യുഎസ് പ്രസിഡന്റ് ഒബാമയെ ചരിത്രം എങ്ങനെ രേഖപ്പെടുത്തും ?

യുഎസ് പ്രസിഡന്റ്  ഒബാമയെ ചരിത്രം എങ്ങനെ രേഖപ്പെടുത്തും ?

ആത്മവിശ്വാസത്തിന്റെ തരംഗം സൃഷ്ടിച്ച്, ലോകത്തിന് പ്രതീക്ഷ സമ്മാനിച്ചു കൊണ്ടാണ് 2008ല്‍ അമേരിക്കയുടെ പ്രസിഡന്റായി ബരാക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണയായി പ്രസിഡന്റ് കാലാവധിയില്‍ എട്ട് വര്‍ഷം പിന്നിട്ട് സ്ഥാനത്തു നിന്നും പടിയിറങ്ങാന്‍ തയാറെടുക്കുമ്പോള്‍, ലോകം എട്ട് വര്‍ഷം മുന്‍പ് പ്രതീക്ഷയര്‍പ്പിച്ച ഒബാമയ്ക്ക് അമേരിക്കന്‍ ജനതയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചോ ?

2008ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം രാത്രി, കറുത്തവംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ചിക്കാഗോയിലെ ദി പ്രസിഡന്റ്‌സ് ലോഞ്ച് എന്നു പേരുള്ള മദ്യശാലയില്‍ ഒത്തുചേര്‍ന്നവര്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു. അമേരിക്കയ്ക്ക് കറുത്തവംശജനായ പ്രസിഡന്റിനെ ലഭിച്ചതിന്റെ സന്തോഷം ആഘോഷിച്ചപ്പോള്‍ മദ്യശാലയിലെത്തിയ അപരിചതര്‍ പോലും പരസ്പരം ആശ്ലേഷിച്ചു. നാടെങ്ങും ലഹരിയുടെ നുര പതഞ്ഞു പൊങ്ങി. തെരുവുകളില്‍ സഞ്ചരിച്ചവര്‍ ഒബാമ, ഒബാമ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഒബാമയ്ക്ക് അത്രമാത്രം സ്വീകാര്യതയുണ്ടായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി, ലോകശക്തിയായ അമേരിക്കയിലെ പരമോന്നതസ്ഥാനത്തേയ്ക്ക് അവരോധിതനായപ്പോള്‍ അമേരിക്കന്‍ ജനതയ്ക്കുണ്ടായ സന്തോഷം നിസാരമായിരുന്നില്ല.

2008ല്‍ ചിക്കോഗോയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദേശം ലഭിച്ചതിനു ശേഷം ഒബാമ നടത്തിയ പ്രസംഗം കേള്‍ക്കാള്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ചിക്കാഗോയിലെ റീഗല്‍ തീയേറ്ററിലെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞ ഒബാമയുടെ രൂപത്തില്‍ അമേരിക്കന്‍ ജനത ദര്‍ശിച്ചത് വന്‍ പ്രതീക്ഷകള്‍ മാത്രം. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ഒബാമ നടത്തിയ ശ്രമങ്ങള്‍ അത്രയൊന്നും സവിശേഷതയുള്ളതായിരുന്നില്ല. തലമുറകളായി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുഖ്യധാരാ വിഭാഗങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെയായിരുന്നു ഒബാമയും പിന്തുടര്‍ന്നത്. എങ്കിലും അദ്ദേഹത്തിന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള ഉയര്‍ച്ച വളരെ ശ്രദ്ധേയമായിരുന്നു, തിളക്കമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കഥ മതിപ്പ് ഉളവാക്കുന്നതാണ്.

അമേരിക്കന്‍ വോട്ടര്‍മാര്‍ തന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നു ഒബാമയ്ക്കു നന്നായി അറിയാമായിരുന്നു. ഇക്കാര്യം അദ്ദേഹം രാഷ്ട്രീയ ജീവിതകഥയായ the audacity of hope ല്‍ വിശദീകരിച്ചിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയമുള്ള വ്യക്തികള്‍ അവരുടെ അഭിപ്രായം പ്രകടമാക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് മുന്‍പില്‍ ശൂന്യമായൊരു സ്‌ക്രീന്‍ മാത്രമായിത്തീരാനാണ് ആഗ്രഹിക്കുന്നത്, അതോടൊപ്പം അവരില്‍ ചിലരെ നിരാശപ്പെടുത്തുമെന്നും അദ്ദേഹം പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം വിജശ്രീലാളിതനായ ഒബാമ ചിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ കുടുംബസമേതം രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍, ഇറാഖില്‍ ഒരു യുദ്ധം പരാജയപ്പെട്ട അവസ്ഥയിലും അഫ്ഗാനില്‍ നടന്ന മറ്റൊരു യുദ്ധത്തില്‍ പരാജയം രുചിച്ചു കൊണ്ടിരിക്കുകയുമായിരുന്നു അമേരിക്ക. ഇതിനു പുറമേ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് അഭിമുഖീകരിച്ച പ്രതിസന്ധി വേറെയും. പട്ടിണി രൂക്ഷമായി. ഓഹരി കമ്പോളം കൂപ്പുകുത്തി. അധികാരമേല്‍ക്കുമ്പോള്‍ ഒബാമയ്ക്കു മുന്‍പിലുണ്ടായിരുന്നത് ഇരുളടഞ്ഞ ഭാവിയായിരുന്നു എന്നു ചുരുക്കം.

2004 ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ വച്ചാണ് ഒബാമ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയ വ്യക്തിത്വമായി മാറിയത്. വിഭാഗീയതയുടെ നാളുകള്‍ക്ക് അവസാനം വരണമെന്ന നിലപാടാണ് അന്ന് ഒബാമ കണ്‍വെന്‍ഷനില്‍ വച്ച് പറഞ്ഞത്. നിറത്തിന്റെയോ മറ്റ് കാരണങ്ങളുടെയോ പേരിലുള്ള വിഭാഗീയതയെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തിരുന്നു.
ഏതെങ്കിലും ഒരു വിഭാഗത്തോടൊ രാഷ്ട്രീയ പാര്‍ട്ടിയോടോ പക്ഷപാതം കാണിക്കാതെ എല്ലാവരുടെയും സഹകരണത്തോടെ, പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു 2008ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണത്തില്‍ ഒബാമ പറഞ്ഞത്. എന്നാല്‍ ഒബാമയുടെ കാഴ്ചപ്പാടിന് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയില്ലെന്നതു പില്‍ക്കാല ചരിത്രം.

2012ല്‍ ഒബാമയുടെ പ്രസിഡന്റ് കാലാവധിയുടെ അവസാന വര്‍ഷത്തില്‍, അമേരിക്കയില്‍ പൊതുവേ പ്രചരിച്ചിരുന്ന ഒരു കാര്യമുണ്ട്. ഒബാമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം എതിരാളികള്‍ക്കു മുന്‍പില്‍ കീഴടങ്ങിയെന്നുമായിരുന്നു ഒബാമയ്‌ക്കെതിരേ പ്രചരിച്ചത്. പ്രതീക്ഷയുടെ വിളക്കേന്തിയ വ്യക്തി ലക്ഷ്യബോധമില്ലാതെ അലയുകയാണ്. 2008ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെന്നും ഒബാമയ്‌ക്കെതിരേ ആരോപണം പ്രചരിച്ചു.

