ചരക്ക് സേവന നികുതി: ചര്‍ച്ച സംഘടിപ്പിച്ചു

ചരക്ക് സേവന നികുതി: ചര്‍ച്ച സംഘടിപ്പിച്ചു

കൊച്ചി: ചരക്ക് സേവന നികുതിയെ കുറിച്ചും കയറ്റുമതിക്കാര്‍ക്കുള്ള വ്യാപാര പ്രോത്സാഹന നടപടികളെ കുറിച്ചും കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് അസോസിയേഷന്റെ(എഫ്‌ഐഇഒ) ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പി.എന്‍. റാവു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. 2017 ഏപ്രില്‍ ഒന്നു മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്നും പുതിയ നികുതി സമ്പ്രദായം നിലവില്‍ വരുന്നത് കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചരക്ക് സേവന നികുതി നടപ്പാക്കുന്ന 161മത്‌ രാജ്യമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങള്‍ക്ക് ഈ സംവിധാനത്തിലുള്ള അനുഭവപരിചയം ഉപയോഗപ്പെടുത്തി സ്വാംശീകരിച്ച രൂപത്തിലാകും ഇന്ത്യ ഈ നികുതി സമ്പ്രദായം നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്ക് സേവന നികുതിക്ക് വേണ്ട ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന ജിഎസ്ടി നെറ്റ്‌വര്‍ക്കാണ് ഈ നികുതി സമ്പ്രദായത്തിന്റെ നട്ടെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ആര്‍ മുത്തുരാജ്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്റ് കമ്മീഷണര്‍ എ എന്‍ സഫീന, അഡീഷണല്‍ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എസ് അനില്‍കുമാര്‍, എഫ്‌ഐഇഒ ദക്ഷിണ മേഖലാ മുന്‍ ചെയര്‍മാന്‍ വാള്‍ട്ടര്‍ ഡിസൂസ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജോയിന്റ് ജനറല്‍ മാനേജറും മേഖലാ മേധാവിയുമായ എന്‍ ജെ റെഡ്ഡി, എഫ്‌ഐഇഒ കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ എ കെ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിച്ച കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണറും അസോചം തമിഴ്‌നാട് ടാക്‌സേഷന്‍ സമിതി ചെയര്‍മാനുമായ എം പൊന്നുസ്വാമി ചരക്ക് സേവന നികുതിയുടെ അടിസ്ഥാന തത്വങ്ങളെ പറ്റിയും, അതിന്റെ വിവിധ തലങ്ങളെ പറ്റിയും ക്ലാസെടുത്തു.

Comments

comments

Categories: Business & Economy
Tags: discussion, FIEO, GST