താരപ്പോരിന് തുടക്കം: സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ്

താരപ്പോരിന് തുടക്കം: സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ്

കൊച്ചി: സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് ആദ്യ സീസണിന്റെ ഒന്നാം ഘട്ട മത്സരങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം. കടവന്ത്രയിലെ റീജണല്‍ സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍. കഴിഞ്ഞ 17ന്       ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലീഗിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ചെന്നൈയിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് പുരുഷ ഡബിള്‍സ്, രണ്ട് വനിതാ ഡബിള്‍സ്, ഒരു മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുക.

ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ ഏറ്റുമുട്ടുന്ന ലീഗില്‍ നാല് ടീമുകളാണുള്ളത്. നടന്‍ ജയറാം നായകനായ കേരള റോയല്‍സാണ് മലയാള സിനിമാ സംഘടനയായ അമ്മയെ പ്രതിനിധീകരിക്കുന്നത്. കോളിവുഡില്‍ നിന്നുള്ള ചെന്നൈ റോക്കേഴ്‌സ്, കന്നഡ താരങ്ങളുടെ കര്‍ണാടക ആല്‍പ്‌സ്, തെലുങ്ക് അഭിനേതാക്കളുടെ ടോളിവുഡ് ടസ്‌ക്കേഴ്‌സ് എന്നിവയാണ് മറ്റ് ടീമുകള്‍.

ജയറാമിനും വൈസ് ക്യാപ്റ്റനായ നരേനുമൊപ്പം കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ നന്ദകുമാര്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നമ്പ്യാര്‍, റോസ്‌ലിന്‍ ജോളി തുടങ്ങിയ കേരള റോയല്‍സ് താരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ പരിശീലനം ആരംഭിച്ചിരുന്നു. ജോയി ആന്റണിയാണ് കേരള ടീമിന്റെ പരിശീലകന്‍.

ഒരു മാസക്കാലത്തെ പരിശീലനത്തിന് ശേഷമാണ് താരങ്ങള്‍ ലീഗ് മത്സരങ്ങള്‍ക്കായി ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ജയറാം പറഞ്ഞു. ദേശീയ തലത്തില്‍ വരെ ബാഡ്മിന്റണ്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ മറ്റ് ടീമുകളില്‍ അംഗമാണെന്നും അവരോട് ജയിക്കുക എളുപ്പമാകില്ലെന്നും അറിയിച്ച ജയറാം കേരളാ ടീമംഗങ്ങള്‍ തികഞ്ഞ ആത്മവിശ്വാത്തിലാണെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

പ്രാഥമികമായി രാജീവ് പിള്ള-അര്‍ജുന്‍ നന്ദകുമാര്‍, നരേന്‍-സൈജു കുറുപ്പ്, റോണി-കുഞ്ചാക്കോ ബോബന്‍ എന്നിവരായിരിക്കും പുരുഷ ഡബിള്‍സില്‍ ഇറങ്ങുകയെന്നും എന്നാല്‍ മറ്റ് ടീമുകളുടെ കോമ്പിനേഷന്‍ അനുസരിച്ച് കുഞ്ചാക്കോ ബോബനൊപ്പം അര്‍ജുന്‍ നന്ദകുമാര്‍ ചേര്‍ന്നേക്കുമെന്നും ജയറാം വ്യക്തമാക്കി.

മത്സര വേദിയിലേക്കുള്ള പ്രവേശനം കോംപ്ലിമെന്ററി പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. രണ്ടാംഘട്ട മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ചെന്നൈയിലെയും ബംഗളൂരുവിലെയും മത്സരവേദികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നവംബറില്‍ മലേഷ്യയില്‍ വെച്ചാണ് ഫൈനല്‍ മത്സരം.

Comments

comments

Categories: Sports