വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നു

വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നു

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ടീം ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതായി മുന്‍ ചീഫ് സെലക്ടറായിരുന്ന സന്ദീപ് പാട്ടീല്‍ വെളിപ്പെടുത്തി. മറാത്തി ചാനലായ എ ബി പി മാജ്ഹക്ക് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2012 ഡിസംബര്‍ 12ന് നാഗ്പൂര്‍ ടെസ്റ്റിനിടെ ചേര്‍ന്ന ബിസിസിഐ യോഗത്തിന് ശേഷം സെലക്ടര്‍മാര്‍ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച സച്ചിനുമായി നടത്തിയിരുന്നു. എന്നാല്‍ വിരമിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിരമിച്ചില്ലെങ്കില്‍ ടീമില്‍ നിന്നും പുറത്താക്കാനാണ് സെലക്ഷന്‍ കമ്മറ്റിയുടെ ഏകകണ്ഠമായ തീരുമാനമെന്ന് തങ്ങളും അറിയിക്കുകയായിരുന്നു-പാട്ടീല്‍ പറഞ്ഞു.

തുടര്‍ന്ന് അടുത്ത കൂടിക്കാഴ്ചയില്‍ തങ്ങളോട് സച്ചിന്‍ വിരമിക്കല്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. അന്ന് സച്ചിന്‍ വിരമിക്കാന്‍ തയാറായിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുമായിരുന്നു. ബിസിസിഐ സെക്രട്ടറിയായിരുന്ന സഞ്ജയ് ജഗ്‌ഡെയ്‌ലിനെയും തന്നെയും വിളിച്ചായിരുന്നു ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം സച്ചിന്‍ അറിയിച്ചത്. സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കവെയാണ് വിരമിക്കേണ്ടി വന്നത് എന്നത് സച്ചിനെ വിഷമിപ്പിച്ചിരിക്കാം എന്നറിയിച്ച സന്ദീപ് പാട്ടീല്‍ അദ്ദേഹത്തെ വിരമിക്കലിന് പ്രേരിപ്പിക്കാന്‍ കാരണമെന്താണെന്നത് വ്യക്തമാക്കിയില്ല. 2012 ഡിസംബര്‍ 23നാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മഹേന്ദ്ര സിംഗ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കാന്‍ ആലോചനകള്‍ നടന്നിരുന്നതായും എന്നാല്‍ ലോകകപ്പ് സമയത്ത് പുതിയൊരു പരീക്ഷണത്തിന് മുതിരുന്നത് ചിലപ്പോള്‍ ടീമിന് തിരിച്ചടിയായേക്കും എന്ന കാരണത്താലാണ് അത് നടപ്പിലാക്കാതിരുന്നതെന്നും മുമ്പ് സന്ദീപ് പാട്ടീല്‍ വെളിപ്പെടുത്തിയിരുന്നു.

Comments

comments

Categories: Slider, Sports