എന്നാല്‍ അദ്ദേഹത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. യുഎസ് സേനയെ ഇറാഖില്‍നിന്നും പിന്‍വലിച്ചത്, ഇറാനുമായി ആണവ കരാറില്‍ ഒപ്പുവച്ചത്, ക്യൂബയുമായി നയതന്ത്രതലത്തില്‍ ഊഷ്മള ബന്ധം സ്ഥാപിച്ചത് തുടങ്ങിയവ ഒബാമയുടെ നയതന്ത്ര നേട്ടങ്ങളായി കണക്കാക്കുന്നുണ്ട്.
ആഭ്യന്തരതലത്തിലാകട്ടെ, ഒബാമ കെയര്‍ എന്ന ആരോഗ്യപരിരക്ഷയിലൂടെ ഇരുപത് മില്യന്‍ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കി. ഒബാമ 2008ല്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. 7.8% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ ഇത് 4.9%ലെത്തിക്കാന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സാധിച്ചിരിക്കുന്നു. ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന ഓട്ടോമൊബീല്‍ വ്യവസായത്തെ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തി, ഊര്‍ജ്ജമേഖലയെ പുഷ്ടിപ്പെടുത്തി, ഡ്രീം ആക്ടിലൂടെ നിയമവിരുദ്ധമായി രാജ്യത്ത് മാതാപിതാക്കളോടൊപ്പം പ്രവേശിക്കുന്ന കുട്ടികള്‍ക്കു സുരക്ഷ ഉറപ്പാക്കി.
കറുത്ത വംശജനായ ഒബാമ പ്രസിഡന്റ് പദം ഒഴിയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍, അമേരിക്കയില്‍ വര്‍ണ വെറി അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിനില്‍ക്കുന്നു എന്നത് വൈരുദ്ധ്യമാകാം. ഒബാമയുടെ ഭരണ കാലത്താണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുന്നേറ്റത്തിന് തുടക്കമിട്ടതും. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ അമേരിക്കയുടെ ചരിത്രം സാക്ഷ്യം വഹിച്ച പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് ബ്ലാക്ക് ലൈവ് മാറ്റര്‍. പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ നയങ്ങളുടെ പരിമിതിയാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കയ്ക്ക് ഒരു കറുത്ത വര്‍ഗക്കാരനെ പ്രസിഡന്റാക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയാന്‍ സാധിച്ചെങ്കിലും കറുത്തവിഭാഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനോ അവരുടെ ജീവിതമൂല്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയാനോ ഒബാമയിലൂടെ സാധിച്ചില്ലെന്നതു ന്യൂനതയായി അവശേഷിക്കും.
പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കവേ, രാജ്യത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രക്ഷുബ്ധമായിരിക്കവേ, ഒബാമയില്‍ ഒരു പക്വമതിയായ വ്യക്തിയും ഭരണാധികാരിയുമായി അമേരിക്കന്‍ വോട്ടര്‍മാര്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് റാലിയില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും തെരുവിലേക്കു പോരാട്ടം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുമ്പോഴും വൈറ്റ്ഹൗസില്‍നിന്നും അഴിമതിയുടെ ചെളി പുരണ്ട കഥകള്‍ പുറത്തുവന്നില്ലെന്നതില്‍ അവര്‍ ആശ്വാസം കണ്ടെത്തുന്നുണ്ടാകണം.
വേതനത്തില്‍ അഭിവൃദ്ധിയില്ലാതെ തൊഴിലാളികള്‍ വിഷമിക്കുമ്പോഴും വ്യവസായമേഖല തകര്‍ച്ചയിലേക്ക് മൂക്കുകുത്തുമ്പോഴും, പ്രതീക്ഷകള്‍ അസ്ഥമിക്കുമ്പോഴും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒബാമ ശ്രമിച്ചിരുന്നെന്ന കാര്യം ആര്‍ക്കും അവഗണിക്കാനാവില്ല. രൂക്ഷമായ ഭാഷ ഉപയോഗിച്ച് ഒബാമയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിക്കുമ്പോഴും ഭരണകാലാവധിയില്‍ ഗുണകരമായ കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഒബാമ.

Comments

comments

Categories: Slider, World