ചൈനയുമായി ഇനിയും ഭായി ഭായി വേണ്ട

ചൈനയുമായി ഇനിയും ഭായി ഭായി വേണ്ട

ഉറി ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പാക്ക് ഹൈ കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന് ഇന്ത്യ കൈമാറിയിട്ടും, മിക്ക ലോകരാജ്യങ്ങളും പാക്കിസ്ഥാന് ഭീകരതയുടെ കയറ്റുമതിയുണ്ടെന്ന കാര്യത്തില്‍ യോജിക്കാന്‍ തയാറായിട്ടും ചൈനയ്ക്ക് മാത്രം കുലുക്കമില്ല. അത് സ്വാഭാവികമാണു താനും. കാരണം ഇന്ത്യയാണ് ചൈനയുടെ പ്രധാന ശത്രുരാജ്യങ്ങളിലൊന്ന്. എത്രതന്നെ മുഖം മിനുക്കിയുള്ള നയതന്ത്ര ബന്ധങ്ങളുണ്ടായാലും അടിസ്ഥാനപരമായുള്ള ചൈനയുടെ നിലപാട് മാറാതെ ഇന്ത്യയുമായി അവര്‍ക്കുള്ള ബന്ധം സുഗമമാകില്ല.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ചൈനീസ് പ്രീമിയര്‍ ലി കെകിയാംഗും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏത് സാഹചര്യത്തിലും പാക്കിസ്ഥാന് പൂര്‍ണ പിന്തുണയാണ് ചൈന വാഗ്ദാനം ചെയ്തത്.
ഞങ്ങള്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കും. ഞങ്ങള്‍ പാക്കിസ്ഥാന് വേണ്ടി ഏത് ഫോറത്തിലും സംസാരിക്കും-ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടാണ് ശരിയെന്നും ചൈന പറയുന്നു. അതേസമയം, യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷമായ നിലപാട് സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിയായ നയമാണ്. പാക്കിസ്ഥാന്‍ ഭീകരരാജ്യമാണെന്നും ഭീകരതയ്ക്കും ഭീകരര്‍ക്കുമായി ശതകോടികള്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ് അവരെന്നും പറഞ്ഞാണ് ഇന്ത്യ ആഞ്ഞടിച്ചത്. ഭീകരരായി യുഎന്‍ പ്രഖ്യാപിച്ചവരുള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ പാക്ക് തെരുവുകളിലൂടെ സ്വതന്ത്രരായി വ്യാപരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയ്ക്കുള്ള സന്ദേശം കൂടിയാണ് ഇത്. എന്നാല്‍ അവര്‍ക്കെതിരെ ഇതു മാത്രം പോര.
തുടര്‍ച്ചയായി ഇന്ത്യയില്‍ ഭീകരാക്രമണം അഴിച്ചുവിടുന്നതിന് ആളും അര്‍ത്ഥവും നല്‍കുന്ന പാക്കിസ്ഥാന് കുട പിടിക്കുന്ന നിലപാട് സ്വീകരിക്കുന്ന ചൈനയുമായുള്ള വ്യാപാര ബന്ധം ഇനിയും ശക്തമായി തുടരേണ്ടതുണ്ടോയെന്ന് നാം ചിന്തിക്കണം. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗമാകുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന തുരങ്കംവെച്ചതിന്റെ മുറിവുണങ്ങും മുമ്പാണ് ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് തുറന്ന പിന്തുണയുമായി ചൈനയെത്തുന്നത്. ഇനിയും ഇന്ത്യ ഉദാരമായ സമീപനം കാണിക്കേണ്ടതില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയെന്നതു തന്നെയാണ് ചൈനയുടെ നയം. അതില്‍ സംശയമൊന്നും വേണ്ട.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉദാരമായി വിപണി തുറന്നുകൊടുക്കുന്ന നയം ഇന്ത്യ ഉടന്‍ മാറ്റണം. ആ രാജ്യവുമായുള്ള വ്യാപാര ബന്ധത്തിന് മുന്‍ഗണന നല്‍കേണ്ട കാര്യവുമില്ല. ചൈനയെ സംബന്ധിച്ചടത്തോളം ഇന്ത്യ പൊന്‍മുട്ടയിടുന്ന താറാവാണ്. ഇവിടത്തെ ടെക്‌നോളജി മാര്‍ക്കറ്റില്‍ അരങ്ങുവാഴുന്ന നല്ലൊരു ശതമാനം ഉല്‍പ്പന്നങ്ങളും ചൈനയുടേത് തന്നെ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങാനും തയാറെടുക്കുന്നു. ചൈനയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയും വരവറിയിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനീസ് സര്‍ക്കാരിന് നിര്‍ണായക സ്വാധീനമുള്ള വാവെയ് (Huawei) സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ഇലക്ട്രോണിക് ആക്‌സസറീസ് രംഗത്തും ടെലികോം കമ്പനികളുടെ ബാക്ക്എന്‍ഡ് രംഗത്തും ഇന്ത്യയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇവരെയെല്ലാം ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഏകദേശം 61.5 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈന ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ ഇറക്കുമതിയുടെ 16 ശതമാനത്തോളം വരുമിത്. 19.3 ബില്ല്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്നും നമ്മള്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള അനൗദ്യോഗിക തീരുമാനങ്ങള്‍ എടുക്കുകയും പ്രചരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അത് ചൈനയെ കാര്യമായി ബാധിക്കും. മാത്രമല്ല, റിലയന്‍സ് ജിയോ, മൈക്രോമാക്‌സ് എന്നിവയെ പോലുള്ള ആഭ്യന്തര മൊബീല്‍ ഫോണ്‍ കമ്പനികളെ ഇവിടെ തന്നെ ഉല്‍പ്പാദനശാലകള്‍ തുടങ്ങാനും സാങ്കേതിക വിദ്യ ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണോ ചൈനയെ അമിതമായി ആശ്രയിക്കേണ്ടിവരുന്നത് അത്തരത്തിലുള്ളവ ഇന്ത്യയില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹചര്യം സംജാതമാകണം. ബഹിഷ്‌കരണം പൂര്‍ണ അര്‍ത്ഥത്തില്‍ പ്രായോഗികമാകില്ലെങ്കിലും ഇത്തരത്തിലെ കാംപെയ്ന്‍ തുടങ്ങാവുന്നതാണ്.

Comments

comments

Categories: Editorial, Slider