കണ്ടെയ്‌നര്‍ റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാനായി സര്‍വീസ് റോഡ്

കണ്ടെയ്‌നര്‍ റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാനായി സര്‍വീസ് റോഡ്

കൊച്ചി: കണ്ടെയ്‌നര്‍ റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കുന്ന സര്‍വീസ് റോഡിന്റെ നിര്‍മാണം ഒക്‌ടോബര്‍ ആദ്യവാരം ആരംഭിക്കാന്‍ തീരുമാനം.ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.. റോഡ് നിര്‍മാണത്തിനുള്ള കരാര്‍ സെപ്റ്റംബര്‍ 22ന് ഒപ്പുവയ്ക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി മാത്യു അറിയിച്ചു. 2.65 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. ഇതിനായി 4.7 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഒമ്പതു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.

കണ്ടെയ്‌നര്‍ സര്‍വീസ് റോഡ് വരുന്നതോടെ ഇപ്പോഴത്തെ ലോറി പാര്‍ക്കിംഗിന് അവസാനമാകുമെന്നാണ് കരുതുന്നത്. ലോറികളുടെ പാര്‍ക്കിംഗിനായി തങ്ങളുടെ പക്കലുള്ള അഞ്ചേക്കര്‍ ഭൂമി വിട്ടുകൊടുക്കാമെന്നു ഭാരത് പെട്രോളിയം കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ ഇരുനൂറോളം ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നു കരുതുന്നു. കണ്ടെയ്‌നര്‍ റോഡില്‍ വൈദ്യുതി വിളക്കു സ്ഥാപിക്കുന്നതിന് ദേശീയപാതാ അതോറിറ്റിയും കെഎസ്ഇബിയും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും ചേര്‍ന്ന് പരിശോധന നടത്തും. വാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതിനാല്‍ വൈദ്യുതി ലൈന്‍ ഏതു രീതിയില്‍ സ്ഥാപിക്കണമെന്നു ഈ പരിശോധനയില്‍ തീരുമാനമെടുക്കും.

അതേസമയം, കടമക്കുടി-മൂലമ്പിള്ളി സര്‍വീസ് റോഡിന്റെ നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി അയച്ചിട്ടുണ്ട്. 3.2 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന സര്‍വീസ് റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത നിര്‍മിക്കുന്നതിന് സാധ്യത പരിശോധിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും സവാരി നടത്തുന്നതിനും യോജ്യമായ രീതിയിലായിരിക്കണം നടപ്പാതയുടെ നിര്‍മാണം. പ്രദേശവാസികളുടെ താത്പര്യത്തിനു മുന്‍ഗണന നല്‍കിയുള്ള നടപടികളായിരിക്കും സ്വീകരിക്കുക.

രണ്ടു സര്‍വീസ് റോഡുകളുടെയും നിര്‍മാണ നടപടികളുടെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള കാലതാമസം വരാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. യോഗത്തില്‍ ദേശീയപാതാ അതോറിറ്റി, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories