കേരള നിയമസഭ കടലാസ് രഹിതമാക്കും: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കേരള നിയമസഭ കടലാസ് രഹിതമാക്കും: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കേരളനിയമസഭ കടലാസ് രഹിതമാകാന്‍ തയാറെടുക്കുന്നതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.  മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പാകെയാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഹിമാചല്‍ പ്രദേശ് നിയമസഭയും ഇത്തരത്തില്‍ കടലാസ് രഹിതമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളവും ഈ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങളോട് ചോദ്യങ്ങള്‍ ഓണ്‍ലൈനില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത് പാലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാംഗങ്ങളെ സാങ്കേതികവിദ്യയുമായി അടുപ്പിക്കുന്നതിന് പ്രത്യേക പരിശീലന പരിപാടി ആവിഷ്‌കരിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതു പൂര്‍ത്തിയാക്കിയാല്‍ ഓരോ അംഗത്തിനും പേഴ്‌സണല്‍ കംപ്യൂട്ടര്‍ അനുവദിക്കുന്നതാണ്. ഒറ്റ മൗസ് ക്ലിക്കിലൂടെ വിവിധ മണ്ഡലങ്ങള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായമുള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കേരളനിയമസഭയില്‍ നടക്കുന്ന പ്രത്യേക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ ലോക്‌സഭാ ടിവി ചാനലിലൂടെ സംപ്രേഷണം ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ സഹായം തേടിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

സെപ്റ്റംബര്‍ 26മുതല്‍ നവംബര്‍ 10 വരെയാണ് ഇനി നിയമസഭ സമ്മേളിക്കുന്നത്.

Comments

comments

Categories: Slider, Top Stories