റ് വിഭാഗമാണ്. ആറു മാസത്തിനിടെ ചോക്ലേറ്റ് വിഭാഗം 1.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും കണക്കാക്കപ്പെടുന്നു.

Comments

comments

Categories: Uncategorized