മുന്‍നിര ബ്രാന്‍ഡുകളുടെ ആകെ മൂല്യം 2 ശതമാനം ഇടിഞ്ഞു; റാങ്കിംഗില്‍ എച്ച്ഡിഎഫ്‌സി വീണ്ടും ഒന്നാമത്

മുന്‍നിര ബ്രാന്‍ഡുകളുടെ ആകെ മൂല്യം 2 ശതമാനം ഇടിഞ്ഞു;   റാങ്കിംഗില്‍ എച്ച്ഡിഎഫ്‌സി വീണ്ടും ഒന്നാമത്

 

മുംബൈ: രാജ്യത്ത് മുന്‍നിരയിലുള്ള 50 ബ്രാന്‍ഡുകളുടെ ആകെ മൂല്യത്തില്‍ ഈ വര്‍ഷം രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ ബ്രാന്‍ഡ് മൂല്യത്തിലും കുറവുണ്ടായെന്ന് ഇതു സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നു. നിലവില്‍ 90.5 ബില്ല്യണ്‍ ഡോളറാണ് രാജ്യത്തെ 50 മുന്‍നിര ബ്രാന്‍ഡുകളുടെ ആകെ മൂല്യം. കഴിഞ്ഞ വര്‍ഷമിത് 92.2 ബില്ല്യണ്‍ ഡോളറായിരുന്നു. എന്നിരുന്നാലും മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യത്തെ 50 ബ്രാന്‍ഡുകളുടെ മൂല്യം 30 ശതമാനം വര്‍ധിച്ചെന്ന് ഗവേഷണ ഏജന്‍സിയായ മില്‍വാര്‍ഡ് ബ്രൗണിന്റെ ബ്രാന്‍ഡ്‌സ് സ്റ്റഡി ചൂണ്ടിക്കാട്ടുന്നു.

ബ്രാന്‍ഡ് മൂല്യത്തില്‍ രണ്ടു ശതമാനം ഇടിവ് ഉണ്ടായതിന്റെ പ്രധാന ഉത്തരവാദികള്‍ പൊതുമേഖലാ ബാങ്കുകളാണ്. വായ്പ പ്രകടനത്തിലെ പ്രതിസന്ധി കാരണം ബാങ്കുകളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 33 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ട് 14.4 ബില്ല്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി സ്വകാര്യ ധനകാര്യ സ്ഥാപനം എച്ച്ഡിഎഫ്‌സി ബാങ്ക് റാങ്കിംഗില്‍ ഒന്നാമത് ഇടംപിടിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എച്ച്ഡിഎഫ്‌സി ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്. ടെലികമ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖരായ എയര്‍ടെല്‍, പൊതു മേഖലാ ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. നാലാം സ്ഥാനത്ത് ഏഷ്യല്‍ പെയിന്റ്‌സും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, കൊടാക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, ഹീറോ, ആക്‌സിസ് ബാങ്ക് എന്നിവയും നിലയുറപ്പിച്ചു.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് ബ്രാന്‍ഡുകളുടെ ലിസ്റ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. റീട്ടെയ്ല്‍, ഏവിയേഷന്‍ ബ്രാന്‍ഡുകളും ആദ്യമായി പട്ടികയില്‍ സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. വിമാനക്കമ്പനികളെ പ്രതിനിധീകരിച്ച് ഇന്‍ഡിഗോ (26), ജെറ്റ് എയര്‍വെയ്‌സ് (36) എന്നിവയും പട്ടികയിലെത്തി. ഇന്ത്യയിലെ 50 ബിസിനസ് വിഭാഗങ്ങളിലെ 600 ബ്രാന്‍ഡുകളുടെ 60,000 ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
റാങ്കിംഗില്‍ മുന്നിലെത്താന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബ്രാന്‍ഡുകള്‍ കഠിനാധ്വാനത്തിലായിരുന്നു. 20 ബ്രാന്‍ഡുകള്‍ റാങ്കിംഗില്‍ താഴേക്കുപോയി. കഴിഞ്ഞ രണ്ടു വര്‍ഷം റാങ്കിംഗില്‍ സുസ്ഥിരത നേടാനായ ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് ആകെ മൂല്യത്തില്‍ 35 ശതമാനം വര്‍ധന സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് കാന്റര്‍ മില്‍വാര്‍ഡ് ബ്രൗണ്‍ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്റ്റര്‍ ദിനേശ് കപൂര്‍ പറഞ്ഞു.

Comments

comments

Categories: Branding