റഷ്യന്‍ ഇന്നൊവേഷന്‍ രംഗത്ത് 70ഓളം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു: ദിമിത്രി മെദ്വദേവ്

റഷ്യന്‍ ഇന്നൊവേഷന്‍ രംഗത്ത് 70ഓളം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു: ദിമിത്രി മെദ്വദേവ്

മോസ്‌കോ: ഏകദേശം 70ഓളം രാജ്യങ്ങള്‍ റഷ്യയിലെ ഇന്നൊവേഷന്‍, സൈന്റിഫിക് കോര്‍പറേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഈ രംഗത്തേക്ക് അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇത് സഹായകമാകുമെന്നും റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്.

’60നും 70നും ഇടയില്‍ രാജ്യങ്ങള്‍ റഷ്യയിലെ ഇന്നൊവേഷന്‍, സൈന്റിഫിക് കോര്‍പറേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചൈന, ബ്രസീല്‍, യുഎസ്, സൗദി അറേബ്യ തുടങ്ങിയ ഏത് രാജ്യത്തെ സംബന്ധിച്ചും ഇന്നൊവേഷന്‍ രംഗത്തെ വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനും ആശയവിനമയത്തിനും ഇത് വഴിയൊരുക്കുന്നു,’ ദിമിത്രി മെദ്വദേവ് പറഞ്ഞു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സയന്‍സ് പാര്‍ക്ക് ആന്‍ഡ് ഏരിയാസ് ഓഫ് ഇന്നൊവേഷന്റെ (ഐഎഎസ്പി) ആഭിമുഖ്യത്തില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയന്‍സ് പാര്‍ക്ക് ആന്‍ഡ് ഏരിയാസ് ഓഫ് ഇന്നൊവേഷന്റെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് സ്‌പെയിന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഐഎഎസ്പി. ഗ്ലോബല്‍ ഇന്നൊവേറ്റീവ് കമ്യൂണിറ്റിയില്‍ നിന്നുള്ള സാരഥികള്‍ ഇവിടെയുണ്ടെന്നും, നിരവധി അനുബന്ധ സേവനങ്ങള്‍ ഉള്‍പ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ ഒരു സയന്‍സ് പാര്‍ക്കെന്നും, ഇത്തരം ആശയവിനിമയങ്ങള്‍ വര്‍ധിച്ചുവരുമ്പോഴാണ് ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ തലങ്ങളില്‍ നിന്നാണ് അറിവ് സ്വായത്തമാക്കുന്നത്. എന്നാല്‍ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ അറിവ് നേടാനുള്ള പ്രാപ്തിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതാദ്യമായാണ് റഷ്യന്‍ തലസ്ഥാനം നാല് ദിവസം നീളുന്ന ഐഎഎസ്പി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ 33മാത് എഡിഷനാണിത്. റഷ്യ, യുഎസ്, സ്‌പെയിന്‍, ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണ കൊറിയ, ചൈന, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടെക്‌നോപാര്‍ക്ക് പ്രതിനിധികള്‍ ഉള്‍പ്പെടെ 70 രാജ്യങ്ങളില്‍ നിന്നുള്ള 1,500 പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.

‘ദ ഗ്ലോബല്‍ മൈന്‍ഡ്: ലിങ്കിംഗ് ഇന്നൊവേഷന്‍ കമ്യൂണിറ്റീസ് ഫോര്‍ ഇന്റര്‍നാഷണലൈസേഷന്‍, സസ്‌റ്റെയ്‌നബിലിറ്റി ആന്‍ഡ് ഗ്രോത്ത്’ ആണ് ഈ വര്‍ഷത്തെ ഐഎഎസ്പി കോണ്‍ഫറന്‍സിന്റെ പ്രമേയം. ആഗോള സാമ്പത്തിക വികസനത്തിന് ഇന്നൊവേഷനിലൂടെയും, സംരംഭകത്വത്തിലൂടെയും അറിവിന്റെയും സാങ്കേതികതയുടെയും രൂപമാറ്റത്തിലൂടെയും സംഭാവന നല്‍കുകയാണ് കോണ്‍ഫറന്‍സിന്റെ പ്രധാന അജണ്ട. റഷ്യയുടെ ഏറ്റവും വലിയ ഇന്നൊവേഷന്‍ ഫണ്ടായ സ്‌കോള്‍കോവോ ഫൗണ്ടേഷനാണ് കോണ്‍ഫറന്‍സിന്റെ പ്രാദേശിക സംഘാടകന്‍.

Comments

comments

Categories: Entrepreneurship