അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതി 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കി

അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതി 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കി

ന്യൂഡൈല്‍ഹി: ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി വികസന പദ്ധതി അദാനി ഗ്രൂപ്പ് 16 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കുന്നു. കല്‍ക്കരി വിലയിടിവ് തുടരുന്നതും പദ്ധതിക്കെതിരേ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധം മാറ്റമില്ലാതെ തുടരുന്നതുമാണ് ഈ തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രാദേശികമായി ഉയര്‍ന്നുവന്ന എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറു വര്‍ഷം വൈകിക്കഴിഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 60 മില്യണ്‍ ടണ്‍ ഉല്‍പ്പാദനമെന്ന മുന്‍ ലക്ഷ്യവും കമ്പനി തിരുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 25 മില്യണ്‍ ടണ്‍ ഉല്‍പ്പാദനം മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

2017ന്റെ അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2019ഓടെ ഇന്ത്യയിലെ തങ്ങളുടെ പ്ലാന്റുകളിലേക്ക് കല്‍ക്കരി കയറ്റി അയക്കുന്നതിനാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഏഷ്യയിലെ വിപണികളില്‍ കല്‍ക്കരി വിപണനമായിരുന്നു നേരത്തേ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഉല്‍പ്പാദന ലക്ഷ്യം കുറയ്ക്കുന്നത് കമ്പനിയുടെ ചെലവിടലിലും പ്രവര്‍ത്തന മൂലധനത്തിലും കുറവു വരുത്തും.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി വികസന പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റൈടുത്തതു മുതല്‍ക്കു തന്നെ പ്രതിസന്ധികള്‍ നേരിടുകയാണ്. പദ്ധതി ഗ്രൂപ്പ് സ്വന്തമാക്കിയതിനു പിന്നാലെ കല്‍ക്കരി വിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായി. 2010ല്‍ ഒരു ടണ്ണിന് 90 ഡോളറായിരുന്നു കല്‍ക്കരിയുടെ ആഗോള തലത്തിലെ വിലയെങ്കില്‍ ഇന്നത് 67 ഡോളര്‍ മാത്രമാണ്. ഇതിനൊപ്പമാണ് പ്രാദേശിക ആവാസ വ്യവസ്ഥയെ ഖനി നിര്‍മാണവും അതിനായി റെയ്ല്‍വേ ട്രാക്ക് നിര്‍മിക്കുന്നതും തകിടം മറിക്കുമെന്ന ആരോപണവുമുയര്‍ന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും പല ബാങ്കുകളും പദ്ധതിയുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറി.

പരിസ്ഥിതി വാദികളും പ്രദേശവാസികളും നല്‍കിയ വിവിധ കേസുകളില്‍ ഇതിനിടെ ഓസ്‌ട്രേലിയന്‍ കോടതികളില്‍ നിന്ന് അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സാധിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും പദ്ധതി ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകാത്ത അവസ്ഥ സംജാതമായതായാണ് കമ്പനി വിലയിരുത്തുന്നത്. ഇതു കൂടാതെ ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഗ്രൂപ്പ് തങ്ങളുട ഫോക്കസ് കല്‍ക്കരി പ്ലാന്റുകളില്‍ നിന്നും സൗരോര്‍ജ്ജ പ്ലാന്റുകളിലേക്ക് തിരിക്കുകയും ചെയ്തു.

Comments

comments

Categories: Slider, Top Stories