മെഗാ വില്‍പ്പനയ്ക്ക് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ ഒരുങ്ങി

മെഗാ വില്‍പ്പനയ്ക്ക് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ ഒരുങ്ങി

ബെംഗളൂരു: ഒക്ടോബര്‍ ആദ്യം വാരം ആരംംഭിക്കുന്ന വാര്‍ഷിക വില്‍പ്പനയോടനുബന്ധിച്ച് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ഒരുങ്ങി കഴിഞ്ഞു. ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനു വേണ്ടി ചെലവഴിക്കുന്നതിന്റെ ഭൂരിപക്ഷ പങ്കാളിത്തം നേടാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവ. ഒക്ടോബര്‍ ആദ്യവാരം ഇവര്‍ തമ്മിലുള്ള കിട മത്സരമാണ് നടക്കാനിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നു മുതല്‍ 5 വരെ തങ്ങളുടെ വില്‍പ്പന മാമാങ്കം ആരംഭിക്കുന്നതായി ആമസോണ്‍ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌നാപ്ഡീലും ഫ്‌ളിപ്പ്കാര്‍ട്ടും ഓക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെ സെയില്‍സ് സീസണ്‍ ആരംഭിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പ്പന നേടാന്‍ കഴിയുന്ന ഉത്സവ സീസണില്‍ വാര്‍ഷിക വില്‍പ്പന മൂല്യത്തിന്റെ ഭൂരിഭാഗം പങ്കാളിത്തം കൈയാളാനാണ് മൂന്ന് കമ്പനികളുടെയും ശ്രമം.

2015 ഓക്ടോബറില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വസ്ത്രം, ഹോം ഫര്‍ണിഷിംഗ് വസ്തുക്കള്‍ തുടങ്ങി വിവിധ ഇനങ്ങളിലായി ഏകദേശം 9,000 കോടി രൂപയ്ക്കടുത്ത് മൂല്യം വരുന്ന ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ വിറ്റഴിക്കപ്പെട്ടതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തവണ ഡിസ്‌കൗണ്ടിന്റെ അമിത ഭാരം ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാരുടെ ചുമലില്‍ വെച്ച് കൊടുക്കാനുള്ള ശ്രമത്തിലാണ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനികളെന്ന് റിസര്‍ച്ച് സംരംഭമായ റെഡ്‌സീര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍ മൃഗാങ്ക് ഗുഡ്ഗുടിയ പറയുന്നു. എന്നാല്‍ വ്യാപാരികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ സമയത്തേക്ക് മാത്രമായി ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നും, ഇത് റീട്ടെയ്‌ലേഴ്‌സിന് ഉത്സവസീസണില്‍ നിരാശ നല്‍കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സായ ഷെപ്പ്ക്ലൂസും ഒക്ടോബര്‍ ഒന്നിന് മെഗാ വില്‍പ്പന ആരംഭിക്കും. ആലിബാബ പിന്തുണയ്ക്കുന്ന പേടിഎമ്മും സെയില്‍സ് സീസണ്‍ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ മൊത്തം വില്‍പ്പന മൂല്യം 10,000 കോടി രൂപയ്ക്ക് മുകളിലേക്ക് പോകില്ലെന്നാണ് റെഡ്‌സീറിന്റെ വിലയിരുത്തല്‍. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാര്‍ട്ടും, ആമസോണ്‍ ഇന്ത്യയും, സ്‌നാപ്ഡീലും ചേര്‍ന്ന് 500 മുതല്‍ 600 ദശലക്ഷം വരെ ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയത്. ഫ്‌ളിപ്പ്കാര്‍ട്ട് മാത്രമായി 300 ദശലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.

മുഖ്യ എതിരാളിയായ ആമസോണ്‍ ഇന്ത്യയ്‌ക്കെതിരെ തങ്ങളുടെ നേതൃസ്ഥാനം നിലനിര്‍ത്തികൊണ്ട് കഴിഞ്ഞ വര്‍ഷത്തെ അതേ പ്രവര്‍ത്തനം തന്നെ ഈ വര്‍ഷവും കാഴ്ച്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഈ വര്‍ഷത്തെ മെഗാ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നത് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് മുന്‍ എംഡി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയാണ്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നഷ്ടമായ സ്ഥാനം വീണ്ടെടുക്കാന്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫ്‌ളിപ്പ്കാര്‍ട്ടിനെ സഹായിച്ചിരുന്നു.

ഉത്സവസീസണോടനുബന്ധിച്ച് സ്‌നാപ്ഡീലും പുതിയ ടാഗ്‌ലൈനും, ലോഗോയും അവതരിപ്പിച്ച് റീബ്രാന്‍ഡിംഗ് നടത്തിയിരുന്നു. ‘അണ്‍ബോക്‌സ് ദീപാവലി സെയില്‍’ എന്നാണ് റീബ്രാന്‍ഡിംഗ് പ്രോഗ്രാമിനെ സ്‌നാപ്ഡീല്‍ വിശേഷിപ്പിച്ചത്. ഹോം അപ്ലെയന്‍സ്, ഇലക്ട്രോണിക്‌സ്, മൊബീല്‍, ഹോം ഫര്‍ണിഷിംഗ്‌സ് എന്നീ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി 70% ഡിസ്‌കൗണ്ടും ഓഫറുകളും സ്‌നാപ്ഡീല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 80 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് വില്‍പ്പന മത്സരം ശക്തമാക്കുന്നതിനു വേണ്ടി ആമസോണ്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. ആമസോണ്‍ പ്രൈം സര്‍വീസിലൂടെ മികച്ച ഉപഭോക്തൃ അനുഭവം സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

Comments

comments

Categories: Slider, Top Stories